സമരം ശക്തമാക്കാന്‍ കര്‍ഷകര്‍; രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ ഇന്ന് നാല് മണിക്കൂര്‍ ട്രെയിന്‍ തടയും
India
സമരം ശക്തമാക്കാന്‍ കര്‍ഷകര്‍; രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ ഇന്ന് നാല് മണിക്കൂര്‍ ട്രെയിന്‍ തടയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th March 2024, 9:19 am

ന്യൂദല്‍ഹി: പഞ്ചാബിലും ഹരിയാനയിലുമായി 60-ാളം സ്ഥലങ്ങളില്‍ ഞായറാഴ്ച ട്രെയിന്‍ തടയാനൊരുങ്ങി കര്‍ഷകര്‍. മാര്‍ച്ച് ആറിന് ദല്‍ഹിയിലേക്ക് മാര്‍ച്ച് പുനരാരംഭിച്ച കര്‍ഷകര്‍ രാജ്യവ്യാപകമായി ‘റെയില്‍ റോക്കോ’ സമരം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഉച്ചക്ക് 12 മണിമുതല്‍ വൈകിട്ട് നാല് മണിവരെയാണ് റെയില്‍ റോക്കോ പ്രതിഷേധം നടക്കുക. സമരത്തിന്റെ ഭാഗമായി ട്രെയിനിന്റെ സമയങ്ങളില്‍ വ്യത്യാസം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും സംയുക്ത കിസാന്‍ മോര്‍ച്ച എന്നീ കര്‍ഷക സംഘടനകളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. സമരത്തില്‍ ഓരോ സ്ഥലങ്ങളിലായി നൂറ് കണക്കിന് ആളുകള്‍ പങ്കെടുക്കുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

പഞ്ചാബിലെ ഫിറോസ്പൂര്‍, അമൃത്സര്‍, രൂപ്നഗര്‍, ഗുരുദാസ്പൂര്‍ ജില്ലകള്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ നൂറുകണക്കിന് കര്‍ഷകര്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിക്കുമെന്ന് കിസാന്‍ മസ്ദൂര്‍ മോര്‍ച്ച നേതാവ് സര്‍വാന്‍ സിങ് പന്ദര്‍ പറഞ്ഞു.

‘റെയില്‍ റോക്കോ’ പ്രതിഷേധത്തിന് മുന്നോടിയായി എല്ലാ അതിര്‍ത്തികളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യതകള്‍ ഉള്‍പ്പടെ ഒഴിവാക്കാന്‍ ഹരിയാനയിലെ അംബാല ജില്ലയില്‍ 144 ഏര്‍പ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു.

റെയില്‍ റോക്കോ സമരം നടക്കുന്നതിനാല്‍ ഇന്റര്‍സിറ്റി, അന്യസംസ്ഥാന ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ മാസം കര്‍ഷകര്‍ റെയില്‍വെ ട്രാക്കില്‍ കുത്തിയിരിപ്പ് സമരം നടത്തിയതിനെ തുടര്‍ന്ന് ദല്‍ഹി-അമൃത്സര്‍ റൂട്ടില്‍ നിരവധി ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചിരുന്നു.

Content Highlight: Farmers’ 4-hour ‘rail roko’ protest today, trains to face disruptions