| Sunday, 24th January 2021, 4:29 pm

'നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് പറയുന്നത് നിര്‍ത്തി അത് നടപ്പാക്കിയാലുള്ള നേട്ടത്തെപ്പറ്റി ആലോചിക്കൂ'; കര്‍ഷകരോട് നരേന്ദ്രസിംഗ് തോമര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക പ്രക്ഷോഭം ശക്തമാകുമ്പോഴും നിയമത്തെ ന്യായീകരിച്ച് കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമര്‍.

രണ്ടരമാസമായി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് മുറവിളി കൂട്ടുന്ന കര്‍ഷകര്‍ നിയമം നടപ്പാക്കിയാലുള്ള ഗുണങ്ങളെ പറ്റി മറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനെപ്പറ്റി മാത്രമാണ് കര്‍ഷകര്‍ സംസാരിക്കുന്നത്. നിയമങ്ങളുടെ നേട്ടത്തെപ്പറ്റി അവര്‍ മിണ്ടുന്നില്ല. അതിനാലാണ് ഇതുവരെ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടത്. ഞങ്ങള്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്തിരുന്നു. ഞങ്ങളുടെ നിര്‍ദ്ദേശം അവര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. അവര്‍ അത് അംഗീകരിച്ചിരുന്നെങ്കില്‍ കേന്ദ്രത്തിന് മുന്നോട്ട് പോകാമായിരുന്നു’, തോമര്‍ പറഞ്ഞു.

അതേസമയം നിയമം പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. ഇതിന്റെ ഭാഗമായി റിപ്പബ്ലിക്ക് ദിനത്തില്‍ നടത്താനിരിക്കുന്ന ട്രാക്ടര്‍ പരേഡിനായി കര്‍ഷക സംഘടനകള്‍ തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ്. പരേഡില്‍ രണ്ടുലക്ഷത്തോളം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്ന് സംഘടനകള്‍ അറിയിച്ചു. 100 കിലോമീറ്റര്‍ ട്രാക്ടര്‍ റാലിയ്ക്കായി വിപുലമായ സജ്ജീകരണങ്ങളാണ് കര്‍ഷകര്‍ ഒരുക്കിയിട്ടുള്ളത്.

ട്രാക്ടറുകളുടെ സുഗമമായ ഓട്ടത്തിനായി 2500 സന്നദ്ധ പ്രവര്‍ത്തകരെയും ക്രമീകരണങ്ങള്‍ നിയന്ത്രിക്കാന്‍ കണ്‍ട്രോള്‍ റൂമും തയ്യാറാക്കിയിട്ടുണ്ടെന്നും സംഘടനകള്‍ അറിയിച്ചു. പരേഡുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ 20 അംഗ കേന്ദ്ര സമിതിയെയും കര്‍ഷകര്‍ തെരഞ്ഞെടുത്തിട്ടുണ്ട്.

റാലിയ്ക്കിടയില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടായാല്‍ സന്നദ്ധപ്രവര്‍ത്തകരെ അറിയിക്കണമെന്ന് കര്‍ഷക നേതാക്കളില്‍ ഒരാള്‍ പറഞ്ഞു.

ട്രാക്ടറുകളുടെ പിറകില്‍ ജീപ്പിലായി സന്നദ്ധപ്രവര്‍ത്തകരുണ്ടാവുമെന്നും കര്‍ഷകര്‍ പറയുന്നു. കുടിവെള്ളം, ഭക്ഷ്യവസ്തുക്കള്‍ എന്നീ അവശ്യവസ്തുക്കളും സന്നദ്ധപ്രവര്‍ത്തകരുടെ കൈവശമുണ്ടാവുമെന്ന് ഇവര്‍ പറയുന്നു.

ഓരോ ട്രാക്ടറുകളിലും നാലോ അഞ്ചോ കര്‍ഷകര്‍ ഉണ്ടാവും. ദല്‍ഹി രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡ് അവസാനിച്ചതിന് ശേഷം പന്ത്രണ്ടുമണിയോടെയാണ് ട്രാക്ടര്‍ പരേഡ് ആരംഭിക്കുക. സിംഗു, തിക്രി, ഘാസിപുര്‍ എന്നീ അതിര്‍ത്തികളില്‍ നിന്നായിരിക്കും പരേഡിന്റെ തുടക്കം. ട്രാക്ടര്‍ പോകേണ്ട വഴികള്‍ തീരുമാനമായിട്ടില്ല.

പരേഡ് നടത്താന്‍ കഴിഞ്ഞ ദിവസം ദല്‍ഹി പൊലീസ് അനുവാദം നല്‍കിയെന്ന് കര്‍ഷക നേതാവ് അഭിമന്യു പറഞ്ഞിരുന്നു. എന്നാല്‍ കര്‍ഷകരുമായുള്ള അവസാനഘട്ട ചര്‍ച്ചയിലാണ് തങ്ങളെന്നാണ് ദല്‍ഹി പൊലീസ് അഡീഷണല്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ മിത്തല്‍ പറഞ്ഞത്.

കര്‍ഷകരുടെ ട്രാക്ടര്‍ പരേഡ് ചരിത്രമാകുമെന്ന് കിര്‍തി കിസാന്‍ യൂണിയന്‍ പ്രസിഡന്റ് നിര്‍ഭയ് സിങ്ങ് ധുഡികെ പറഞ്ഞു.

അതേസമയം കര്‍ഷകരുമായി കേന്ദ്രം നടത്തിയ പതിനൊന്നാം വട്ട ചര്‍ച്ചയും പരാജയമായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന കര്‍ഷക നേതാക്കളുടെ ആവശ്യം പൂര്‍ണ്ണമായി അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നാണ് കേന്ദ്രം പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Narendra Singh Tomar On Farm Laws
We use cookies to give you the best possible experience. Learn more