| Wednesday, 10th April 2019, 11:43 am

ബി.ജെ.പിക്ക് ആരും വോട്ട് ചെയ്യരുത്; അവരാണ് ഞങ്ങളുടെ ഈ അവസ്ഥയ്ക്ക് കാരണം; ബി.ജെ.പിക്കെതിരെ കുറിപ്പെഴുതി വെച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യരുതെന്നും അവരെ വീണ്ടും അധികാരത്തിലെത്തിക്കരുതെന്നും കുറിപ്പെഴുതി വെച്ച ശേഷം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഹരിദ്വാര്‍ ജില്ലയിലെ ദാദ്കി ഗ്രാമത്തിലെ കര്‍ഷകനായ ഈശ്വര്‍ ചന്ദ് ശര്‍മയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. 65 വയസായിരുന്നു.

” അഞ്ച് വര്‍ഷം കൊണ്ട് ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകരെ തകര്‍ത്തു കളഞ്ഞു. അവര്‍ക്ക് വോട്ട് ചെയ്യരുത്. ഇനിയും അവരെ അധികാരത്തിലെത്തിക്കരുത്. ഇനിയും അവര്‍ അധികാരത്തിലെത്തിയാല്‍ ഇവിടെ ജീവിക്കുന്ന എല്ലാവരേയും അവര്‍ ചായക്കാരാക്കും”- എന്നായിരുന്നു ഈശ്വര്‍ ചന്ദിന്റെ ആത്മഹത്യാ കുറിപ്പ്.

ബാങ്ക് വായ്പ ശരിയാക്കിത്തരമാമെന്ന് പറഞ്ഞ് ഇടനിലക്കാരന്‍ തന്നെ പറ്റിച്ചുവെന്നും ഇദ്ദേഹം ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. ബാങ്ക് ലോണ്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ഇടനിലക്കാരന്‍ തന്നെ കൊണ്ട് ബ്ലാങ്ക് ചെക്കില്‍ ഒപ്പിടുവിപ്പിച്ചെന്നും അഞ്ച് ലക്ഷം രൂപ ഈ ഇടപാടില്‍ അയാള്‍ തട്ടിയെടുത്തുവെന്നും ഇദ്ദേഹം ആരോപിക്കുന്നുണ്ട്.

കര്‍ഷിക വിളകള്‍ക്ക് ന്യായമായ ലാഭം ലഭിക്കാത്തതും വിളനാശവുമെല്ലാം കര്‍ഷകരെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. സര്‍ക്കാരിന്റെ നടപടിക്കെതിരെ വലിയ പ്രതിഷേധം നടത്തിയിരുന്നെങ്കിലും തങ്ങള്‍ക്ക് സഹായമൊന്നും ലഭിച്ചിരുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു.

അതേസമയം ഈശ്വര്‍ ചന്ദിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 17 കര്‍ഷകരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതെന്നും ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

We use cookies to give you the best possible experience. Learn more