പിണറായി സര്‍ക്കാര്‍ വന്നശേഷം കേരളത്തില്‍ 15 കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തെന്ന് സ്ഥിരീകരിച്ച് കൃഷി മന്ത്രി
Farmers Suicide
പിണറായി സര്‍ക്കാര്‍ വന്നശേഷം കേരളത്തില്‍ 15 കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തെന്ന് സ്ഥിരീകരിച്ച് കൃഷി മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th June 2019, 10:56 am

 

തിരുവനന്തപുരം: ഇടുക്കിയില്‍ പത്തും വയനാട്ടില്‍ അഞ്ചും കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍. കര്‍ഷക ആത്മഹത്യ പെരുകുന്നത് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

വയനാട്ടില്‍ നിന്നുള്ള എം.എല്‍.എയായ ഐ.സി ബാലകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നു, സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങളൊക്കെ വെറുംവാക്കായി മാറുന്നു തുടങ്ങിയ കാര്യങ്ങളായിരുന്നു അദ്ദേഹം സഭയില്‍ ഉയര്‍ത്തിയത്.

ഇതിനു മറുപടി നല്‍കുകയായിരുന്നു കൃഷി മന്ത്രി. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 15 കര്‍ഷകരാണ് ആത്മഹത്യ ചെയ്തതെന്നാണ് മന്ത്രി അറിയിച്ചത്. കര്‍ഷകര്‍ക്കുവേണ്ട സഹായങ്ങള്‍ ഉറപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. കര്‍ഷകരുടെ കാര്‍ഷിക വായ്പകള്‍ക്കു പുറമേ വിദ്യാഭ്യാസ വായ്പകള്‍ ഉള്‍പ്പെടെയുള്ള മറ്റു വായ്പകള്‍ക്കും മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ അത് നടപ്പാക്കി വരുന്നുണ്ടെന്നും കൃഷി മന്ത്രി സഭയില്‍ ഉറപ്പു നല്‍കി.

കര്‍ഷക ദ്രോഹ നടപടികള്‍ക്ക് ബാങ്കുകളെ കൃഷി മന്ത്രി വിമര്‍ശിച്ചു. സര്‍ഫാസി നിയമം ചുമത്തിക്കൊണ്ടാണ് ബാങ്കുകള്‍ കര്‍ഷകരെ ദ്രോഹിക്കുന്നത്. ഇത് പാടില്ലയെന്ന് ബാങ്കുകളോട് പലവട്ടം സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ഫാസി നിയമം ചുമത്തുന്ന ബാങ്കുകള്‍ക്കെതിരെ സര്‍ക്കാറും പ്രതിപക്ഷവും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കൃഷി മന്ത്രി ആവശ്യപ്പെട്ടു. അതിനാല്‍ അടിയന്തര പ്രമേയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് കൃഷി മന്ത്രി അറിയിച്ചു.

തുടര്‍ന്ന് സംസാരിച്ച ഐ.സി ബാലകൃഷ്ണന്‍, ആത്മഹത്യ ചെയ്ത കര്‍ഷകരുടെയെങ്കിലും കട ബാധ്യത സര്‍ക്കാര്‍ പൂര്‍ണമായി എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ടു.