ന്യൂദല്‍ഹി: കര്‍ഷകസമരം ശക്തമാകുന്ന ദല്‍ഹി അതിര്‍ത്തിയായ തിക്രിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. ജിന്ദ് സ്വദേശിയായ കര്‍ഷകനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം.
ജിന്ദ് സ്വദേശിയായ കരംവീര്‍ സിംഗാണ് മരിച്ചത്. തിക്രി അതിര്‍ത്തിയ്ക്കടുത്തുള്ള പാര്‍ക്കിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ഇദ്ദേഹത്തെ കണ്ടെത്തിയത്.
‘പ്രതിഷേധങ്ങളില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിനടുത്ത് നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്’, എസ്.എച്ച്.ഒ സുനില്‍ കുമാര്‍ അറിയിച്ചു.
ഭാരതീയ കിസാന്‍ യൂണിയന്‍ സിന്ദാബാദ് എന്നു തുടങ്ങിയ കത്താണ് മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ചത്. കര്‍ഷക സമരത്തെപ്പറ്റിയും കത്തില്‍ പരാമര്‍ശമുള്ളതായി പൊലീസ് പറഞ്ഞു.
ഭാരതീയ കിസാന്‍ യൂണിയന്‍ സിന്ദാബാദ്. പ്രിയപ്പെട്ട കര്‍ഷകരെ ചര്‍ച്ചയ്ക്കായി ഓരോ തിയതി നിശ്ചയിച്ച് മോദി സര്‍ക്കാര്‍ നമ്മളെ പറ്റിക്കുകയാണ്. ഈ കരിനിയമങ്ങള്‍ എന്ന് പിന്‍വലിക്കുമെന്ന് അറിയില്ല. എന്തായാലും ഇവ പിന്‍വലിക്കാതെ നാം വീടുകളിലേക്ക് പോകില്ല, കത്തില്‍ പറയുന്നു.
ഇതാദ്യമായല്ല കര്‍ഷകസമരത്തിനിടെ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇക്കഴിഞ്ഞ ജനുവരിയിലും സമാനമായ സംഭവം നടന്നിരുന്നു. സമരത്തിനിടെ റോഹ്തക് സ്വദേശിയായ കര്‍ഷകന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവം ഏറെ ചര്‍ച്ചയായിരുന്നു.
അതിനു മുമ്പ് 2020 ഡിസംബറില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ നിന്നുള്ള അഭിഭാഷകനും ആത്മഹത്യ ചെയ്തത് വാര്‍ത്തയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക