കേന്ദ്രത്തിന്റെ ആ അടവ് കര്‍ഷകരുടെയടുത്ത് നടക്കില്ല; ചിലതൊക്കെ എഴുതി നല്‍കാമെന്ന് പറഞ്ഞില്ലേ അതാദ്യം നടക്കട്ടേയെന്ന് കര്‍ഷക സംഘങ്ങള്‍
Farmer Protest
കേന്ദ്രത്തിന്റെ ആ അടവ് കര്‍ഷകരുടെയടുത്ത് നടക്കില്ല; ചിലതൊക്കെ എഴുതി നല്‍കാമെന്ന് പറഞ്ഞില്ലേ അതാദ്യം നടക്കട്ടേയെന്ന് കര്‍ഷക സംഘങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th December 2020, 12:05 pm

ന്യൂദല്‍ഹി: കേന്ദ്രത്തിനോട് തങ്ങള്‍  ആവശ്യപ്പെട്ട കാര്യങ്ങള്‍ ഇന്ന് എഴുതി നല്‍കാമെന്ന് പറഞ്ഞ രേഖകളില്‍ ഉണ്ടോ എന്ന് പരിശോധിച്ച ശേഷം ബാക്കി നടപടികളെന്ന് കര്‍ഷകര്‍.

” ഇന്ന് ചിലതൊക്കെ രേഖാമൂലം അയക്കുമെന്ന് അവര്‍ (സര്‍ക്കാര്‍) പറഞ്ഞു. പറഞ്ഞ കാര്യം രേഖാമൂലം ഉണ്ടെങ്കില്‍ ഞങ്ങള്‍ അത് പരിശോധിക്കുമെന്ന് അവരോട് പറഞ്ഞിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഞങ്ങളുടെ യോഗം ഉണ്ട്. വിശാലമായ ഒരു കമ്മിറ്റി ഇത് ചര്‍ച്ച ചെയ്യും,” അഖിലേന്ത്യാ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനാന്‍ മൊല്ല പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കര്‍ഷകര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇന്ന് കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് കര്‍ഷകര്‍ പറഞ്ഞിരുന്നു. നിയമങ്ങള്‍ എഴുതിനല്‍കാമെന്നുമാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്.

ഭാരത് ബന്ദിന് ലഭിച്ചുകൊണ്ടിരിക്കുന്ന വലിയ രീതിയിലുള്ള പിന്തുണയ്ക്ക് പിന്നാലെയാണ് അമിത് ഷാ കര്‍ഷകരെ കാണാന്‍ തയ്യാറായത്. ഒരു കുറുക്കുവഴിയും കൊണ്ട് വരണ്ട, നിയമം പിന്‍വലിച്ചാല്‍ മാത്രം മതിയെന്ന് കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് മുന്നേ പറഞ്ഞിരുന്നു.

ഒരു ഭാഗത്ത് തിരക്ക് പിടിച്ച് സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുമ്പോഴും കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ തുടരുകയാണ്. പ്രതിഷേധത്തിന് പിന്തുണ നല്‍കിയ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പൊലീസ് വീട്ടുതടങ്കലിലാക്കിയിരുന്നു. പ്രതിഷേധ സ്ഥലത്തേക്ക് പുറപ്പെട്ട ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെയും കസ്റ്റഡിയിലെടുത്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Farmer’s Meeting; Farmer’s Protest live updates