| Sunday, 24th January 2021, 6:10 pm

'ഈ കരിനിയമങ്ങള്‍ പിന്‍വലിക്കാന്‍ മകനോട് ഒന്ന് പറയൂ'; മോദിയുടെ അമ്മയ്ക്ക് കത്തയച്ച് കര്‍ഷകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉപദേശിക്കണമെന്നാവശ്യപ്പെട്ട് മോദിയുടെ അമ്മയ്ക്ക് കത്തയച്ച് കര്‍ഷകന്‍. രാജ്യത്തിന്റെ അന്നദാതാക്കള്‍ തെരുവില്‍ സമരം ചെയ്യാന്‍ തുടങ്ങിയിട്ട് രണ്ടു മാസമായെന്നും ഇനിയെങ്കിലും നിയമം പിന്‍വലിക്കാന്‍ മകനെ ഉപദേശിക്കുവെന്നുമായിരുന്നു കത്തില്‍ പറഞ്ഞത്. ഹര്‍പ്രീത് സിംഗ് എന്ന കര്‍ഷകനാണ് മോദിയുടെ അമ്മയായ ഹീര ബെന്നിന് കത്തയച്ചത്.

‘കഠിനമായ വേദനയോടെയാണ് താന്‍ കത്തെഴുതുന്നത്. രാജ്യത്തിന് അന്നം വിളമ്പുന്ന കര്‍ഷകര്‍ ഇന്ന് റോഡരികില്‍ സമരം ചെയ്യുകയാണ്. തൊണ്ണൂറ് വയസ്സിന് മേലെയുള്ളവരും കുട്ടികളും സ്ത്രീകളും സമരത്തിലാണ്. കഠിനമായ ശൈത്യം സമരക്കാരെ രോഗികളാക്കിക്കൊണ്ടിരിക്കുന്നു. പലരും സമരസ്ഥലത്ത് വെച്ച് തന്നെ മരിക്കുന്നു. എല്ലാത്തിനും കാരണം അദാനിയ്ക്കും അംബാനിയ്ക്കും വേണ്ടി മോദി പാസാക്കിയ നിയമങ്ങളാണ്. നിങ്ങളുടെ മകന്‍ രാജ്യത്തെ പ്രധാനമന്ത്രിയാണ്. നിയമങ്ങള്‍ പിന്‍വലിക്കാന്‍ അദ്ദേഹത്തിന് കഴിയും. കര്‍ഷകരായ ഞങ്ങളുടെ അവസ്ഥ കേള്‍ക്കാന്‍ പ്രധാനമന്ത്രിയോട് ഒന്ന് പറയണം’, ഹര്‍പ്രീത് സിംഗ് പറഞ്ഞു.

കര്‍ഷക നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ പ്രക്ഷോഭം നടത്താന്‍ തുടങ്ങിയിട്ട് രണ്ട് മാസം കഴിഞ്ഞു. നിയമം പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്.

ഇതിന്റെ ഭാഗമായി റിപ്പബ്ലിക്ക് ദിനത്തില്‍ നടത്താനിരിക്കുന്ന ട്രാക്ടര്‍ പരേഡിനായി കര്‍ഷക സംഘടനകള്‍ തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ്. പരേഡില്‍ രണ്ടുലക്ഷത്തോളം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്ന് സംഘടനകള്‍ അറിയിച്ചു. 100 കിലോമീറ്റര്‍ ട്രാക്ടര്‍ റാലിയ്ക്കായി വിപുലമായ സജ്ജീകരണങ്ങളാണ് കര്‍ഷകര്‍ ഒരുക്കിയിട്ടുള്ളത്.

ട്രാക്ടറുകളുടെ സുഗമമായ ഓട്ടത്തിനായി 2500 സന്നദ്ധ പ്രവര്‍ത്തകരെയും ക്രമീകരണങ്ങള്‍ നിയന്ത്രിക്കാന്‍ കണ്‍ട്രോള്‍ റൂമും തയ്യാറാക്കിയിട്ടുണ്ടെന്നും സംഘടനകള്‍ അറിയിച്ചു. പരേഡുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ 20 അംഗ കേന്ദ്ര സമിതിയെയും കര്‍ഷകര്‍ തെരഞ്ഞെടുത്തിട്ടുണ്ട്.

റാലിയ്ക്കിടയില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടായാല്‍ സന്നദ്ധപ്രവര്‍ത്തകരെ അറിയിക്കണമെന്ന് കര്‍ഷക നേതാക്കളില്‍ ഒരാള്‍ പറഞ്ഞു.

ട്രാക്ടറുകളുടെ പിറകില്‍ ജീപ്പിലായി സന്നദ്ധപ്രവര്‍ത്തകരുണ്ടാവുമെന്നും കര്‍ഷകര്‍ പറയുന്നു. കുടിവെള്ളം, ഭക്ഷ്യവസ്തുക്കള്‍ എന്നീ അവശ്യവസ്തുക്കളും സന്നദ്ധപ്രവര്‍ത്തകരുടെ കൈവശമുണ്ടാവുമെന്ന് ഇവര്‍ പറയുന്നു.

ഓരോ ട്രാക്ടറുകളിലും നാലോ അഞ്ചോ കര്‍ഷകര്‍ ഉണ്ടാവും. ദല്‍ഹി രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡ് അവസാനിച്ചതിന് ശേഷം പന്ത്രണ്ടുമണിയോടെയാണ് ട്രാക്ടര്‍ പരേഡ് ആരംഭിക്കുക. സിംഗു, തിക്രി, ഘാസിപുര്‍ എന്നീ അതിര്‍ത്തികളില്‍ നിന്നായിരിക്കും പരേഡിന്റെ തുടക്കം. ട്രാക്ടര്‍ പോകേണ്ട വഴികള്‍ തീരുമാനമായിട്ടില്ല.

പരേഡ് നടത്താന്‍ കഴിഞ്ഞ ദിവസം ദല്‍ഹി പൊലീസ് അനുവാദം നല്‍കിയെന്ന് കര്‍ഷക നേതാവ് അഭിമന്യു പറഞ്ഞിരുന്നു. എന്നാല്‍ കര്‍ഷകരുമായുള്ള അവസാനഘട്ട ചര്‍ച്ചയിലാണ് തങ്ങളെന്നാണ് ദല്‍ഹി പൊലീസ് അഡീഷണല്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ മിത്തല്‍ പറഞ്ഞത്.

കര്‍ഷകരുടെ ട്രാക്ടര്‍ പരേഡ് ചരിത്രമാകുമെന്ന് കിര്‍തി കിസാന്‍ യൂണിയന്‍ പ്രസിഡന്റ് നിര്‍ഭയ് സിങ്ങ് ധുഡികെ പറഞ്ഞു.

അതേസമയം കര്‍ഷകരുമായി കേന്ദ്രം നടത്തിയ പതിനൊന്നാം വട്ട ചര്‍ച്ചയും പരാജയമായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന കര്‍ഷക നേതാക്കളുടെ ആവശ്യം പൂര്‍ണ്ണമായി അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നാണ് കേന്ദ്രം പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Farmer’s Letter To Modi’s Mother To Repeal Farmers Law

We use cookies to give you the best possible experience. Learn more