| Monday, 22nd November 2021, 6:20 pm

'അതിന് ഞങ്ങളെപ്പോഴാണ് കരഞ്ഞത്?'; കാര്‍ഷിക നിയമം പിന്‍വലിച്ചപ്പോള്‍ സന്തോഷമായില്ലേയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി കര്‍ഷകന്‍, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാര്‍ഷിക നിയമം പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിട്ടും എന്തുകൊണ്ടാണ് സമരം പിന്‍വലിക്കാത്തതെന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി കര്‍ഷകന്‍. ബനാറസില്‍ നിന്നുള്ള കര്‍ഷകനാണ് എന്‍.ടിവിയിലെ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കിയത്.

കാര്‍ഷിക നിയമം പിന്‍വലിച്ചതില്‍ സന്തോഷമായില്ലേ എന്ന ചോദ്യത്തിന് അതിന് തങ്ങള്‍ എപ്പോഴാണ് കരഞ്ഞിരുന്നത് എന്നായിരുന്നു കര്‍ഷകന്റെ ചോദ്യം.

മോദിയോട് ദല്‍ഹി ഉപേക്ഷിച്ച് ഗുജറാത്തിലേക്ക് മടങ്ങണമെന്നും കര്‍ഷകന്‍ പറയുന്നു. പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടത്തിയ പ്രഖ്യാപനം പാര്‍ലമെന്റില്‍ പ്രാവര്‍ത്തികമാക്കിയാലെ സമരം അവസാനിപ്പിക്കൂ എന്നാണ് കര്‍ഷകന്‍ പറയുന്നത്.

മോദിയുടെ വാക്കുകളില്‍ വിശ്വാസമില്ലേ എന്ന ചോദ്യത്തിന് ‘ മോദിയുടെ വാക്കും കഴുതയുടെ ചവിട്ടും’ എന്ന് പറഞ്ഞാണ് കര്‍ഷകന്‍ പരിഹസിക്കുന്നത്.

കര്‍ഷകര്‍ക്ക് മേല്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുകയും രക്തസാക്ഷികളായ കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗുരുനാനാക്കിന്റെ ജന്മദിനമായ വെള്ളിയാഴ്ച അപ്രതീക്ഷിതമായ ഒരു പ്രഖ്യാപനത്തിലൂടെയാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞത്. സമരം ഒരു വര്‍ഷം തികയ്ക്കുന്നതിന് തൊട്ടുമുമ്പാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടന്നത്.

കര്‍ഷക സമരം ഒരു വര്‍ഷം തികയ്ക്കുന്ന നവംബര്‍ 26 വരെയാണ് നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിന് സമയം കൊടുത്തിരിക്കുന്നതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Farmer response to Journalist on Farm Law repeal

We use cookies to give you the best possible experience. Learn more