മുംബൈ: മഹാരാഷ്ട്രയിലെ കിസാന്‍ ലോങ് മാര്‍ച്ചിന് മുമ്പില്‍ മുട്ടുമടക്കി ഫഡ്‌നാവിസ് സര്‍ക്കാര്‍. ഇന്നലെ അഞ്ച് മണിക്കൂറോളം കര്‍ഷക നേതാക്കളുമായി മഹാരാഷ്ട്ര മന്ത്രിമാരായ ഗിരീഷ് മഹാജന്‍, ജയ്കുമാര്‍ റാവല്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ രേഖാമൂലം എഴുതി നല്‍കി. ഇതോടെ കിസാന്‍ലോങ് മാര്‍ച്ച് അവസാനിപ്പിക്കുകയാണെന്ന് ഓള്‍ ഇന്ത്യാ കിസാന്‍ സഭ അറിയിച്ചു.
സര്‍ക്കാരിന് തിരിച്ചടിയാവുമെന്നിരിക്കെ കിസാന്‍ മാര്‍ച്ചിന്റെ ഒന്നാം ദിവസം കര്‍ഷകര്‍ 14 കിലോമീറ്റര്‍ നടന്ന് അംബേവാഡയില്‍ എത്തിയപ്പോഴാണ് മന്ത്രിമാര്‍ കര്‍ഷകരുമായി ചര്‍ച്ചയ്‌ക്കെത്തിയത്.
കര്‍ഷകരെ പ്രതിനിധീകരിച്ച് ഓള്‍ ഇന്ത്യ കിസാന്‍ സഭ പ്രസിഡന്റ് അശോക് ധാവലെ, സി.പി.ഐ.എം എം.എല്‍.എ ജിവ പാണ്ഡു ഗാവിദ്, ഓള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി അജിത് നാവലെ എന്നിവരാണ് സര്‍ക്കാരുമായി ചര്‍ച്ച നടത്തിയത്.
എഴുതിത്തന്ന ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിനിറങ്ങുമെന്ന് അശോക് ധാവലെ പറഞ്ഞു. ചര്‍ച്ച വിജയകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമരം വിജയിച്ചതോടെ കര്‍ഷകര്‍ സമാപന പൊതുയോഗം ചേരുകയും ഡോ. അശോക് ധാവലെ, ഗാവിദ് എന്നിവര്‍ സംസാരിക്കുകയും ചെയ്തു.
നാസിക്കില്‍ നിന്ന് 200 കിലോമീറ്റര്‍ ദൂരമുള്ള മുംബൈ ലക്ഷ്യമാക്കി വ്യാഴാഴ്ച രാവിലെയാണ് കര്‍ഷകര്‍ റാലി ആരംഭിച്ചത്. അന്‍പതിനായിരത്തോളം കര്‍ഷകരാണ് ആദ്യ ദിനത്തില്‍ റാലിയില്‍ അണി നിരന്നത്. 2016-17 കാലത്തെ കാര്‍ഷിക കടം എഴുതിത്തള്ളുക വരള്‍ച്ചാ ദുരിതാശ്വാസം പ്രഖ്യാപിക്കുക, വന നിയമം നടപ്പാക്കുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കര്‍ഷക പെന്‍ഷന്‍ വര്‍ധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങളായിരുന്നു കര്‍ഷകര്‍ ഉന്നയിച്ചിരുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വഞ്ചനയ്‌ക്കെതിരെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രണ്ടു തവണയാണ് കര്‍ഷകര്‍ക്ക് റോഡിലിറങ്ങേണ്ടി വന്നത്.