ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധത്തിനിടെ പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിനിടെ വാഹനത്തിന് മുകളില്‍ ചാടിക്കയറി സാഹസികമായി പമ്പിംഗ് നിര്‍ത്തിവെച്ച വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്. വധശ്രമമാണ് യുവാവിനെതിരെ ചുമത്തിയത്.
ദല്‍ഹി ചലോ പ്രതിഷേധത്തിനിടെ ഹരിയാനയില്‍ വെച്ച് പൊലീസ് കര്‍ഷക മാര്‍ച്ച് തടഞ്ഞ് ജലപീരങ്കി പ്രയോഗിക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥിയായ നവ്ദീപ് വാഹനത്തിനു മേല്‍ കയറി വെള്ളം പമ്പ് ചെയ്യുന്ന ടാപ് ഓഫാക്കിയത്.
കര്‍ഷക മാര്‍ച്ചിന് നേതൃത്വം നല്‍കുന്ന നേതാക്കളിലൊരാളായ ജയ് സിംഗിന്റെ മകനാണ് നവ്ദീപ്. നിലവില്‍ നവ്ദീപിനെതിരെ ചുമത്തിയിരിക്കുന്ന വധശ്രമ കേസ് ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതിന് പുറമെയാണ് കലാപശ്രമത്തിനും കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്നും ആരോപിച്ച് മറ്റ് രണ്ട് കേസുകള്‍ കൂടി ചുമത്തിയത്.
താന്‍ ആ ടാപ്പ് അടച്ചതല്ലാതെ ഒരു ക്രിമിനല്‍ പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്ന് നവ്ദീപ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
‘പഠനത്തിന് ശേഷം കര്‍ഷക നേതാവുകൂടിയായ അച്ഛന്റെ കൂടെ കൃഷിയില്‍ സഹായിച്ചു വരികയാണ്. ഒരു നിയമവരുദ്ധ പ്രവര്‍ത്തനവും ഞാന്‍ ചെയ്തിട്ടില്ല. പ്രതിഷേധത്തിനിടെ പ്രയോഗിച്ച ജലപീരങ്കി കര്‍ഷകരെ ബുദ്ധിമുട്ടുണ്ടാക്കുന്നത് കണ്ടപ്പോള്‍ അത് ഓഫ് ചെയ്യുകയാണ് ഉണ്ടായത്,’ നവ്ദീപ് പറഞ്ഞു.
‘സമാധാനപരമായി പ്രതിഷേധിക്കുന്ന ഞങ്ങള്‍ ദല്‍ഹിയിലേക്ക് കടക്കാന്‍ അനുവദിക്കണമെന്ന് മാത്രമാണ് പറഞ്ഞത്. സര്‍ക്കാരിനെ ചോദ്യം ചെയ്യാനുള്ള എല്ലാ അവകാശവും ഞങ്ങള്‍ക്കുണ്ട്. ജനവിരുദ്ധ നയം സര്‍ക്കാര്‍ പാസാക്കിയിട്ടുണ്ടെങ്കില്‍ അതിനെതിരെ പ്രതിഷേധിക്കാനുള്ള അവകാശവുമുണ്ട്,’ നവ്ദീപ് പറഞ്ഞു.
ടാപ് ഓഫ് ചെയ്ത് ഇറങ്ങുന്നതിനിടെ ഒരു പൊലീസുകാരന്‍ തന്നെ ലാത്തികൊണ്ട് അടിച്ചതായി നേരത്തെ നവ്ദീപ് പറഞ്ഞിരുന്നു.
അംബാലയില്‍ നടന്ന പ്രതിഷേധത്തിനിടെ കര്‍ഷകര്‍ക്ക് മേല്‍ പമ്പ് ചെയ്ത ടാപ് ഓഫാക്കുന്നതിനായി വാഹനത്തിന്‍ മുകളില്‍ ചാടിക്കയറുന്ന നവ്ദീപിന്റെ വീഡിയോ സാമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.
അതേസമയം വലിയ രീതിയിലുള്ള പ്രതിഷേധത്തിനൊടുവില്‍ കര്‍ഷകരെ ദല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചു. പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക് പ്രവേശിക്കുമ്പോള്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യണമെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Farmer Protest “Hero” Who Turned Off Water Cannon Charged With Attempt To Murder