ദല്‍ഹി: സിംഘു അതിര്‍ത്തിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്ത കര്‍ഷകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ ഫത്തേഗഡ് സാഹിബിലെ അംറോഹ് ജില്ലയില്‍ താമസിക്കുന്ന ഗുര്‍പ്രീത് സിംഗ് ആണ് മരിച്ചത്.
കുണ്ഡ്ലി പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ഇയാളുടെ മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിന് പിന്നിലെ കാരണം ഇതുവരെ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
സിദ്ദുപൂരിലെ ഭാരതീയ കിസാന്‍ യൂണിയന്റെ ജഗ്ജിത് സിംഗ് ദല്ലേവല്‍ വിഭാഗവുമായി ഗുര്‍പ്രീത് സിംഗ് ബന്ധപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം, ലഖ്ബീര്‍ സിംഗ് എന്ന തൊഴിലാളിയുടെ മൃതദേഹം സിംഘു അതിര്‍ത്തിയില്‍ ബാരിക്കേഡില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഒരു കൈ വെട്ടിയ നിലയിലും മൂര്‍ച്ചയേറിയ ആയുധങ്ങളാല്‍ ഒന്നിലധികം മുറിവുകളേറ്റ നിലയിലുമായിരുന്നു മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് നിഹാംഗ് ഓര്‍ഡറിലെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 26 മുതല്‍ കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷക നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്നും മിനിമം താങ്ങുവിലയ്ക്ക് നിയമപരമായി ഗ്യാരണ്ടി നല്‍കണെമന്നും ആവശ്യപ്പെട്ടുകൊണ്ട് പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരകണക്കിന് കര്‍ഷകര്‍ സമരത്തിലാണ്.