ഗോരക്ഷാ ഗുണ്ടകള്‍ കൊലപ്പെടുത്തിയവരുടെ കുടുംബങ്ങളിലെത്തി കര്‍ഷക നേതാക്കള്‍
national news
ഗോരക്ഷാ ഗുണ്ടകള്‍ കൊലപ്പെടുത്തിയവരുടെ കുടുംബങ്ങളിലെത്തി കര്‍ഷക നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th July 2024, 8:42 am

ലഖ്നൗ: ഛത്തീസ്ഗഢില്‍ പശുക്കടത്താരോപിച്ച് ആര്‍.എസ്.എസ് ബന്ധമുള്ള ഗോരക്ഷകര്‍ കൊല്ലപ്പെടുത്തിയവരുടെ കുടുംബങ്ങളില്‍ സന്ദര്‍ശനം നടത്തി കര്‍ഷക നേതാക്കള്‍. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് കര്‍ഷക നേതാക്കള്‍ പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു.

ഉത്തര്‍പ്രദേശ് സ്വദേശികളായ ചന്ദ് മിയാന്‍ ഖാന്‍, സദ്ദാം ഖുറേഷി, തെഹ്‌സിം ഖുറേഷി എന്നിവരുടെ വീടുകളാണ് കര്‍ഷക നേതാക്കള്‍ സന്ദര്‍ശിച്ചത്. ആക്രമണം നടത്തിയവരെ നിയമത്തിന് മുമ്പിലെത്തിക്കുമെന്നും അതിനുള്ള മുഴുവന്‍ സഹായവും നല്‍കുമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കി.

അഖിലേന്ത്യ കിസാന്‍ സഭ, അഖിലേന്ത്യ കര്‍ഷകത്തൊഴിലാളി യൂണിയന്റെയും നേതാക്കളാണ് ഗോരക്ഷകര്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയവരുടെ വീട്ടിലെത്തിയത്. ധനസഹായവും നിയമ സഹായവും നല്‍കാതെ കുടുബങ്ങളെ കൈവിട്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കര്‍ഷക നേതാക്കള്‍ വിമര്‍ശനമുയര്‍ത്തി. തുടര്‍ന്ന് ലക്ഷം രൂപ വീതമുള്ള ചെക്കുകള്‍ കുടുംബങ്ങള്‍ക്ക് നേതാക്കള്‍ കൈമാറുകയും ചെയ്തു.

കിസാന്‍സഭ പ്രസിഡന്റ് അശോക് ധാവ്‌ളെ, ജനറല്‍ സെക്രട്ടറി വിജു കൃഷ്ണന്‍, ഫിനാന്‍സ് സെക്രട്ടറി പി. കൃഷ്ണ പ്രസാദ്, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി ബി. വെങ്കട്, ട്രഷറര്‍ ശിവദാസന്‍ എം.പി എന്നിവരടങ്ങിയ പ്രതിനിധി സംഘമാണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളിലെത്തിയത്.

ജൂണ്‍ ഏഴിനാണ് ഗോരക്ഷകര്‍ ഛത്തീസ്ഗഢിലെ റായ്പൂരില്‍ വെച്ച് യു.പി സ്വദേശികളെ പശുക്കടത്താരോപിച്ച് മര്‍ദിച്ചത്. റായ്പൂരിലെ മഹാനദി പാലത്തിന് സമീപത്താണ് സംഭവം നടന്നത്. ആര്‍.എസ്.എസ്-ബി.ജെ.പി ബന്ധമുള്ള പ്രതികള്‍ ബൈക്ക് തടഞ്ഞ് നിര്‍ത്തി യുവാക്കളെ തല്ലിക്കൊല്ലുകയായിരുന്നു.

ജൂണ്‍ നാലിന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഇന്ത്യയില്‍ ഉടനീളം മുസ്‌ലിങ്ങൾക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് (എ.പി.സി.ആര്‍)ന്റെതാണ് റിപ്പോര്‍ട്ട്.

കേന്ദ്രത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ മുസ്‌ലിങ്ങൾക്കെതിരായ വിദ്വേഷ പ്രചരണവും, ആള്‍ക്കൂട്ടക്കൊലകളും, അക്രമങ്ങളും വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlight: Farmer leaders reached the families of those killed by cow protection goons