|

കര്‍ഷക നേതാക്കള്‍ കസ്റ്റഡിയില്‍; ഖനൗരിയിലും ശംഭുവിലും ഇന്റര്‍നെറ്റ് വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: പഞ്ചാബില്‍ കര്‍ഷക നേതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍. മിനിമം താങ്ങുവില ഉള്‍പ്പെടെ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിര നിരാഹാരമിരിക്കുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച നേതാവ് സര്‍വണ്‍ സിങ് പാന്ഥര്‍ തുടങ്ങിയവര്‍ കസ്റ്റഡിയിലാണെന്നാണ് വിവരം.

കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ചണ്ഡീഗഡില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജഗത്പുരയില്‍ വെച്ചാണ് കര്‍ഷക നേതാക്കളെ പൊലീസ് തടഞ്ഞത്. തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ആംബുലന്‍സ് എത്തിച്ചാണ് ദല്ലേവാളിനെ കസ്റ്റഡിയിലെടുത്തത്.

കര്‍ഷക നേതാക്കളുടെ വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കസ്റ്റഡി സംബന്ധിച്ച വിവരങ്ങളിൽ കൂടുതൽ വ്യക്തതയില്ല. നേതാക്കള്‍ക്കെതിരായ നടപടിയെ തുടര്‍ന്ന് പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ വ്യാപകമായി പ്രതിഷേധിക്കുകയാണ്.

നിലവിൽ വലിയ പൊലീസ് സന്നാഹത്തെയാണ് അതിര്‍ത്തികളില്‍ വിന്യസിച്ചിരിക്കുന്നത്. ഖനൗരിയിലും ശംഭുവിലും ഇന്റര്‍നെറ്റ് വിലക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, മന്ത്രി പീയൂഷ് ഗോയല്‍, മന്ത്രി പ്രഹ്‌ലാദ് ജോഷി എന്നിവരുമായാണ് കര്‍ഷകര്‍ ചര്‍ച്ച നടത്തിയത്. കെ.എം.എമ്മിന്റെയും സംയുക്ത് കിസാന്‍ മോര്‍ച്ചയുടെയും (രാഷ്ട്രീയേതര) 28 അംഗ പ്രതിനിധി സംഘമാണ് മന്ത്രിമാരെ സമീപിച്ചത്. പഞ്ചാബ് ധനകാര്യ മന്ത്രി ഹര്‍പാല്‍ സിങ് ചീമ, സംസ്ഥാന കൃഷി മന്ത്രി ഗുര്‍മീത് സിങ് ഖുഡ്ഡിയന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

കേന്ദ്ര പ്രതിനിധികളുമായി കര്‍ഷക നേതാക്കള്‍ നടത്തുന്ന ഏഴാം റൗണ്ട് ചര്‍ച്ചയായിരുന്നു ഇത്. എന്നാല്‍ ചര്‍ച്ച പരാജപ്പെടുകയാണ് ഉണ്ടായത്. മെയ് നാലിന് കേന്ദ്രനേതൃത്വവമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് കര്‍ഷകര്‍ അറിയിച്ചു.

2024 ഫെബ്രുവരി 13 മുതല്‍ പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു, ഖനൗരി അതിര്‍ത്തികളില്‍ കര്‍ഷകര്‍ പ്രതിഷേധിച്ച് വരികയാണ്. കര്‍ഷകരുടെ ഒന്നാംഘട്ട സമരത്തിന് വലിയ ജനപിന്തുണയുണ്ടായെങ്കിലും രണ്ടാംഘട്ട സമരം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.

കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ഉടന്‍ പരിഹാരം ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്ന് സര്‍വണ്‍ സിങ് പാന്ഥര്‍ പ്രതികരിച്ചു.

Content Highlight: Farmer leaders in custody; Internet banned in Khanauri and Shambhu