മാര്‍ച്ച് പത്തിന് നാല് മണിക്കൂര്‍ 'റെയില്‍ റോക്കോ' പ്രതിഷേധം; പ്രക്ഷോഭം ശക്തമാക്കാൻ കര്‍ഷക നേതാക്കള്‍
NATIONALNEWS
മാര്‍ച്ച് പത്തിന് നാല് മണിക്കൂര്‍ 'റെയില്‍ റോക്കോ' പ്രതിഷേധം; പ്രക്ഷോഭം ശക്തമാക്കാൻ കര്‍ഷക നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th March 2024, 9:08 am

ചണ്ഡീഗഡ്: രാജ്യവ്യാപകമായി പ്രതിഷേധം നടത്താന്‍ ആഹ്വാനവുമായി കര്‍ഷക നേതാക്കള്‍. മാര്‍ച്ച് ആറിന് ഇന്ത്യയൊട്ടാകെ കര്‍ഷകര്‍ പ്രതിഷേധ സദസുകള്‍ സംഘടിപ്പിക്കണമെന്ന് നേതാക്കള്‍ ആഹ്വാനം നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കര്‍ഷക നേതാക്കളായ സര്‍വാന്‍ സിങ് പന്ദേറും ജഗ്ജിത് സിങ് ദല്ലേവാളും മാര്‍ച്ച് ആറിന് കര്‍ഷകരോട് ദല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് 10ന് രാജ്യവ്യാപകമായി നാല് മണിക്കൂര്‍ ‘റെയില്‍ റോക്കോ’ പ്രതിഷേധം നടത്തുമെന്നും കര്‍ഷക നേതാക്കള്‍ ആഹ്വാനം ചെയ്തു.

പഞ്ചാബിലെ എല്ലാ പഞ്ചായത്തുകളും കര്‍ഷകരുടെ ആവശ്യങ്ങളെ പിന്തുണച്ച് പ്രമേയം പാസാക്കണമെന്നും ഓരോ ഗ്രാമങ്ങളില്‍ നിന്നും ട്രാക്ടര്‍ ട്രോളികള്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രതിഷേധ റാലി അതിര്‍ത്തിയിലെത്തുമെന്നും സര്‍വാന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബി.ജെ.പി ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം കളിക്കുകയാണെന്നും സര്‍വാന്‍ വിമര്‍ശനം ഉയര്‍ത്തി. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കേന്ദ്ര സര്‍ക്കാരിന്റെ അജണ്ടയിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അവസാന ശ്വാസം വരെ ഞങ്ങള്‍ക്ക് പോരാടേണ്ടിവരും. ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറുന്നത് വരെ ശക്തമായി പോരാടും.’ എന്ന് ദല്ലേവാള്‍ ഊന്നിപ്പറഞ്ഞു.

കര്‍ഷകരുടെ പ്രക്ഷോഭം പഞ്ചാബില്‍ മാത്രം ഒതുങ്ങുന്നുവെന്ന് അവകാശപ്പെടുന്നവര്‍ എന്തിനാണ് ഹരിയാനയുടെ അതിര്‍ത്തികളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതെന്നും ദല്ലേവാള്‍ ചോദ്യമുയര്‍ത്തി.

കഴിഞ്ഞ ദിവസങ്ങളില്‍ ഹരിയാന പൊലീസ് ഉപയോഗിച്ചതുപോലെ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് നേരെ കേന്ദ്ര സര്‍ക്കാര്‍ മുമ്പ് ഡ്രോണുകള്‍ ഉപയോഗിച്ചിട്ടില്ലെന്ന് സര്‍വാന്‍ സിങ് ചൂണ്ടിക്കാട്ടി. ശംഭുവിലെയും ഖനൗരിയയിലെയും കര്‍ഷക പ്രതിഷേധങ്ങളില്‍ തടസം സൃഷ്ടിച്ച് പഞ്ചാബ്-ഹരിയാന അതിര്‍ത്തികളെ കേന്ദ്ര സര്‍ക്കാരും അധികൃതരും അന്താരാഷ്ട്ര പ്രശ്‌നമാക്കി മാറ്റിയെന്നും നേതാക്കള്‍ വ്യക്തമാക്കി.

നിലവിലെ സമരങ്ങള്‍ ശക്തമാക്കുമെന്നും തങ്ങളുടെ ആവശ്യങ്ങള്‍ മോദി സര്‍ക്കാര്‍ അംഗീകരിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും കര്‍ഷകര്‍ അറിയിച്ചു. പൊലീസ് ഏറ്റുമുട്ടലില്‍ വെടിയേറ്റ് കൊല്ലപ്പെട്ട യുവകര്‍ഷകന്‍ ശുഭ്കരണ്‍ സിങ്ങിന്റെ ജന്മദേശമായ ബല്ലോഹ് ഗ്രാമത്തില്‍ സംസാരിക്കവേയാണ് കര്‍ഷക നേതാക്കളുടെ മുന്നറിയിപ്പ്.

Content Highlight: Farmer leaders have decided to hold a four-hour ‘Rail Roko’ protest on March 10