| Friday, 7th January 2022, 10:29 pm

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എം.എല്‍.എയെ കര്‍ഷക നേതാവ് പരസ്യമായി കരണത്തടിച്ചു: വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നവോയില്‍ ബി.ജെ.പി എം.എല്‍.എയെ പരസ്യമായി കരണത്തടിച്ച് കര്‍ഷകന്‍. ബി.ജെ.പി എം.എല്‍.എ പങ്കജ് ഗുപ്തയ്ക്കാണ് തിങ്ങി നിറഞ്ഞ സദസിന് മുന്നില്‍ വെച്ച് കര്‍ഷകനോട് അടി വാങ്ങേണ്ടി വന്നത്.

ശഹീദ് ഗുലാബ് സിംഗ് ലോധി ജയന്തിയുടെ ഭാഗമായി നടന്ന പരിപാടിയ്ക്കിടെയാണ് കര്‍ഷകന്‍ എം.എല്‍.എയെ തല്ലിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വേദിയിലേക്ക് കയറിവന്ന കര്‍ഷകന്‍ സദസിരിക്കുന്ന എം.എല്‍.എയെ അടിക്കുകയായിരുന്നു. പെട്ടന്നുണ്ടായ സംഭവം എല്ലാവരേയും ഒരേപോലെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ ആരാണ് എം.എല്‍.എയെ തല്ലിയതെന്നോ, എന്ത് കാരണത്താലാണ് തല്ലിയതെന്നോ തുടങ്ങിയ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല.

സംഭവത്തിന്റെ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. സമാജ്‌വാദി പാര്‍ട്ടി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

‘ഉന്നാവോയിലെ സദറില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ പങ്കജ് ഗുപ്ത സംഘടിപ്പിച്ച പൊതുയോഗത്തില്‍ വെച്ചാണ് കര്‍ഷക നേതാവ് വേദിയില്‍ വെച്ച് പരസ്യമായി അദ്ദേഹത്തെ തല്ലിയത്.

കര്‍ഷകന്റെ ഈ അടി ബി.ജെ.പി എം.എല്‍.എയുടെ മുഖത്തേറ്റ അടിയല്ല, മറിച്ച് ബി.ജെ.പി ഭരിക്കുന്ന യു.പിയിലെ ആദിത്യനാഥ് സര്‍ക്കാരിന്റെ ഏകാധിപത്യനയങ്ങള്‍ക്കും ദുര്‍ഭരണത്തിനും ഏറ്റ അടിയാണ്,’ എന്ന ക്യാപ്ഷനോടെയാണ് സമാജ്‌വാദി പാര്‍ട്ടി വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ ഇത്തരത്തിലുള്ള ഒരു സംഭവം നടന്നിട്ടേയില്ല എന്നായിരുന്നു എം.എല്‍.എ പങ്കജ് ഗുപ്തയുടെ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാവുന്നത് സംസ്ഥാനത്തിലെ ബി.ജെ.പി ഘടകത്തെ ഇരുത്തി ചിന്തിപ്പിക്കും എന്ന കാര്യം ഉറപ്പാണ്.

തങ്ങളുടെ പ്രധാന നേതാക്കള്‍ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധത്തില്‍ അമ്പരന്നിരിക്കുകയാണ് ബി.ജെ.പി. കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കര്‍ഷകര്‍ പഞ്ചാബില്‍ തടഞ്ഞത്. കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് 20 മിനിറ്റോളമാണ് പ്രധാനമന്ത്രി വഴിയില്‍ കിടക്കേണ്ടി വന്നത്.

പഞ്ചാബില്‍ തെരഞ്ഞെടുപ്പ് റാലിക്കെത്തിയ പ്രധാനമന്ത്രിയെ ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെയുള്ള ഫ്ളൈ ഓവറില്‍ കര്‍ഷകര്‍ തടയുകയായിരുന്നു.

ഇതിന് പിന്നാലെ പഞ്ചാബില്‍ നടത്താനിരുന്ന മോദിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കിയിരുന്നു.

മോശം കാലാവസ്ഥയെ തുടര്‍ന്നാണ് റാലി റദ്ദാക്കിയതെന്നാണ് നല്‍കുന്ന വിശദീകരണം. ഞായറാഴ്ച ലഖ്നൗവില്‍ നടത്താനിരുന്ന റാലിയും റദ്ദാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വാഹനം തടഞ്ഞതില്‍ പഞ്ചാബിന് വന്‍ സുരക്ഷാ വീഴ്ച ഉണ്ടായതായതായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്.

ഹെലികോപ്റ്റര്‍ മാര്‍ഗം പോകാനായിരുന്നു ആദ്യം മോദി ശ്രമിച്ചത്. എന്നാല്‍ മഴയെ തുടര്‍ന്ന് റോഡ് മാര്‍ഗം യാത്ര തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. റോഡ് മാര്‍ഗം പോകാന്‍ കഴിയുമെന്ന പഞ്ചാബ് പൊലീസിന്റെ ഉറപ്പിനെ തുടര്‍ന്നാണ് യാത്ര തിരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനം, കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതിന് ശേഷം ആദ്യമായിട്ടായിരുന്നു മോദി പഞ്ചാബിലെത്തിയത്.

എന്നാല്‍ തെരഞ്ഞെടുപ്പ് റാലിക്ക് മുമ്പ് ഫിറോസ്പൂരിലെ വേദിയിലേക്ക് നയിക്കുന്ന മൂന്ന് അപ്രോച്ച് റോഡുകള്‍ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ്് കമ്മിറ്റി (കെ.എം.എസ്.സി) അംഗങ്ങള്‍ തടഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Farmer leader slaps BJP MLA Pankaj Gupta on stage

We use cookies to give you the best possible experience. Learn more