ന്യൂദല്‍ഹി: ദല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ കര്‍ഷക സമരം ശക്തപ്പെടുന്നു. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്തും അനുഭാവികളും ചേര്‍ന്ന് അതിര്‍ത്തിയിലെ ഗാസിപൂരിലെ വെള്ളക്കെട്ടുള്ള ഫ്‌ളൈവേയില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തി.
ശനിയാഴ്ച, ദല്‍ഹി-എന്‍.സി.ആറില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് പ്രതിഷേധം നടക്കുന്ന ഗാസിപൂരിലെ ഫ്‌ളൈവേ വെള്ളത്തിനടിയിലായിരുന്നു. എന്നാല്‍, രാകേഷ് ടികായത് വെള്ളക്കെട്ടുള്ള റോഡില്‍ ഇരുന്നുകൊണ്ട് പ്രതിഷേധം തുടരുകയായിരുന്നു.
ഇവിടെ നിന്ന് ദല്‍ഹിയിലേക്ക് പോകുന്ന അഴുക്കുചാലുകള്‍ വൃത്തിയാക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ബന്ധപ്പെട്ട അധികാരികള്‍ അത് ശ്രദ്ധിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ നവംബര്‍ മാസം മുതല്‍ കര്‍ഷകര്‍ പ്രതിഷേധം നടത്തുകയാണ്. പ്രതിഷേധം അടിച്ചമര്‍ത്താന്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് പലതരത്തിലുള്ള ശ്രമങ്ങള്‍ നടന്നിരുന്നു.
കര്‍ണാലില്‍ പ്രതിഷേധം നടത്തിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് അതിക്രമം നടന്നിരുന്നു. സംഭവത്തില്‍ ഹരിയാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഹരിയാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. റിട്ട. ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.
കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ മുന്‍ എസ്.ഡി.എം ആയുഷ് സിന്‍ഹയോട് അവധിക്ക് പോകാനും നിര്‍ദേശം നല്‍കും. കര്‍ഷക പ്രതിഷേധത്തിന് നേരെ നടന്ന പൊലീസ് ലാത്തി ചാര്‍ജില്‍ മരിച്ച കര്‍ഷകന്‍ സുശീല്‍ കാജലിന്റെ കുടുംബത്തിലെ രണ്ടുപേര്‍ക്ക് ജോലി നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.