ന്യൂദല്‍ഹി: കര്‍ഷക സമരം വിജയിച്ചതിന് പിന്നാലെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് ഗുര്‍നാം സിംഗ് ഛാദുനി. ശനിയാഴ്ച തന്റെ രാഷ്ട്രീയ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ഗുര്‍നാം പറഞ്ഞു.
ഹരിയാന-പഞ്ചാബ് എന്നിവിടങ്ങളില്‍ കര്‍ഷകരെ സംഘടിപ്പിച്ചത് ഗുര്‍നാമായിരുന്നു. ഭാരതീയ കിസാന്‍ യൂണിയന്റെ ഹരിയാന അധ്യക്ഷനാണ് ഗുര്‍നാം.
കര്‍ഷക സമരം വിജയിച്ചതിന് ശേഷം രൂപീകൃതമാകുന്ന ആദ്യ രാഷ്ട്രീയ പാര്‍ട്ടിയായിരിക്കും ഗുര്‍നാമിന്റേത്.
നേരത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ദേശീയ നേതാവ് രാകേഷ് ടികായത് വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളോ നേതാക്കളോ തെരഞ്ഞെടുപ്പില്‍ തന്റെ പേരോ, പോസ്റ്ററില്‍ തന്റെ ചിത്രമോ പ്രചരണത്തിനുപയോഗിക്കരുതെന്നും ടികായത് വ്യക്തമാക്കി.
‘ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കന്‍ ആഗ്രഹിക്കുന്നില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയും എന്റെ പേരോ ചിത്രമോ തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ ഉപയോഗിക്കരുത്,’ ടികായത് വ്യക്തമാക്കി. എ.എന്‍.ഐയോടായിരുന്നു ടികായത്തിന്റെ പ്രതികരണം.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒരു വര്‍ഷത്തിലേറെയായി സമരം ചെയ്തിരുന്ന കര്‍ഷകര്‍ ഡിസംബര്‍ ഒമ്പതിനാണ് സമരം അവസാനിപ്പിച്ചത്. കര്‍ഷകരുടെ പ്രതിഷേധത്തിന് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ നിയമം പിന്‍വലിക്കുകയായിരുന്നു.
കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കുകയും താങ്ങുവില നിശ്ചയിക്കാനുള്ള കമ്മിറ്റിയുടെ രൂപീകരണത്തിനും ശേഷമാണ് കര്‍ഷകര്‍ സമരം അവസാനിപ്പിച്ചത്.
സമരം അവസാനിപ്പിച്ച കര്‍ഷകര്‍ സ്വന്തം നാടുകളിലേക്ക് മടങ്ങിയിരുന്നു.
ജനുവരി 15ന് അവലോകനയോഗം ചേരുമെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്വീകരിച്ച തീരുമാനങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട് പോവുകയാണെങ്കില്‍ സമരം പുനരാംഭിക്കാനാണ് കര്‍ഷകരുടെ തീരുമാനം.
ഏറെ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ കഴിഞ്ഞ മാസം 19നാണ് മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. കര്‍ഷക സമരം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ നിയമം പാസാക്കി ഒരു വര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കുക, വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങി കര്‍ഷകര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും കേന്ദ്രം അംഗീകരിച്ച സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്.
താങ്ങുവില സംബന്ധിച്ചും ലഖിംപുര്‍ വിഷയത്തില്‍ കേന്ദ്രമന്ത്രിക്കെതിരായ നിലപാട് സംബന്ധിച്ചും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ വ്യക്തത ലഭിക്കേണ്ട സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് സമരം തുടരുമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്.
അതേസമയം, തങ്ങളുടെ പ്രധാന ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം താല്‍ക്കാലികമായി നിര്‍ത്തിവച്ച സംയുക്ത കിസാന്‍ മോര്‍ച്ച ഡിസംബര്‍ 11ന് വിജയദിവസമായി ആചരിച്ചിരുന്നു.