ന്യൂദല്‍ഹി: കര്‍ഷക നേതാവ് ജഗ്ജിത് ദല്ലേവാളിന്റെ ആരോഗ്യനില വീണ്ടും വഷളായി. ഇന്നലെ (ശനിയാഴ്ച) ഖനൗരിയില്‍ നടന്ന മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെയാണ് ആരോഗ്യനില വഷളായത്.
പ്രസംഗത്തിന് ശേഷം നിരാഹാര പന്തലിലേക്ക് പോകുന്നതിനിടെ ദല്ലേവാളിന് രക്തസമ്മര്‍ദം കുറയുകയായിരുന്നു.
തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിക്കുന്നതിനായി മുന്‍ ഡി.ഐ.ജി നരീന്ദര്‍ ഭാര്‍ഗവ്, പട്യാല സീനിയര്‍ സൂപ്രണ്ട് ഡോ. നാനക് സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം സ്ഥലത്തെത്തി.
പരിശോധനക്കിടെ ‘എന്റെ ജീവിതം നിങ്ങളുടേത് പോലെ പ്രധാനമല്ല,’ ജഗ്ജിത് ദല്ലേവാള്‍ പറഞ്ഞു.
ദല്ലേവാളിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് ഡോക്ടര്‍ അവതാര്‍ സിങ് ധില്ലണ്‍ അറിയിച്ചു. നിരാഹാര സമരം അവസാനിപ്പിച്ചാലും അദ്ദേഹത്തിന്റെ അവയവങ്ങള്‍ 100 ശതമാനം പ്രവര്‍ത്തനരഹിതമാകാനുള്ള സാധ്യതയുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി.
ദല്ലേവാളിന്റെ നിരാഹാര സമരം ഇന്ന് (ഞായറാഴ്ച്ച) 41-ാം ദിവസത്തിലേക്ക് കടക്കുകയാണ്. ‘ഒന്നുകില്‍ ഞങ്ങള്‍ വിജയിക്കും, അല്ലാത്തപക്ഷം ഞങ്ങള്‍ ജീവന്‍ ത്യജിക്കും.’ എന്ന് പ്രഖ്യാപിച്ചാണ് ദല്ലേവാള്‍ സമരം തുടരുന്നത്.
നേരത്തെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ഖനൗരിയില്‍ നിന്ന് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് പഞ്ചാബിന് സര്‍ക്കാരിന് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയിരുന്നു.
എന്നാല്‍ ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റുന്നതില്‍ പഞ്ചാബ് സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു. ബലം പ്രയോഗിച്ച് ജഗ്ജിതിനെ സ്ഥലത്ത് നിന്ന് മാറ്റാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് പരാജയപ്പെട്ടത്.
പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീം കോടതി വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
നിലവില്‍ ദല്ലേവാളിന് വൈദ്യസഹായം നല്‍കണമെന്ന ഉത്തരവ് പാലിക്കാത്തതിന് പഞ്ചാബ് ചീഫ് സെക്രട്ടറിക്കും പൊലീസ് ഡയറക്ടര്‍ ജനറലിനും എതിരായ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.
ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍. കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Content Highlight: Farmer leader Dallewal’s health deteriorated again