| Friday, 30th October 2015, 3:52 pm

വായ്പ തിരിച്ചടയ്ക്കാത്തതിന് വയനാട്ടില്‍ കര്‍ഷകനെ ജയിലിലടച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്:  ബാങ്കില്‍ നിന്നും ലോണെടുത്ത തുക തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിന് വയനാട്ടില്‍ കര്‍ഷകനെ ജയിലിലടച്ചു. ഇരുളം അങ്ങാടിശ്‌ളേരി മുളയാനിക്കല്‍ സുകുമാരനെയാണ് ജയിലിലടച്ചത്. സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍ നിന്നുമാണ് സുകുമാരന്‍ ലോണെടുത്തിരുന്നത്. സ്ഥലം ജപ്തി ചെയ്യാതെയാണ് സുകുമാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സുകുമാരനെ പാര്‍പ്പിച്ചിരിക്കുന്നത്. തന്റെ പേരിലുള്ള 75 സെന്റ് സ്ഥലം പണയപ്പെടുത്തി 75000 രൂപയായിരുന്നു ബാങ്കില്‍ നിന്നും ലോണായെടുത്തിരുന്നത്. എന്നാല്‍ തിരിച്ചടവ് മുടങ്ങിയപ്പോള്‍ ബാങ്ക് ഇദ്ദേഹത്തിനെതിരെ 2006ല്‍ ക്രിമിനല്‍ കേസ് കൊടുക്കുകയായിരുന്നു.

മുതലും പലിശയുമായി മറ്റു ചെലവുമടക്കം 5,77,000 രൂപ അടക്കാനവശ്യപ്പെട്ടാണ് ബാങ്ക് സുകുമാരനെതിരെ കേസ് കൊടുത്തത്. എന്നാല്‍ കൃഷി നാശം സംഭവിച്ചതും പെണ്‍മക്കളുടെ വിവാഹവും കാരണം സുകുമാരന്റെ പരാധീനത വര്‍ധിക്കുകയായിരുന്നു.

ഭൂമി ജപ്തി ചെയ്യുന്നതിന് പകരം കീഴ് വഴക്കം തെറ്റിച്ചാണ് ബാങ്ക് നടപടി സ്വീകരിച്ചത്. അതിനിടെ സുകുമാരന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇരുളം കേരള ഗ്രാമീണ്‍ ബാങ്ക് ഉദ്യോഗസ്ഥരെ തടഞ്ഞ് വെച്ചത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

We use cookies to give you the best possible experience. Learn more