ലോകകപ്പ് കിരീടം സ്വന്തമാക്കി കരിയർ സമ്പൂർണമാക്കിയതോടെ അർജന്റീനക്കും മെസിക്കും ലോകമെമ്പാടുമുള്ള ആരാധകരിൽ നിന്നും നിരവധി ആശംസകളാണ് ലഭിക്കുന്നത്.
കൂടാതെ മെസിയുടെയും അർജന്റീനയുടെയും വിജയം പല പുതുമയുള്ള രീതികളിലൂടെയും അർജന്റൈൻ ആരാധകർ ആഘോഷമാക്കുകയും ചെയ്തിരുന്നു.
എന്നാലിപ്പോൾ ലോകകപ്പ് നേടിയതോടെ ക്ലബ്ബിലെയും രാജ്യാന്തര ഫുട്ബോളിലെയും എല്ലാ മേജർ ടൈറ്റിലുകളും സ്വന്തമാക്കി കരിയർ പൂർണമാക്കിയ മെസിക്ക് വലിയൊരു സമ്മാനവുമായി എത്തിയിരിക്കുകയാണ് അർജന്റീനയിലെ ചോള കർഷകനായ മാക്സിമിലാനോ സ്പിനാസെ.
മെസിയുടെ മുഖത്തിന്റെ ആകൃതിയിലാണ് ഇദ്ദേഹം തന്റെ പാടത്ത് ചോളകൃഷി ചെയ്തിരിക്കുന്നത്. കമ്പ്യൂട്ടർ അൽഗോരിതം ഉപയോഗിച്ചാണ് സെൻട്രൽ കൊർഡോബോ പ്രവിശ്യയിലെ ലോസ് കോൻഡ്രോസിൽ അദ്ദേഹം മെസിയുടെ മുഖത്തിന്റെ ആകൃതിയിൽ കൃഷിയിറക്കിയത്.
‘എന്നെ സംബന്ധിച്ച് മെസി അപരാജിതനാണ്. ഇപ്പോൾ അദ്ദേഹം ലോക ചാമ്പ്യനുമായിട്ടുണ്ട്. എന്റെ കൃഷിയിലൂടെ എന്റെ സന്തോഷം പ്രകടിപ്പിക്കാനാണ് ഞാൻ ശ്രമിച്ചത്,’ റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ മാക്സിമിലാനോ സ്പിനാസെ പറഞ്ഞു.
കാർലോസ് ഫാരിസെല്ലി എന്ന ഫാമിങ് എഞ്ചിനീയറാണ് കോഡിങ്ങിലൂടെ മെസിയുടെ മുഖത്തിന്റെ ആകൃതിയിൽ വിത്ത് വിതച്ചത്.
“ചോളക്കർഷകർക്ക് മെസിയുടെ മുഖത്തിന്റെ ആകൃതിയിൽ വിത്ത് വിതയ്ക്കാനുള്ള ആശയം പകർന്ന് നൽകിയത് ഞാനാണ്. ജിയോ കോഡിങ്ങിലൂടെയാണ് ഇത് സാധ്യമാക്കിയത്.
എത്ര സ്‌ക്വയർ മീറ്ററിൽ എത്ര അളവിൽ വിത്ത് വിതയ്ക്കണമെന്നാണ് പ്രധാനമായും ഞങ്ങൾ തീരുമാനിച്ചിരുന്നത്. കൂടാതെ പല സ്ഥലങ്ങളിലും വിത്ത് വിതയ്ക്കുന്ന അളവിൽ ഏറ്റക്കുറച്ചിലുകളുണ്ടാവേണ്ടതുണ്ട്. അതും ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമായിരുന്നു,’ കാർലോസ് ഫാരിസെല്ലി പറഞ്ഞു.
അതേസമയം ലോകകപ്പ് വിജയത്തിന് ശേഷം തന്റെ ക്ലബ്ബായ പി.എസ്.ജിയിലേക്ക് മടങ്ങിയെത്തിയ മെസി വ്യാഴാഴ്ച സൗദി ഓൾ സ്റ്റാർസിനെതിരെ പി.എസ്.ജിയെയാണ് നേരിടുന്നത്. ഒരു നീണ്ട കാലത്തിന് ശേഷം മെസിയും റൊണാൾഡോയും മുഖാമുഖം വരുന്ന മത്സരം കൂടിയാണിത്.
Content Highlights: farmer grows corn in the shape of Messi’s face in Argentina; The pictures went viral on social media