ന്യൂദല്‍ഹി: കര്‍ഷകരുമായുള്ള പത്താംവട്ട ചര്‍ച്ച കേന്ദ്രസര്‍ക്കാര്‍ മാറ്റിവെച്ചു. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നല്‍കിയ ഹരജികളില്‍ സുപ്രീംകോടതി നാളെ തുടര്‍വാദം കേള്‍ക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ നീക്കം.
ജനുവരി 20ലേക്ക് ആണ് ചര്‍ച്ച മാറ്റിവെച്ചത്. അതിനിടെ പ്രശ്‌നപരിഹാരത്തിനായി സുപ്രീംകോടതി നിയമിച്ച വിദഗ്ധ സമിതിയുടെ ആദ്യയോഗം ഇന്ന് ചേരും. അതേസമയം സര്‍ക്കാര്‍ നിശ്ചയിച്ച നാളത്തെ ചര്‍ച്ചയില്‍ പങ്കെടുക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കര്‍ഷക സംഘടനകള്‍ ഇന്ന് സിംഘുവില്‍ യോഗം ചേരും.
ഖാലിസ്ഥാന്‍ സംഘടനകളില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചെന്ന് ആരോപിച്ച് കര്‍ഷക നേതാക്കള്‍ക്ക് നോട്ടീസ് അയച്ച ദേശീയ അന്വേഷണ ഏജന്‍സിയുടെ നടപടിക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിഷേധം അറിയിച്ചിരുന്നു. നോട്ടീസ് ലഭിച്ച ഒരു കര്‍ഷക നേതാവു പോലും ഏജന്‍സിക്ക് മുമ്പില്‍ ഹാജരാകില്ലെന്നും സംഘടന അറിയിച്ചു. കര്‍ഷക സമരത്തെ പൊളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പദ്ധതിയുടെ ഭാഗമാണിതെന്നും നേതാക്കള്‍ അറിയിച്ചിരുന്നു.
സമരം ശക്തമായിത്തന്നെ തുടരുമെന്നും റിപ്പബ്ലിക് ദിനത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ട്രാക്ടര്‍ റാലിയുമായി മുന്നോട്ട് പോകുമെന്നും കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.
റിപ്പബ്ലിക്ക് ദിനത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ട്രാക്ടര്‍ റാലി തടയണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി പൊലീസ് നല്‍കിയ ഹരജി ഇന്നലെ സുപ്രീംകോടതി പരിഗണിച്ചിരുന്നു. ക്രമസമാധാന വിഷയമായതിനാല്‍ കോടതിയ്ക്ക് ഇടപെടാന്‍ പരിധിയുണ്ടെന്നും റാലി തടയണോ വേണ്ടയോ എന്ന് പൊലീസിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
കര്‍ഷക സംഘടകള്‍ മുന്നോട്ട് വെച്ച ഭൂരിഭാഗം ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചെന്നാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ്ങ് തോമര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. നിയമം പിന്‍വലിക്കുന്നത് സാധ്യമല്ലെന്നും നിയമത്തില്‍ വരുത്തേണ്ട ഭേദഗതികളെക്കുറിച്ച് വിശദമായി ചര്‍ച്ച നടത്താമെന്നും മന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Farm stir 10th round farmers centre talks postponed day january