| Friday, 28th December 2018, 8:23 pm

അധികാരത്തിലെത്തിയാല്‍ ആറു മണിക്കൂറിനുള്ളില്‍ ഹരിയാനയിലും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ആറു മണിക്കൂറിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ കാര്‍ഷിക കടങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എഴുതിത്തള്ളിയതിന് പിന്നാലെയാണ് ഹൂഡയുടെ പ്രഖ്യാപനം.


ഹരിയാനയില്‍ രണ്ട് തവണ മുഖ്യമന്ത്രിയായിട്ടുള്ള നേതാവാണ് ഭൂപീന്ദര്‍ സിങ് ഹൂഡ. അടുത്ത വര്‍ഷമാണ് ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞാല്‍ ആറു മണിക്കൂറിനകം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും വാര്‍ധക്യ പെന്‍ഷന്‍ 2000 രൂപയില്‍ നിന്ന് 3000 ആയി വര്‍ധിപ്പിക്കുമെന്നും 12 മണിക്കൂറിനുള്ളില്‍ വൈദ്യുതി നിരക്കുകള്‍ പകുതിയായി കുറയ്ക്കുമെന്നും ഹൂഡ പറഞ്ഞു.

ഭരണത്തിലേറി ദിവസങ്ങള്‍ക്കുള്ളില്‍ മൂന്ന് സംസ്ഥാനങ്ങളിലെ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളിയ കോണ്‍ഗ്രസ് നടപടി പ്രശംസ പിടിച്ചുപറ്റിയിരുന്നു. കാര്‍ഷിക കടം എഴുതിത്തള്ളും എന്നത് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമായിരുന്നു.


വാഗ്ദാനം പാലിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കര്‍ഷക ക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

We use cookies to give you the best possible experience. Learn more