ന്യൂദല്‍ഹി: ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി സംയുക്ത കിസാന്‍ മോര്‍ച്ചയും കര്‍ഷകരും.
പഞ്ചാബ്, ഹരിയാന, ദല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതാക്കളാണ് ജന്തര്‍മന്തറില്‍ എത്തുക. സംസ്ഥാന അതിര്‍ത്തികളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കര്‍ഷകരുടെ പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്. ജന്തര്‍മന്തറിലെയും പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു.
അതേസമയം ജന്തര്‍മന്തറില്‍ എത്തിയ കര്‍ഷകരെ തിക്രി അതിര്‍ത്തിയില്‍ വെച്ച് പൊലീസ് തടഞ്ഞു. വാഹന പരിശോധയ്ക്ക് ശേഷം ഇവരെ കടത്തിവിടുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശ്,രാജസ്ഥാന്‍,ഹരിയാന എന്നിവിടങ്ങളില്‍ നിന്നുളള ഖാപ് പഞ്ചായത്ത് നേതാക്കളും താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്ഥലത്ത് പ്രതിഷേധ മാര്‍ച്ച് നടത്തും.
‘താരങ്ങള്‍ക്ക് ഞങ്ങളുടെ പൂര്‍ണ പിന്തുണയുണ്ട്. ഭാവി നടപടികള്‍ ഇന്ന് തീരുമാനിക്കും. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ അറസ്റ്റ് രേഖപ്പെടുത്തണം’, കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
വൈകിട്ട് 7 മണിക്ക് ജന്തര്‍ മന്തറില്‍ മെഴുകുതിരി പ്രതിഷേധം നടത്തുമെന്ന് വിനേഷ് ഫോഗട്ട് അടക്കമുള്ള താരങ്ങള്‍ വ്യക്തമാക്കി. ശനിയാഴ്ച രൂപീകരിച്ച രണ്ട് കമ്മിറ്റികള്‍ക്കും തങ്ങളുടെ ഭാവി നടപടികള്‍ തീരുമാനിക്കാനുള്ള പൂര്‍ണ അധികാരമുണ്ടെന്ന് ബജ്‌റംഗ് പുനിയയും പറഞ്ഞു.
ഗുസ്തി താരങ്ങള്‍ പതിനഞ്ചാം ദിവസമാണ് പ്രതിഷേധം നടത്തുന്നത്. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ലൈംഗിക ആരോപണ കേസില്‍
അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് താരങ്ങളുടെ പ്രതിഷേധം.
Contenthighlight: Farmer leaders support wrestling protesters