സര്‍ക്കാര്‍ വിളമ്പിയ ഉച്ചഭക്ഷണം നിരസിച്ച് ചര്‍ച്ചക്കെത്തിയ കര്‍ഷകര്‍; ഗുരുദ്വാരയില്‍ നിന്നെത്തിച്ച ഭക്ഷണം വിഗ്യാന്‍ഭവനിലെ തറയിലിരുന്ന് കഴിച്ചു
India
സര്‍ക്കാര്‍ വിളമ്പിയ ഉച്ചഭക്ഷണം നിരസിച്ച് ചര്‍ച്ചക്കെത്തിയ കര്‍ഷകര്‍; ഗുരുദ്വാരയില്‍ നിന്നെത്തിച്ച ഭക്ഷണം വിഗ്യാന്‍ഭവനിലെ തറയിലിരുന്ന് കഴിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd December 2020, 4:18 pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ തങ്ങള്‍ക്ക് കഴിക്കാനായി എത്തിച്ച ഉച്ചഭക്ഷണം നിരസിച്ച് ചര്‍ച്ചക്കെത്തിയ കര്‍ഷക നേതാക്കള്‍. ചര്‍ച്ച ഉച്ചഭക്ഷണത്തിനായി പിരിഞ്ഞപ്പോഴായിരുന്നു സംഭവം.

ഉച്ചഭക്ഷണത്തിനായി നേതാക്കള്‍ പിരിഞ്ഞപ്പോള്‍ കര്‍ഷകര്‍ പുറത്തേക്ക് ഇറങ്ങി. ഈ സമയം കര്‍ഷകര്‍ക്ക് ഭക്ഷണം ഏര്‍പ്പാടുചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് അധികൃതര്‍ ഇവര്‍ക്കുള്ള ഭക്ഷണം എത്തിച്ചു.

എന്നാല്‍ കര്‍ഷക നേതാക്കള്‍ സര്‍ക്കാരിന്റെ ആവശ്യം നിരസിക്കുകയും ഗുരുദ്വാരയില്‍ നിന്നുകൊണ്ടുവന്ന ഭക്ഷണം വിഗ്യാന്‍ഭവന്റെ നിലത്തിരുന്ന് കഴിക്കുകയുമായിരുന്നു. കര്‍ഷകര്‍ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, ഇന്ന് നടക്കുന്ന ചര്‍ച്ച കേന്ദ്രത്തിന് നല്‍കുന്ന അവസാന അവസരമാണെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. താങ്ങുവില സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ കൊണ്ട് മാത്രം സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ കാര്‍ഷിക നിയമം പിന്‍വലിക്കുന്നതു വരെ സമരം തുടരുമെന്ന് കര്‍ഷകര്‍ അറിയിച്ചു.

‘മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ ഞങ്ങള്‍ ഇവിടെ നിന്നും പിരിഞ്ഞു പോകില്ല. താങ്ങുവിലയില്‍ നല്‍കിയ ഉറപ്പുകള്‍ ഉത്തരവാക്കിയതു കൊണ്ടു മാത്രം കാര്യമില്ല. ഞങ്ങളുടെ ആവശ്യങ്ങള്‍ വീണ്ടും അവതരിപ്പിക്കും.’ കര്‍ഷകര്‍ അറിയിച്ചു.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ റിപ്പബ്ലിക് ദിന പരേഡിലും പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് കര്‍ഷക നേതാവായ രാകേഷ് ടികത് പറഞ്ഞു.

നേരത്തെ താങ്ങുവിലയുമായി ബന്ധപ്പെട്ട കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനും അവ ഉത്തരവായി തന്നെ ഇറക്കാനും സര്‍ക്കാര്‍ തയ്യാറാകുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. ഇതോടെ കര്‍ഷകര്‍ സമരത്തില്‍ നിന്നും പിന്മാറുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാല്‍ ചര്‍ച്ചക്ക് മുന്‍പേ തന്നെ കേന്ദ്രത്തിന്റെ ഈ നീക്കത്തെ തള്ളിയിരിക്കുകയാണ് കര്‍ഷകര്‍.

ഇത് നാലാം വട്ടമാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നത്. നേരത്തെ നടത്തിയ ചര്‍ച്ചകളില്‍ കര്‍ഷകരുടെ അഭിപ്രായങ്ങള്‍ മുഖവിലയ്‌ക്കെടുക്കാത്തതിനാല്‍ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. ദിനംപ്രതി പ്രതിഷേധ സ്ഥലത്തേക്ക് കര്‍ഷകര്‍ കൂടുതല്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ എങ്ങനെയെങ്കിലും പ്രതിഷേധം ഒതുക്കിത്തീര്‍ക്കാനാണ് കേന്ദ്രവും ബി.ജെ.പിയും ശ്രമിക്കുന്നത്.

അതിന്റെ ഭാഗമായിട്ടാണ് കര്‍ഷകരുമായി തിരക്കിട്ട് ചര്‍ച്ചകള്‍ നടത്തുന്നത്. എന്നാല്‍ ഈ ചര്‍ച്ച സര്‍ക്കാരിന് നല്‍കുന്ന അവസാന അവസരമായിരിക്കുമെന്ന നിലപാടിലാണ് കര്‍ഷകര്‍. ഇന്ന് നടക്കുന്ന ചര്‍ച്ച കൂടി പരാജയപ്പെട്ടാല്‍ ഒരുപക്ഷേ സര്‍ക്കാരുമായി കര്‍ഷകര്‍ ഇനിയൊരു ചര്‍ച്ചയ്ക്ക് തയ്യാറാകില്ല.

ആദ്യഘട്ടത്തില്‍ കര്‍ഷകരുമായി സംസാരിച്ചിരുന്നത് അമിത് ഷാ ആയിരുന്നെങ്കിലും പിന്നീട് ആ ചുമതല കേന്ദ്രപ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിന് കൈമാറുകയായിരുന്നു. എന്നാല്‍ രാജ്‌നാഥ് സിങ്ങുമായുള്ള കര്‍ഷകരുടെ ചര്‍ച്ച പാളിയപ്പോള്‍ കര്‍ഷകരെ അനുനയിപ്പിക്കാന്‍ അമിത് ഷാ തന്നെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

കേന്ദ്രവും കര്‍ഷകരും തമ്മിലുള്ള പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞിട്ടുണ്ട്.

കേന്ദ്രത്തിന്റെ നടപടിയില്‍ തനിക്കുള്ള എതിര്‍പ്പ് ആവര്‍ത്തിച്ചി പറഞ്ഞിട്ടുണ്ടെന്നും കേന്ദ്രവും കര്‍ഷകരും തമ്മിലാണ് പ്രശ്നമെന്നും തനിക്ക് പരിഹരിക്കാന്‍ പറ്റുന്നതല്ല പ്രശ്നമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Farm leaders decline food served by government during meet