| Tuesday, 9th February 2021, 7:24 pm

മാറ്റം വരുത്തില്ലെന്ന് വാശിപിടിക്കാന്‍ കാര്‍ഷിക നിയമങ്ങള്‍ മതഗ്രന്ഥമൊന്നുമല്ലല്ലോ?; കേന്ദ്രസര്‍ക്കാരിനോട് ഫാറൂഖ് അബ്ദുള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാറ്റം വരുത്താന്‍ കഴിയില്ലെന്ന് വാശിപിടിക്കാന്‍ കാര്‍ഷിക നിയമങ്ങള്‍ മതഗ്രന്ഥമൊന്നുമല്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. ലോക്‌സഭയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഭേദഗതി വരുത്താന്‍ കഴിയില്ലെന്ന് വാശി പിടിക്കാന്‍ കാര്‍ഷിക നിയമങ്ങള്‍ മതഗ്രന്ഥമൊന്നുമല്ലലോ. കര്‍ഷകര്‍ ഈ നിയമങ്ങള്‍ വേണ്ടെന്ന് പറയുന്ന സാഹചര്യത്തില്‍ അത് പിന്‍വലിക്കുന്നതാണ് നല്ലത്. എന്തുകൊണ്ട് അവരുമായി ഒരു തുറന്ന ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാവുന്നില്ല? നിങ്ങളുടെ അഭിമാനത്തിന്റെ പേരും പറഞ്ഞ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കരുത്. ഇത് നമ്മുടെ രാജ്യമാണ്. നാമെല്ലാവരും ഈ രാജ്യത്തെ പൗരന്‍മാരാണെന്ന കാര്യം മറക്കരുത്’, ഫാറൂഖ് പറഞ്ഞു.

കര്‍ഷക സമരം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഫാറൂഖ് അബ്ദുള്ളയുടെ പ്രതികരണം.

അതേസമയം കര്‍ഷക സമരം ശക്തമാകുന്ന സാഹചര്യത്തിലും സമരത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയിരുന്നു. കര്‍ഷക സമരത്തെപ്പറ്റി വളരെ മോശമായാണ് രാജ്യസഭയില്‍ മോദി സംസാരിച്ചത്. കര്‍ഷകര്‍ എന്തിനാണ് സമരം ചെയ്യുന്നതെന്നും ഈ സമരം അവസാനിപ്പിക്കണമെന്നും മോദി സഭയില്‍ പറഞ്ഞു.

കര്‍ഷക സമരത്തെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നു, എന്നാല്‍ സമരത്തിന്റെ കാരണം ആരും പറയുന്നില്ലെന്നാണ് മോദി സഭയില്‍ വാദിച്ചത്. കര്‍ഷകരെ വിശ്വാസത്തില്‍ എടുത്താണ് നിയമം പാസാക്കിയതെന്നും നിയമം ചെറുകിട കര്‍ഷകര്‍ വഞ്ചിക്കപ്പെടാതിരിക്കാനാണെന്നും മോദി അവകാശപ്പെട്ടു.

കാര്‍ഷിക പരിഷകരണത്തെക്കുറിച്ച് വാതോരാതെ പറയുകയും പരിഷ്‌കരണം വേണമെന്നതില്‍ യോജിക്കുകയും ചെയ്തിട്ട് പിന്നീട് കണ്ട യൂ ടേണ്‍ ഞെട്ടിപ്പിക്കുന്നതാണെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യം പാശ്ചാത്യ സംവിധാനമല്ലെന്നും ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ജനാധിപത്യമാണ് എന്നും മോദി അവകാശപ്പെട്ടു.

മോദിയുടെ ഈ പരാമര്‍ശത്തിനെതിരെ കര്‍ഷക സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ചയും രംഗത്തെത്തിയിരുന്നു. കര്‍ഷകരെ അപമാനിക്കരുതെന്നും സമരം ചെയ്തവര്‍ തന്നെയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Farooq Abdulla Slams Central Government Over Farmlaws

Latest Stories

We use cookies to give you the best possible experience. Learn more