ന്യൂദല്‍ഹി: രാജ്യത്തെ കാര്‍ഷിക വരുമാന വളര്‍ച്ചാ നിരക്ക് 14 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെന്നു റിപ്പോര്‍ട്ട്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്കായ 2004 ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ മൈനസ് 1.1 ശതമാനത്തിന് സമാനമായിട്ടാണ് നിലവില്‍ കാര്‍ഷിക രംഗം നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
2018 ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ കണക്കനുസരിച്ച് 2.7 ശതമാനമാണ് കാര്‍ഷിക വരുമാന വളര്‍ച്ചാ നിരക്ക്. കഴിഞ്ഞ 11 പാദത്തിലെ എറ്റവും കുറഞ്ഞ നിരക്കാണിത്.
2011-ല്‍ ഇതേപാദത്തില്‍ 2.67 ശതമാനമായിരുന്നു കാര്‍ഷിക വരുമാന വളര്‍ച്ചാ നിരക്ക്. കാര്‍ഷിക വസ്തുക്കളുടെ വിലയില്‍ വന്‍ കുറവുണ്ടായതാണ് നിലവിലെ 0.61 ശതമാനത്തിന്റെ കുറവിനു കാരണം.
മോദി സര്‍ക്കാര്‍ കൊണ്ട് വന്ന സാമ്പത്തിക പരിഷ്‌ക്കാരങ്ങളാണ് കാര്‍ഷിക രംഗത്തെ തിരിച്ചടിക്ക് കാരണമായതെന്നാണ് വിലയിരുത്തുന്നത്.
നോട്ടുനിരോധനം രാജ്യത്തെ കാര്‍ഷിക മേഖലയെ തകര്‍ത്തെറിഞ്ഞെന്ന കാര്‍ഷിക മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ബി.ജെ.പി നേതാക്കളുടെ അതൃപ്തിയെ തുടര്‍ന്ന് തിരുത്തിയത് നേരത്തെ വിവാദമായിരുന്നു. പാര്‍ലമെന്ററി പാനലിന് കാര്‍ഷിക മന്ത്രാലയം നല്‍കിയ റിപ്പോര്‍ട്ടായിരുന്നു തിരുത്തി നല്‍കിയത്.
നോട്ടുനിരോധനം കര്‍ഷകരേയും ഭൂവുടമകളേയും ഒരുപോലെ പ്രതിസന്ധിയിലാക്കിയെന്ന റിപ്പോര്‍ട്ടാണ് നോട്ടുനിരോധനത്തിനുശേഷം കാര്‍ഷിക മേഖലയില്‍ മികച്ച വളര്‍ച്ചയാണുണ്ടായതെന്നാക്കി തിരുത്തിയത്.