| Saturday, 19th September 2020, 2:12 pm

'ജിയോ വന്നപ്പോള്‍ കണ്ടില്ലേയെന്ന് ഒരു ഗ്രാമീണ കര്‍ഷകന്‍ ഉദാഹരണമായി പറഞ്ഞു'; ഹര്‍സിമ്രത് കൗര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോര്‍പ്പറേറ്റുകള്‍ തങ്ങളുടെ കൃഷിയെ മുഴുവന്‍ ഞെരിച്ചുകളയുമോ എന്ന ആശങ്കയാണ് കര്‍ഷകര്‍ പങ്കുവെക്കുന്നതെന്ന് അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍ ബാദല്‍. കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നയത്തെക്കുറിച്ച് നിരവധി കര്‍ഷകരാണ് തന്നോട് വിഷമം പങ്കുവെച്ചതെന്നും ഹര്‍സിമ്രത് പറഞ്ഞു.

‘ജിയോ വന്നിട്ട് അവര്‍ ഫ്രീയായി ഫോണുകള്‍ കൊടുത്തുതുടങ്ങി, പിന്നെ എല്ലാവരും ആ ഫോണിന് പിന്നാലെയായിരുന്നു. എന്നാല്‍ മത്സരം അവസാനിച്ചപ്പോള്‍ ജിയോ വില കൂട്ടുകയും ചെയ്തു.

യഥാര്‍ത്ഥത്തില്‍ കോര്‍പ്പറേറ്റുകള്‍ ചെയ്യുന്നത് ഇതാണ്. കേന്ദ്ര കാര്‍ഷിക നയവും ഇതുപോലെത്തന്നെയാണെന്നാണ് ഒരു ഗ്രാമീണ കര്‍ഷകന്‍ പറഞ്ഞത്’, ഹര്‍സിമ്രത് കൗര്‍ ബാദല്‍ പറഞ്ഞു.

കര്‍ഷകരെ സഹായിക്കാനാണ് ബില്‍ പാസാക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നതെന്നും എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ബില്ല് കര്‍ഷകര്‍ക്ക് പേടിയാണുണ്ടാക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാറിനോട് നിരന്തരം സംസാരിച്ചുവെന്നും ബില്ലുകള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് കര്‍ഷകരുമായി തുറന്ന ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഹര്‍സിമ്രത് കൂട്ടിച്ചേര്‍ത്തു.

കര്‍ഷകര്‍ക്ക് നീതി ലഭിക്കുന്നതിനായി ഏതറ്റംവരെ പോകാനും തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച ഹര്‍സിമ്രത് നേരത്തേ പറഞ്ഞിരുന്നു. കര്‍ഷകരോടൊപ്പം തോളോടുതോള്‍ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഫാം ബില്ലുകളുമായി ബന്ധപ്പെട്ട തന്റെ ആശങ്കകള്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്ന് കാബിനറ്റ് സഹപ്രവര്‍ത്തകരെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നും ഹര്‍സിമ്രത് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight:farm bills row a rustic farmer said when jio came in harsimrat badal on farm bills

We use cookies to give you the best possible experience. Learn more