ജുനൈദ് വധക്കേസില്‍ പ്രതികളെ സര്‍ക്കാര്‍ അഭിഭാഷകന്‍ സഹായിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി കേസ് പരിഗണിക്കുന്ന ജഡ്ജി
India
ജുനൈദ് വധക്കേസില്‍ പ്രതികളെ സര്‍ക്കാര്‍ അഭിഭാഷകന്‍ സഹായിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി കേസ് പരിഗണിക്കുന്ന ജഡ്ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Oct 30, 02:24 am
Monday, 30th October 2017, 7:54 am

ഹരിയാന: ജുനൈദ് ഖാന്‍ വധക്കേസില്‍ പ്രതികളായവരെ ഹരിയാന അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ സഹായിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി കേസ് പരിഗണിക്കുന്ന ഫരീദാബാദ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി വൈ.എസ് റാത്തോഡ്.

ഹരിയാന സര്‍ക്കാരിന്റെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായ നവീന്‍ കൗശിക്ക് കേസിലെ പ്രതിയായ നരേഷ് കുമാറിന്റെ അഭിഭാഷകനെ പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിക്കുന്നതിനിടെ സഹായിച്ചെന്നും ജഡ്ജി പറയുന്നു. ഒക്ടോബര്‍ 24, 25 തിയ്യതികളില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു സഹായം.

അഡ്വക്കേറ്റ് ജനറലായ നവീന്‍ കൗശിക്ക് അഭിഭാഷകനെന്ന നിലയില്‍ അയോഗ്യനാവുകയാണെന്നും ഇടപെടലുകള്‍ ലീഗല്‍ എത്തിക്ക്‌സിന് എതിരാണെന്നും തൊഴില്‍പരമായ വഞ്ചനയാണെന്നും ജഡ്ജി പറഞ്ഞു. പ്രതികള്‍ക്കൊപ്പം നില്‍ക്കുന്നതിലൂടെ സ്വതന്ത്രമായ വിചാരണ ഇല്ലാതാവുകയാണെന്നും ഇരകളുടെ മനസില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതാണെന്നും ജഡ്ജി പറഞ്ഞു.

അഭിഭാഷകനെതിരെ നടപടിയെടുക്കാന്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിക്കും ഹരിയാന അഡ്വക്കേറ്റ് ജനറലിനും ബാര്‍ കൗണ്‍സിലിനും കത്തെഴുതുമെന്നും ജഡ്ജി വ്യക്തമാക്കി.

ചെറിയപെരുന്നാളിന്റെ രണ്ടുദിവസം മുമ്പാണ് ദല്‍ഹിയില്‍ നിന്നു വസ്ത്രങ്ങളുള്‍പ്പെടെ വാങ്ങി മടങ്ങുന്നതിനിടെ 17കാരനായ ജുനൈദ് ഖാനെ ട്രെയിനുള്ളില്‍ വെച്ച് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. മര്‍ദനത്തില്‍ സഹോദരന്‍ ഹാഷിമിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

നേരത്തെ രാജസ്ഥാനിലെ ആല്‍വാറില്‍ സംഘപരിവാറുകാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ പെഹ്‌ലുഖാന്റെ കൊലപാതകികളെ പൊലീസ് സഹായിച്ചതായി തെളിഞ്ഞിരുന്നു.