ചണ്ഡീഗഡ്: ഹരിയാനയിലെ ഫരീദാബാദില്‍ പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊന്ന സംഭവത്തില്‍ രണ്ട് പ്രതികളേയും പൊലീസ് അറസ്റ്റു ചെയ്തു.
തൗസീഫ് എന്ന മുഖ്യപ്രതിയെ സംഭവം നടന്ന ഉടന്‍ തന്നെ പൊലീസ് പിടികൂടിയിരുന്നു. ഒപ്പമുണ്ടായിരുന്ന ആളെ ഇന്നാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘത്തെ കേസ് അന്വേഷണം ഏല്‍പ്പിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് തന്നെ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി നല്‍കുമെന്നുമാണ് ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ് പറഞ്ഞത്.
അതേസമയം പ്രതിയെ പൊലീസ് ‘എന്‍കൗണ്ടറില്‍’ കൊലപ്പെടുത്തണമെന്നും അല്ലാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നുമാണ് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞത്.
സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബവും നാട്ടുകാരും റോഡ് ഉപരോധിക്കുകയാണ്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ മഥുര ഹൈവേ തടഞ്ഞു. സംഭവത്തില്‍ പ്രകോപിതരായ ഒരു സംഘം പ്രതിഷേധക്കാര്‍ ചൊവ്വാഴ്ച ഫരീദാബാദിലെ ഒരു കടയ്ക്ക് നേരേയും ആക്രമണം നടത്തി.
തിങ്കളാഴ്ച വൈകിട്ടാണ് നികിത തോമാര്‍(21) എന്ന വിദ്യാര്‍ഥിനിയെ കോളേജിന് മുന്നിലെ റോഡില്‍വെച്ച് രണ്ട് പേര്‍ ചേര്‍ന്ന് ആക്രമിച്ചതും വെടിവെച്ച് കൊലപ്പെടുത്തിയതും. പരീക്ഷ കഴിഞ്ഞ് കൂട്ടൂകാരിക്കൊപ്പം പുറത്തിറങ്ങിയ വിദ്യാര്‍ഥിനിയെ കാറില്‍ കാത്തുനിന്ന യുവാവ് കാറിലേക്ക് വലിച്ചുകയറ്റാന്‍ ശ്രമിക്കുകയും കുതറിമാറിയ പെണ്‍കുട്ടിയെ തോക്കെടുത്ത് വെടിവെക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രതികള്‍ വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം സംഭവത്തിന് പിന്നില്‍ ലൗജിഹാദാണെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. മുഖ്യപ്രതിയായ തൗസീഫ് 2018 മുതല്‍ മകളെ ശല്യം ചെയ്യുകയാണെന്നും മതംമാറി വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്തിരുന്നെന്നും കുടുംബം പറയുന്നു.
2018-ല്‍ നികിതയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് ഞങ്ങള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസ് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ അന്ന് പൊലീസ് നിര്‍ബന്ധിക്കുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ സഹോദരി പറഞ്ഞു. എന്റെ സഹോദരിയോട് അവന്‍ നിരന്തരം വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നു. മതം മാറാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവള്‍ അതിന് തയ്യാറായിരുന്നില്ല. ബി.കോം അവസാന വര്‍ഷ പരീക്ഷയെഴുതി വീട്ടിലേക്ക് വരികയായിരുന്നു അവള്‍. പുറത്തുകാത്തുനിന്നാണ് അവര്‍ കൃത്യം ചെയ്തത്’, സഹോദരി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ