കോഴിക്കോട്: സിദ്ധീഖ് വധക്കേസില്‍ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്. നടന്നത് ഹണിട്രാപാണെന്നും ഭീഷണിപ്പെടുത്തി പണം തട്ടലായിരുന്നു ലക്ഷ്യമെന്നും മലപ്പുറം എസ്.പി സുജിത്ദാസ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളായ ഷിബിലി, ഫര്‍ഹാന, ആഷിക് എന്നിവരെ മലപ്പുറം ഡി.വൈ.എസ്.പി ഓഫീസില്‍ വെച്ച് എസ്.പി യുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് പൊലീസ് കണ്ടെത്തലുകള്‍ വെളിപ്പെടുത്തിയത്.
‘ചെന്നൈയില്‍ നിന്ന് പ്രതികളെ കൊണ്ടുവന്നിരുന്നു. ഇന്നലെ തന്നെ അവരെ ചോദ്യം ചെയ്തു. കൊലപാതകം നടന്നതിന്റെ കാരണം മനസിലായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ സംശയിച്ചത് പോലെ ഇത് ഹണിട്രാപാണ്.
ഷിബിലി ഇദ്ദേഹത്തിന്റെ (സിദ്ധീഖിന്റെ) ജോലിക്കാരനായിരുന്നു. ഹണിട്രാപ്പ് സംഭവം ഇവര്‍ പ്ലാന്‍ ചെയ്തു. അതിന് വേണ്ടിയാണ് ഡി കാസ എന്ന ഹോട്ടലില്‍ റൂം എടുത്തത്. ഷിബിലി ആണ് സിദ്ധീഖിനെ വിളിച്ച് വരുത്തിയത്.
18ാം തിയ്യതി ഷൊര്‍ണൂരില്‍ നിന്ന് ഫര്‍ഹാന വന്നു. ഒപ്പം തന്നെ ആഷിഖും രണ്ടാമത്തെ ട്രെയിനില്‍ വന്നു.
ആദ്യം സിദ്ധീഖിനെ നഗ്നനായി ഫോട്ടോ എടുക്കാനുള്ള ശ്രമം നടന്നു. കാശിന്റെ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ പ്രശ്‌നമുണ്ടായി. തുടര്‍ന്ന് അടിയുണ്ടാകുകയും സിദ്ദീഖ് താഴെ വീഴുകയും ചെയ്തു.
എന്നാല്‍ നേരത്തെ തന്നെ ഫര്‍ഹാന കൈയില്‍ ചുറ്റിക കരുതിയിരുന്നു. ആ ചുറ്റികയെടുത്ത് ഷിബിലി തലക്കടിച്ചു. അതിന്റെ ഭാഗമായി തലയില്‍ രണ്ട് വലിയ മുറിവുണ്ട്. ആഷിഖ് നെഞ്ചില്‍ നന്നായി ചവിട്ടിയിട്ടുണ്ട്. മൂന്ന് പേരും ഒരുമിച്ച് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ വാരിയെല്ല് തകര്‍ന്നു. കരളിനെ ബാധിച്ചു. ഇത്തരം ഉപദ്രവം കാരണമാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.
ഫര്‍ഹാനയുടെ കൈയിലെ ചുറ്റിക കൂടാതെ ഷിബിലി ഒരു കത്തിയും കരുതിയിരുന്നു. പ്രതികരിച്ചാല്‍ ആക്രമിക്കാനുള്ള പ്ലാന്‍ ഉണ്ടായിരുന്നു. സിദ്ധീഖ് കൊല്ലപ്പെട്ടതിന് ശേഷം മാനാഞ്ചിറ പോയി ട്രോളി ബാഗ് വാങ്ങിച്ചു. ഒരു ട്രോളി ബാഗില്‍ ശരീരം കയറില്ലെന്ന് മനസിലായപ്പോള്‍ പിറ്റേന്ന് കട്ടര്‍ വാങ്ങി വീണ്ടും ഒരു ട്രോളി ബാഗ് കൂടി വാങ്ങിച്ചു.
അങ്ങനെ അതേ മുറിയുടെ കുളിമുറിയില്‍ വെച്ച് ശരീരം മുറിച്ച് ട്രോളി ബാഗില്‍ കയറ്റി അട്ടപ്പാടി ചുരത്തില്‍ തള്ളിയിട്ടു.
അതിന് ശേഷം ആയുധങ്ങളും രക്തക്കറ തുടക്കാനും ഉപയോഗിച്ച തുണികളും ഒരു സ്ഥലത്ത് ഒളിപ്പിച്ചു. കാറ് ഉപേക്ഷിച്ചു. തെളിവുകള്‍ നശിപ്പിച്ച സ്ഥലങ്ങള്‍ അവര്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് തെളിവെടുപ്പുണ്ട്. കുറച്ചധികം കാര്യങ്ങള്‍ കിട്ടിയിട്ടുണ്ട്. അത് വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
സിദ്ധീഖിന് ഹണിട്രാപിനെ കുറിച്ചറിയില്ലായിരുന്നുവെന്നും അദ്ദേഹം പെട്ടുപോയതാണെന്നും എസ്. പി പറഞ്ഞു.
‘സിദ്ധീഖിന് ഹണിട്രാപ് അറിയില്ലായിരുന്നു. ഫര്‍ഹാനയെ അദ്ദേഹത്തിന് അറിയാം. ഫര്‍ഹാനയുടെ പിതാവും സിദ്ധീഖും തമ്മില്‍ പരിചയമുണ്ട്. ഫര്‍ഹാന ആവശ്യപ്പെട്ട പ്രകാരമാണ് ഷിബിലിക്ക് ജോലി കൊടുത്തത്.
അദ്ദേഹം പെട്ടുപോയതായിരുന്നു. കാര്യങ്ങളെല്ലാം പ്ലാന്‍ ചെയ്തത് ഷിബിലിയാണ്. 19നാണ് അവര്‍ മൃതദേഹം വലിച്ചെറിഞ്ഞത്. ആഷിക്കാണ് അട്ടപ്പാടി ചുരത്തിന്റെ പ്ലാന്‍ പറഞ്ഞ് കൊടുത്തത്. തുടര്‍ന്ന് 24ന് ട്രെയിന്‍ കയറി ചെന്നൈക്ക് പോയി. അസമിലേക്ക് കടന്നു കളയാനായിരുന്നു പദ്ധതി,’ സുജിത് ദാസ് പറഞ്ഞു.
content highlight: Farhana brought the hammer; Shibli nodded; What happened was the honeytrap; Police in Siddique’s murder