| Thursday, 26th July 2012, 5:04 pm

'രങ്ക് ദി ബസന്തി'യില്‍ അഭിനയിക്കാമായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു: ഫര്‍ഹാന്‍ അക്തര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഫെയ്‌സ് ടു ഫെയ്‌സ്/ ഫര്‍ഹാന്‍ അക്തര്‍

മൊഴിമാറ്റം/ ജിന്‍സി


ബോളിവുഡിലെ സകലകലാവല്ലഭനാണ് ഫര്‍ഹാന്‍ അക്തര്‍. സംവിധായകന്‍ എഴുത്തുകാരന്‍ എന്നീ നിലകളില്‍ ദില്‍ ചക്താ ഹെ എന്ന ചിത്രത്തിലൂടെ പന്ത്രണ്ട് വര്‍ഷം മുമ്പ് ബോളിവുഡില്‍ കാലെടുത്തുവെച്ച ഫര്‍ഹാന്‍ അക്തര്‍ പിന്നീട് നടന്‍, പിന്നണി ഗായകന്‍, ഗാനരചയിതാവ് എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടു.

[]

അവസാനമായി ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്ത ഡോണ്‍ 2 100കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു. സിന്ദഗി ന മിലേഗി ദൊബാര എന്ന ചിത്രത്തിലെ ഫര്‍ഹാന്റെ പെര്‍ഫോമെന്‍സും ക്ലിക്കായി.

ഭാഗ് മില്‍ഖ ഭാഗ് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഫര്‍ഹാനിപ്പോള്‍. രാകേഷ് ഓംപ്രകാശ് മെഹ്ര സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യന്‍ അത്‌ലറ്റ് മില്‍ഖ സിങ്ങിന്റെ കഥയാണ് പറയുന്നത്.

ഭാഗ് മില്‍ഖ ഭാഗിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങളെയും പിതാവ് ജാവേദ് അക്തറിനെയും കുറിച്ച് ഫര്‍ഹാന്‍ അക്തര്‍ സംസാരിക്കുന്നു

ഭാഗ് മില്‍ഖ ഭാഗിന്റെ ചിത്രീകരണവേളയിലാണ് നിങ്ങളിപ്പോള്‍. ചിത്രീകരണം എങ്ങനെപോകുന്നു?

ചിത്രത്തിന്റെ പകുതിയോളം പൂര്‍ത്തിയായി. രണ്ടാം ഷെഡ്യൂള്‍ സെപ്റ്റംബറില്‍ ആരംഭിക്കാനാണ് തീരുമാനിച്ചത്. നവംബര്‍ പകുതിയോടെ പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്.

എന്താണ് ആ ചിത്രത്തിലേക്ക് നിങ്ങളെ ആകര്‍ഷിച്ചത്?

മില്‍ഖ സിങ്ങിന്റെ ജീവിതമാണ് എന്നെ ആകര്‍ഷിച്ചത്. തീര്‍ച്ചയായും പറയേണ്ട, അത്ഭുതകരമായ ജീവിതകഥയാണത്. മറ്റുള്ളവര്‍ക്കത് പ്രചോദനമേകുമെന്ന് ഞാന്‍ കരുതുന്നു.

ഈ ചിത്രത്തിനുവേണ്ടി  പ്രവര്‍ത്തിക്കുന്നവരെല്ലാം ആ കഥയുമായി വളരെയധികം ഇഴുകിച്ചേര്‍ന്നവരാണ്. രാജ്യത്തെ യുവാക്കളെല്ലാം ഇത്തരം കഥകള്‍ കാണുകയും കേള്‍ക്കുകയും ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.

ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ നോ പറയാന്‍ എനിക്ക് കഴിയില്ലായിരുന്നു. ഒരു നടനെന്ന നിലയില്‍ വെള്ളിത്തിരയില്‍ മില്‍ഖ സിങ്ങിനെ അവതരിപ്പിക്കാന്‍ കഴിഞ്ഞ ഞാന്‍ ഭാഗ്യവാനാണ്.

ഇപ്പോഴും എനിക്കൊന്നും പഠിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് ഞാന്‍ പഠിച്ച വലിയ പാഠം

ചിത്രത്തിനുവേണ്ടിയുള്ള നിങ്ങളുടെ റിസര്‍ച്ചിന്റെ ഒരു ഭാഗമായിരുന്നു മില്‍ഖ സിങ്ങുമായുള്ള കൂടിക്കാഴ്ച. അദ്ദേഹത്തില്‍ നിന്നും നിങ്ങള്‍ എന്താണ് പഠിച്ചത്?

അദ്ദേഹം നേടിയെടുത്തത് നേടാനായി എത്രത്തോളം അര്‍പ്പണബോധവും കഠിനാധ്വാനവും ആവശ്യമുണ്ട് എന്ന കാര്യമാണ് ഞാനദ്ദേഹത്തില്‍ നിന്ന് പഠിച്ചത്. വളരെ ലളിതമായാണ് അദ്ദേഹത്തിന്റെ ജീവിതം തുടങ്ങുന്നത്. നല്ല തുടക്കമായിരുന്നില്ല ജീവിതത്തില്‍ അദ്ദേഹത്തിന് ലഭിച്ചത്. ഇന്ന് എത്തിനില്‍ക്കുന്ന ഘട്ടത്തിലെത്താനായി അദ്ദേഹത്തിന് വളരെയധികം കഠിനാധ്വാനം ചെയ്യുകയും വിഷമകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോവുകയും ചെയ്യേണ്ടി വന്നു.

എനിക്ക് ഉറപ്പിച്ചു പറയാനാവും, അദ്ദേഹം ജീവിതത്തില്‍ കടന്നുപോയ വഴികളിലൂടെ സഞ്ചരിക്കാന്‍ ഇന്നത്തെ കാലത്തെ പലയാളുകള്‍ക്കും ലജ്ജയായിരിക്കും.

ഈ കഥാപാത്രവുമായി സാമ്യം തോന്നുന്നതിനായി ശാരീരികമായി നിങ്ങള്‍ക്ക് കുറേ മാറ്റങ്ങള്‍ വേണമല്ലോ?

ചെയ്യാനേറെ ബുദ്ധിമുട്ടുള്ള ചിത്രമാണിതെന്ന് എനിക്കറിയാമായിരുന്നു. ചിത്രത്തില്‍ രണ്ട് തവണ എന്റെ ലുക്ക് മാറ്റുന്നുണ്ട്.

ചിത്രം ഒരു അത്‌ലറ്റിനെക്കുറിച്ചാണ്. അതിനാല്‍ എനിക്ക് ആ ലുക്ക് തന്നെ കൈക്കൊള്ളേണ്ടതുണ്ട്. എനിക്ക് തോന്നിയത് മില്‍ഖ സിങ് സ്വന്തം ജീവിതം അങ്ങനെയാക്കിയെടുക്കാന്‍ വര്‍ഷങ്ങള്‍ അധ്വാനിക്കേണ്ടി വന്നു. ഞാനാണെങ്കില്‍ അതിനുവേണ്ടി എന്റെ ജീവിതത്തിലെ ഒരു വര്‍ഷം മാത്രമാണ് നീക്കിവയ്ക്കുന്നത്. അദ്ദേഹത്തിന്റെ വ്യക്തിത്വത്തോട് ഏകദേശമെങ്കിലും സാമ്യം പുലര്‍ത്താന്‍ ആ ചിന്ത എനിക്ക് വലിയ പ്രചോദനമായി.

എനിക്ക് എന്താണ് സന്തോഷം നല്‍കുന്നത് അത് ചെയ്യുകയാണ് ഞാന്‍ ചെയ്യുന്നത്. ഒരു സംവിധായകനായോ, നടനായോ എനിക്ക് പരിശീലനം ലഭിച്ചിട്ടില്ല.

രാകേഷ് ഓംപ്രകാശ് മെഹ്രയാണ് ചിത്രം സംവിധാനം ചെയ്തത്. നേരത്തെ അദ്ദേഹം രങ്ക് ദി ബസന്തിയെന്ന ചിത്രത്തില്‍ നിങ്ങള്‍ക്ക് ഓഫര്‍ നല്‍കിയിരുന്നു. എന്തുകൊണ്ടാണ് അത് വേണ്ടെന്നുവെച്ചത്?

ആ സമയത്ത് ഞാന്‍ അഭിനയിച്ചിരുന്നില്ല. ആ സമയത്ത് നടനാകാനും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. പക്ഷെ ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എനിക്കത് ചെയ്യാമായിരുന്നെന്ന് തോന്നുന്നു. പക്ഷെ ഇപ്പോള്‍ ഏറെ വൈകിപ്പോയി.

ഓരോ തീരുമാനത്തിനും അതിന്റേതായ സമയമുണ്ടെന്നാണ് എന്റെ വിശ്വാസം. റോക്ക് ഓണ്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ട സമയത്ത് ക്യാമറയ്ക്കുമുന്നിലെത്താമെന്ന ആത്മവിശ്വാസം എന്നിലുണ്ടായിരുന്നു.

ആദ്യം നിങ്ങള്‍ സംവിധാനം ചെയ്ത ഒരു ചിത്രത്തിലും അഭിനയിച്ചില്ലല്ലോ, എന്തുകൊണ്ടാണത്?

എനിക്ക് എന്താണ് സന്തോഷം നല്‍കുന്നത് അത് ചെയ്യുകയാണ് ഞാന്‍ ചെയ്യുന്നത്. ഒരു സംവിധായകനായോ, നടനായോ എനിക്ക് പരിശീലനം ലഭിച്ചിട്ടില്ല. മറ്റ് ആളുകളെ നിരീക്ഷിച്ചും അവരുടെ വര്‍ക്ക് പരിശോധിച്ചുമാണ് ഞാന്‍ അത് പഠിച്ചത്.

എഴുത്തിലും സിനിമകള്‍ കാണുന്നതിലും എനിക്ക് ഏറെ താല്‍പര്യമായിരുന്നു.

സിനിമയിലേക്കുള്ള എന്റെ യാത്ര ആരംഭിച്ചപ്പോള്‍ ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. അമീര്‍ ഖാന്‍, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയ പ്രമുഖരോടൊപ്പം ഞാന്‍ ജോലി ചെയ്തു. ഇത് ഏറെ കാര്യങ്ങള്‍ പഠിക്കാന്‍ സഹായിച്ചു.
ആളുകള്‍ എന്റെ വര്‍ക്കിനെക്കുറിച്ച് പരാതി പറയുകയും എന്നിട്ട് അത് കാണാനായി പോകുകയും ചെയ്യുന്നത് എന്താണെന്ന് എനിക്കറിയില്ല
ഒരു ദശാബ്ദത്തിലധികം ഈ മേഖലയില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചു. എന്താണ് പഠിച്ചത്?

ഇപ്പോഴും എനിക്കൊന്നും പഠിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് ഞാന്‍ പഠിച്ച വലിയ പാഠം( ചിരിക്കുന്നു) എന്നെ സംബന്ധിച്ച് സിനിമ വളര്‍ന്നുവരുന്ന മാധ്യമാണ്. അതിന് എപ്പോഴെങ്കിലും പരിപൂര്‍ണതയിലെത്താന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.

ഇന്റസ്ട്രിയിലേക്ക് പുതുതായി വരുന്നവരുമായി ഞാന്‍ ചര്‍ച്ച നടത്താറുണ്ട്. അവര്‍ക്ക് പുതിയ പുതിയ ആശയങ്ങളുണ്ടാവും. ഈ ഇന്റസ്ട്രിയില്‍ നിങ്ങള്‍ എപ്പോഴും വിദ്യാര്‍ത്ഥികളാണ്. ഒരിക്കലും നിങ്ങള്‍ക്ക് അവസാനം കണ്ടെത്താനാവില്ല.

ആളുകള്‍ എന്റെ വര്‍ക്കിനെക്കുറിച്ച് പരാതി പറയുകയും എന്നിട്ട് അത് കാണാനായി പോകുകയും ചെയ്യുന്നത് എന്താണെന്ന് എനിക്കറിയില്ല

നിങ്ങളുടെ സിനിമകള്‍ പൊതുജനങ്ങള്‍ക്കുവേണ്ടിയല്ലെന്ന് ആളുകള്‍ പറയുന്നുണ്ടല്ലോ?

എനിക്ക് ഇഷ്ടമുള്ള ചിത്രങ്ങളാണ് ഞാന്‍ ഉണ്ടാക്കാറുള്ളത്. ആളുകള്‍ എന്റെ വര്‍ക്കിനെക്കുറിച്ച് പരാതി പറയുകയും എന്നിട്ട് അത് കാണാനായി പോകുകയും ചെയ്യുന്നത് എന്താണെന്ന് എനിക്കറിയില്ല (ചിരിക്കുന്നു).

കാര്യം വളരെ ലളിതമാണ്. ആരുടെയെങ്കിലും വര്‍ക്ക് നിങ്ങള്‍ക്കിഷ്ടമല്ലെങ്കില്‍ നിങ്ങള്‍ അത് കാണേണ്ട. ടെലിവിഷനില്‍ എനിക്കിഷ്ടപ്പെടാത്തതെന്തെങ്കിലും കാണുമ്പോള്‍ ഞാന്‍ ചാനല്‍ മാറ്റും. എന്താണ് തങ്ങളെ ആകര്‍ഷിക്കുകയെന്ന കാര്യം ആര്‍ക്കെങ്കിലും എഴുത്തുകാരനും സംവിധായകനും പറഞ്ഞുകൊടുക്കാനാവുമെന്ന് എനിക്ക് തോന്നുന്നില്ല.

ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ നിങ്ങളെ ഏറ്റവുമധികം ആകര്‍ഷിക്കുന്നതെന്താണ്?

ജനങ്ങളുടെ കഥയാണ് എന്നെ ആകര്‍ഷിക്കുന്നത്. ഗോസിപ്പുകളും ന്യൂസ് പേപ്പര്‍ ആര്‍ട്ടിക്കിളുകളുമുണ്ടായാലും എല്ലാവരും അറിയാനാഗ്രഹിക്കുന്നത് മറ്റ് ആളുകള്‍ക്ക് എന്ത് സംഭവിക്കുന്നുവെന്നാണ്. എനിക്ക് തോന്നുന്നത് ആളുകളുടെ ആ താല്‍പര്യമാണ് സിനിമകളെ വളര്‍ത്തുന്നതെന്നാണ്.

എഴുത്തിന് ഏതെങ്കിലും പ്രത്യേക സമയം തീരുമാനിക്കാറുണ്ടോ?

തിരക്കഥയ്ക്കുവേണ്ടിയാണ് ഞാന്‍ ഒരുപാട് സമയം ചിലവഴിക്കാറുള്ളത്. ഒരു നിര്‍മാണ കമ്പനിയെന്ന നിലയില്‍ ഞങ്ങള്‍ക്കുവേണ്ടി ജോലി ചെയ്യാന്‍ റീമ കാഗ്ടി, സോയ അക്തര്‍, അഭിഷേക് കപൂര്‍ തുടങ്ങിയ സംവിധായകരുണ്ട്.

“ലക്ഷ്യ”യൊഴികെ ഒരു ചിത്രത്തിലും അച്ഛന്‍ ജാവേദ് അക്തറുമായി പങ്കുചേര്‍ന്നിട്ടില്ല. അടുത്തുതന്നെ ഇത് സംഭവിക്കുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷിക്കാമോ?

എട്ട് വര്‍ഷമായി “ലക്ഷ്യ” പുറത്തിറങ്ങിയിട്ട്. അതിനുശേഷം തിരക്കഥാ രംഗത്ത് അച്ഛന്‍ വന്നിട്ടില്ല. തിരക്കഥയിലേക്ക് അദ്ദേഹം വരണമെന്നാണ് എന്റെ ആഗ്രഹം. ഒരുപാടാളുകള്‍ അദ്ദേഹത്തോട് ഇക്കാര്യം പറയുന്നുണ്ട്. അദ്ദേഹത്തിന്റെ മനസില്‍ ഇപ്പോഴും ഒരുപാടാശയങ്ങളുണ്ട്. എഴുത്തില്‍ തുടരാന്‍ അദ്ദേഹത്തിന് ആഗ്രഹമില്ലെങ്കില്‍ വെറും രണ്ട് തിരക്കഥയെങ്കിലും അദ്ദേഹം എഴുതണം.

എല്ലാ കാര്യത്തിലും അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാഴ്ചപ്പാടുണ്ട്. അതെല്ലാം  ഉപയോഗിക്കുകയാണെങ്കില്‍ വളരെ മനോഹരമായ ഒരു ചിത്രം അദ്ദേഹത്തിന് സംഭാവനചെയ്യാനാവും. അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഞാനേറെ കാത്തിരിക്കുന്നുണ്ട്.

നിങ്ങള്‍ എഴുതിയ തിരക്കഥ അച്ഛനെ കാണിച്ച് അഭിപ്രായം തേടാറുണ്ടോ?

തീര്‍ച്ചയായും. എല്ലാ സ്‌ക്രിപ്റ്റും അദ്ദേഹം വായിക്കാറുണ്ട്. സംഭാഷണങ്ങള്‍ എഴുതുകയാണെങ്കില്‍ പോലും ഞാന്‍ അദ്ദേഹത്തിനടുത്തിരുന്ന് അഭിപ്രായം ചോദിക്കും. വളരെയേറെ അനുഭവ സമ്പത്തുള്ളയാളാണ് അദ്ദേഹം.

സംവിധായകന്‍ ആകാന്‍ വേണ്ടിയാണ് നിങ്ങളുടെ അച്ഛന്‍ സിനിമാ ഇന്റസ്ട്രിയിലെത്തിയത്. നിങ്ങളിലൂടെ അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ സഫലമാകുകയാണോ ചെയ്യുന്നത്?

ഭാഗ്യവശാല്‍ മക്കളിലൂടെ സ്വന്തം സ്വപ്‌നങ്ങള്‍ സഫലമാക്കുന്ന രക്ഷിതാക്കളുള്ള കുടുംബത്തിലല്ല ഞങ്ങള്‍ ജീവിക്കുന്നത്. വളരെ തിരക്കുള്ള ജീവിതമാണ് അദ്ദേഹത്തിന്റേത്. സമൂഹത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ അദ്ദേഹം ചെയ്യുന്നുണ്ട്. അതില്‍ അദ്ദേഹം സംതൃപ്തനുമാണ്.

തനിക്കിനിയും ഒരുപാട് ചെയ്യാനുണ്ടെന്നാണ് അദ്ദേഹത്തിന് ഇപ്പോഴും തോന്നുന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അദ്ദേഹം എഴുത്തിലേക്ക് തിരിച്ചുവരണമെന്നാണ് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നത്.

“ഷാദി കി സൈഡ് ഇഫക്ട്” എന്ന ചിത്രത്തില്‍ വിദ്യാബാലന്റെ നായകനായി നിങ്ങള്‍ വരുന്നുണ്ടോ?

അതെ. ആ ചിത്രത്തിനുവേണ്ടി ഞാന്‍ കരാര്‍ ചെയ്തിട്ടുണ്ട്. 2013ന്റെ ആദ്യം ചിത്രം തുടങ്ങാനാകുമെന്നാണ് ഞാന്‍ കരുതുന്നത്.

കടപ്പാട്:  റെഡ്ഡിഫ്.കോം

We use cookies to give you the best possible experience. Learn more