| Saturday, 9th December 2017, 12:12 pm

ആ ദൃശ്യങ്ങള്‍ കണ്ട് തലകറങ്ങിപ്പോയി; ജീവിതം ഇത്തരത്തില്‍ മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നും ഫര്‍ഹാന്‍ അക്തര്‍

എഡിറ്റര്‍

ന്യൂദല്‍ഹി: ലവ് ജിഹാദിന്റെ പേരില്‍ രാജസ്ഥാനില്‍ യുവാവിനെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയ ശേഷം ജീവനോടെ കത്തിച്ച സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി സംവിധായകനും നടനും ഗായകനുമായ ഫര്‍ഹാന്‍ അക്തര്‍.

ആ മനുഷ്യനെ കൊലപ്പെടുത്തുന്ന വീഡിയോ കണ്ട് തലകറങ്ങിപ്പോയെന്ന് ഫര്‍ഹാന്‍ പറയുന്നു. ഇത്രയും ക്രൂരമായി ഒരാളെ കൊലപ്പെടുത്തുന്ന വീഡിയ കണ്ട് എങ്ങനെ നമുക്ക് ഈ ലോകത്ത് സമാധാനമായി ജീവിക്കാനാവാവുമെന്നും ഫര്‍ഹാന്‍ ചോദിക്കുന്നു.

മനുഷ്യജീവന് യാതൊരു പ്രാധാന്യവും കല്‍പിക്കാത്ത ഈ രാജ്യത്ത് ഇത്തരത്തില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവില്ല. ഭീകരവും ഞെട്ടിപ്പിക്കുന്നതുമാണ് ആ ദൃശ്യങ്ങള്‍. ആ കൊലപാതകം മുഴുവന്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തത് ഒരു പതിനാലുകാരനാണെന്നതാണ് അതിനേക്കാള്‍ ഭീകരം ഇതൊക്കെ കണ്ട് എങ്ങനെയാണ് ഇവിടെ ജീവിക്കാനാവുക?


Dont Miss ഇ.വി.എമ്മുകള്‍ക്ക് പിഴവ്; ഗുജറാത്തില്‍ വിവിധയിടങ്ങളില്‍ വോട്ടിങ് മുടങ്ങി


ഇത്തരം വിഷയങ്ങളില്‍ സിനിമാ മേഖലയിലുള്ളവര്‍ ശക്തമായി പ്രതികരിച്ചേ തീരൂ. ആളുകളെ രസിപ്പിക്കാന്‍ വേണ്ടി മാത്രമുള്ളവരാണ് കലാകാരന്‍മാര്‍ എന്നും സാമൂഹിക പരിവര്‍ത്തനങ്ങള്‍ നമ്മുടെ വിഷയമല്ലെന്നും പറഞ്ഞ് ആരും ഒഴിഞ്ഞുമാറരുത്.

സിനിമാ താരങ്ങള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാണ്. അവര്‍ സമൂഹത്തിനോട് ഉത്തരവാദിത്വമുള്ളവരാണെന്നും ശക്തമായ പ്രതികരണവുമായി അവര്‍ രംഗത്തെത്തണമെന്നും ഫര്‍ഹാന്‍ പറയുന്നു.

മറ്റുള്ളവര്‍ എന്ത് പറയുന്നു, പറയുന്നില്ല എന്നുള്ളതൊന്നും എന്റെ വിഷയമല്ല. സാമൂഹ്യജീവി എന്ന നിലയിലുള്ള എനിക്ക് തോന്നിയ കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്. സാമൂഹികമായി പ്രതിബദ്ധതയുള്ള വ്യക്തിയാകുകയെന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും ഫര്‍ഹാന്‍ വ്യക്തമാക്കി.

മനുഷ്യത്വമുള്ളവരായി ജീവിക്കാന്‍ കഴിയുകയെന്നതാണ് പ്രധാനം. നമുക്ക് കഴിയാത്തത് ചെയ്യുക എന്നല്ല ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം. എല്ലാവര്‍ക്കും അബദ്ധങ്ങള്‍ സംഭവിക്കാം. എനിക്കും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ തെറ്റ് തിരുത്തി ശരി ചെയ്യാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ഒരു കാര്യം ഓര്‍ക്കണം. ജനങ്ങളുടെ കണ്ണുകള്‍ എല്ലായ്‌പ്പോഴും നമുക്ക് മേലുണ്ട്. അതുകൊണ്ട് തന്നെ കഴിയാവുന്നിടത്തോളം നന്നായി പെരുമാറാന്‍ ശ്രമിക്കുക. നല്ല കാര്യം ചെയ്യുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ ശ്രമിക്കുക- ഫര്‍ഹാന്‍ പറയുന്നു.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more