ന്യൂദല്‍ഹി: ബി.ജെ.പി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് താക്കൂര്‍ മത്സരിക്കുന്ന ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലത്തില്‍ പോളിങ് ഇന്നാണെന്നു തെറ്റിദ്ധരിച്ച് ട്വീറ്റ് ചെയ്ത ബോളിവുഡ് നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തറിന് ട്വിറ്ററില്‍ ട്രോള്‍മഴ. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ട്രോളേഴ്‌സിനു മറുപടിയുമായി ഫര്‍ഹാന്‍ ട്വിറ്ററില്‍ തിരിച്ചെത്തിയതും ശ്രദ്ധേയമായി.
മഹാത്മാ ഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്‌സെയെ അനുകൂലിച്ച് സംസാരിച്ച പ്രജ്ഞയ്‌ക്കെതിരേ വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ച ട്വീറ്റിനാണ് ട്രോള്‍ നേരിടേണ്ടിവന്നത്. ‘ഭോപ്പാലിലെ പ്രിയ വോട്ടര്‍മാരേ, വീണ്ടും ഒരു വാതകദുരന്തമുണ്ടാകുന്നതില്‍ നിന്നും നിങ്ങളുടെ നഗരത്തെ രക്ഷിക്കുന്നതിനുള്ള സമയമാണിത്.’ എന്ന ട്വീറ്റിനൊടുവില്‍ ‘സേ നോ ടു പ്രജ്ഞ’ എന്നും ‘സേ നോ ടു ഗോഡ്‌സെ’ എന്നും ഹാഷ്ടാഗ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ആ ട്വീറ്റ് വന്നത് ഇന്നു രാവിലെ 8.41-നാണ്. എന്നാല്‍ ആറാംഘട്ട വോട്ടെടുപ്പ് നടന്ന മെയ് 12-നു തന്നെ ഭോപ്പാലില്‍ പോളിങ് കഴിഞ്ഞതാണെന്ന കാര്യം ഫര്‍ഹാന്‍ അറിഞ്ഞില്ലെന്നതാണ് കൗതുകമായത്. ഇതു മുതലാക്കി പലരും ഫര്‍ഹാനെ പരിഹസിക്കാനും രൂക്ഷമായി വിമര്‍ശിക്കാനും രംഗത്തെത്തുകയായിരുന്നു.
എന്നാല്‍ വൈകീട്ട് 3.16 ആയപ്പോള്‍ ട്രോളേഴ്‌സിനു തക്ക മറുപടിയുമായി ഫര്‍ഹാന്റെ അടുത്ത ട്വീറ്റെത്തി. ‘എന്റെ തീയതി തെറ്റിയതിനാണ് എന്നെ അവര്‍ കളിയാക്കുന്നത്. പക്ഷേ ഇതേ ആളുകള്‍ തന്നെ ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ചവരെ പിന്തുണയ്ക്കുന്നു’ എന്നായിരുന്നു ഫര്‍ഹാന്റെ ഈ ട്വീറ്റ്.
‘നിങ്ങള്‍ ഉറങ്ങുകയാണ്? വോട്ടിങ് കഴിഞ്ഞു’, ‘നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന്‍ മാറ്റൂ, നിങ്ങളെഴുതുന്ന ട്വീറ്റുകള്‍ 10 ദിവസം കഴിഞ്ഞാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്’ എന്നൊക്കെയായിരുന്നു ഫര്‍ഹാനു വന്ന ട്രോളുകള്‍.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ ഗാനങ്ങള്‍ എഴുതിയിരിക്കുന്നവരുടെ പേരിനൊപ്പം ഗാനരചയിതാവായ ജാവേദിന്റെ പേര് പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ആ സിനിമയ്ക്കു വേണ്ടി താന്‍ ഗാനങ്ങളൊന്നും എഴുതിയിട്ടില്ലെന്നു ജാവേദ് വെളിപ്പെടുത്തിയത് ഏറെ ചര്‍ച്ചയായിരുന്നു.