ഇംഗ്ലണ്ടില്‍ ഇരട്ടചരിത്രം കുറിച്ച് 16കാരന്‍; വിക്കറ്റ് വേട്ടയില്‍ ഇവന്‍ അമ്പരപ്പിച്ചു!
Sports News
ഇംഗ്ലണ്ടില്‍ ഇരട്ടചരിത്രം കുറിച്ച് 16കാരന്‍; വിക്കറ്റ് വേട്ടയില്‍ ഇവന്‍ അമ്പരപ്പിച്ചു!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 31st August 2024, 8:52 am

ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഫര്‍ഹാന്‍ അഹമ്മദ്. ട്രെന്റ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ നോട്ടിങ്ഹാംഷെയറിന് വേണ്ടിയാണ് ഈ യുവ സ്പിന്‍ ബൗളര്‍ മിന്നും പ്രകടനം കാഴ്ചവെച്ചത്. സറേയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടിയാണ് താരം അമ്പരപ്പിച്ചത്.

കൗണ്ടിയില്‍ അഞ്ച് വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാനാണ് ഫര്‍ഹാന് സാധിച്ചത്. നേരത്തെ ഈ നേട്ടം കൈവരിച്ച 16 വയസും 203 ദിവസവും പ്രായമുള്ള ഹമീദുള്ള ഖാദ്രിയുടെ റെക്കോഡാണ് താരം മറികടന്നത്.

2017ല്‍ ഡെര്‍ബിഷെയറിന് വേണ്ടിയുള്ള മത്സരത്തിലായിരുന്നു താരം ഈ നേട്ടം സ്വന്തമാക്കിയത്. 16 വയസും 189 ദിവസവുമുള്ളപ്പോളാണ് ഫര്‍ഹാന്‍ ഈ മിന്നും പ്രകടനം കാഴ്ചവെച്ചത്.

മാത്രമല്ല ഇതിന് പുറമെ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി റെക്കോഡ് സൃഷ്ടിക്കാനും താരത്തിന് സാധിച്ചിരുന്നു. ഇംഗ്ലണ്ട് ലെഗ് സ്പിന്നര്‍ രെഹാന്‍ അഹമ്മദിന്റെ ഇളയ സഹോദരനാണ് ഫര്‍ഹാന്‍.

സഹോദരനില്‍ നിന്ന് വ്യത്യസ്തനായി ഫര്‍ഹാന്‍ ഓഫ് സ്പിന്നും ചെയ്യാറുണ്ട്. ഭാവിയില്‍ ഇംഗ്ലണ്ടിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാന്‍ ഇരുവര്‍ക്കും സാധിക്കുമെന്ന് മുന്‍ ക്രിക്കറ്റ് താരങ്ങള്‍ നിരീക്ഷിച്ചിരുന്നു. മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടി ചരിത്രം സൃഷ്ടിച്ച താരം ഭാവിയെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

‘ഒരേ ടീമില്‍ രണ്ട് ലെഗ് സ്പിന്നര്‍മാരെ നിങ്ങള്‍ക്ക് ആവശ്യമില്ല. ഞങ്ങള്‍ക്ക് ഇംഗ്ലണ്ടിനായി കളിക്കണമെങ്കില്‍, ഞങ്ങള്‍ക്ക് രണ്ട് വ്യത്യസ്ത കാര്യങ്ങള്‍ ചെയ്യേണ്ടിവരും,’ റെഹാന്‍ 2022ല്‍ ടെലിഗ്രാഫിനോട് പറഞ്ഞു.

 

Content Highlight: Farhan Ahmed becomes youngest bowler in County history to pick five-wicket haul