| Sunday, 18th February 2024, 8:14 am

സൗത്ത് ആഫ്രിക്കന്‍ ഇതിഹാസത്തിന് വിട

സ്പോര്‍ട്സ് ഡെസ്‌ക്

മുന്‍ സൗത്ത് ആഫ്രിക്കന്‍ ഓള്‍ റൗണ്ടറും പരിശീലകനുമായ മൈക്ക് പ്രോക്ടര്‍ 77ാം വയസ്സില്‍ അന്തരിച്ചു. രോഗ ബാധിതനായ അദ്ദേഹം ശസ്ത്രക്രിയയ്ക്ക് ശേഷമാണ് മരണപ്പെട്ടതെന്ന് കുടുംബം സൗത്ത് ആഫ്രിക്കയിലെ വെബ്‌സൈറ്റ് 24 നോട് അറിയിച്ചു.

‘ശസ്ത്രക്രിയയ്ക്കിടെ അദ്ദേഹത്തിന് ഒരു സങ്കീര്‍ണത അനുഭവപ്പെട്ടു, ഐ.സി.യുവില്‍ ആയിരിക്കുമ്പോള്‍ ഹൃദയസ്തംഭനത്തിലേക്ക് പോയി. അദ്ദേഹം അബോധാവസ്ഥയിലായി, നിര്‍ഭാഗ്യവശാല്‍ ഒരിക്കലും ഉണര്‍ന്നില്ല,’ഭാര്യ മെറീന സൗത്ത് ആഫ്രിക്കന്‍ വെബ്‌സൈറ്റായ ന്യൂസ് 24 നോട് പറഞ്ഞു.

കൗണ്ടിയില്‍ ഗ്ലൗസെസ്റ്റര്‍ഷെയറിന് വേണ്ടി ക്രിക്കറ്റ് കളിച്ച എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായിരുന്നു പ്രോക്ടര്‍. 1965 നും 1981 നും ഇടയില്‍ ഗ്ലൗസെസ്റ്റര്‍ഷെയറിലെ തന്റെ 16 വര്‍ഷത്തെ കളിജീവിതത്തില്‍, പ്രോക്ടര്‍ ക്ലബിനായി മൊത്തം 482 മത്സരങ്ങള്‍ കളിച്ചു, ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ ക്രിക്കറ്റില്‍ 20,072 റണ്‍സും 1,113 വിക്കറ്റും നേടി.

1977 നും 1981 നും ഇടയില്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന പ്രോക്ടര്‍, ‘പ്രോക്ടര്‍ഷെയറിന്’ വേണ്ടി ഒരു കരിയറില്‍ 5,000 റണ്‍സും 500 വിക്കറ്റും നേടിയിരുന്നു.

വര്‍ണ്ണ വിവേചനത്തിന് തുടര്‍ന്ന് അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയര്‍ മുരടിച്ചു പോയിരുന്നു. ഇതേത്തുടര്‍ന്ന് ഏഴ് ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് ഈ മുന്‍ ഫാസ്റ്റ് ബൗളറും ഹാര്‍ഡ് ഹിറ്റ് ബാറ്ററുമായ മൈക്കിന് കളിക്കാന്‍ സാധിച്ചത്. ശേഷം 1991ല്‍ പരിശീലകനായി സൗത്ത് ആഫ്രിക്കന്‍ ടീമിനോടൊപ്പം എത്തിയപ്പോള്‍ ഓസ്‌ട്രേലിയയില്‍ നടന്ന ലോകകപ്പില്‍ ടീമിനെ സെമിഫൈനലില്‍ എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

പിന്നീട് അദ്ദേഹം ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ മാച്ച് റഫറിമാരുടെ പാനലിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ സൗത്ത് ആഫ്രിക്കയുടെ സെലക്ടര്‍മാരുടെ കണ്‍വീനറായും സേവനമനുഷ്ഠിച്ചു.

401 ഫസ്റ്റ് ക്ലാസ് ഗെയിമുകള്‍ കളിച്ച പ്രോക്ടര്‍ 36.01 ശരാശരിയില്‍ 48 സെഞ്ച്വറികളും 109 അര്‍ധസെഞ്ച്വറികളും സഹിതം 21,936 റണ്‍സ് നേടി. 19.53 ശരാശരിയില്‍ 1,417 വിക്കറ്റുകളും അദ്ദേഹം നേടി.

Content Highlight: Farewell to the South African legend

We use cookies to give you the best possible experience. Learn more