ഇസ്രഈലിനെതിരെ ഫലസ്തീനില്‍, ലണ്ടനിലെ തൊഴിലാളി പ്രക്ഷോഭങ്ങളില്‍, കേരളത്തിലെ തെരുവുകളില്‍ 'ട്രൂലി ഇന്റര്‍നാഷണലായ' സുനീത് ചോപ്രക്ക് വിട
national news
ഇസ്രഈലിനെതിരെ ഫലസ്തീനില്‍, ലണ്ടനിലെ തൊഴിലാളി പ്രക്ഷോഭങ്ങളില്‍, കേരളത്തിലെ തെരുവുകളില്‍ 'ട്രൂലി ഇന്റര്‍നാഷണലായ' സുനീത് ചോപ്രക്ക് വിട
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th April 2023, 8:52 am

ന്യൂദല്‍ഹി: സി.പി.ഐ.എം മുന്‍ കേന്ദ്ര കമ്മിറ്റി അംഗവും അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്ന സുനീത് ചോപ്ര അന്തരിച്ചു. ബുധനാഴ്ച നടക്കുന്ന കര്‍ഷക സമര പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം വഹിക്കവേ ഗുരുഗ്രാമില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള യാത്രാമധ്യേ അന്ത്യം സംഭവിക്കുകയായിരുന്നു.

1941ല്‍ ലാഹോറില്‍ ജനിച്ച ചോപ്ര ദല്‍ഹിയിലും കൊല്‍ക്കത്തയിലുമുള്ള വിദ്യാഭ്യാസ ശേഷം ഉപരിപഠനത്തിനായി ലണ്ടന്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസിലേക്ക് പോകുകയായിരുന്നു.

പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ഫലസ്തീന്‍ ജനതക്ക് വേണ്ടി ഇസ്രഈലിനെതിരെ പോരാടി. ഫലസ്തീന്‍ വിമോചന പ്രസ്ഥാനത്തിന്റെ ഭാഗമായി. കൂടാതെ ലണ്ടന്‍ തൊഴിലാളി സമരത്തിന്റെയും ഭാഗമായിരുന്നു. പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ അദ്ദേഹം ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സ്റ്റിയില്‍ പ്രാദേശിക വികസനത്തില്‍ പഠനം ആരംഭിച്ചു. അവിടെ നിന്നും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകുകയായിരുന്നു.

ജെ.എന്‍.യു യൂണിയന്റെ ഭരണഘടന ഉണ്ടാക്കിയവരില്‍ ഒരാള്‍ കൂടിയാണ് സുനീത് ചോപ്ര. 1980ല്‍ ഡി.വൈ.എഫ്.ഐ രൂപീകരിച്ചപ്പോള്‍ ട്രഷറര്‍ ആയ അദ്ദേഹം 1972ല്‍ സി.പി.ഐ.എം അംഗമാവും 1995ല്‍ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവുമായി. 1991 മുതല്‍ 2023 വരെ അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു.

അക്കാലങ്ങളില്‍ കര്‍ഷകരെ സംഘടിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും പ്രക്ഷോഭങ്ങള്‍ നയിക്കാന്‍ മുന്‍ കയ്യെടുത്തു.

കേരളമടക്കം നിരവധി സംസ്ഥാനങ്ങളില്‍ തെരുവുകളില്‍ പ്രസംഗിച്ച് നിരവധി യുവതയെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്.

നരവംശ ശാസ്ത്രം, ചിത്രകല, സാഹിത്യം തുടങ്ങി എല്ലാ മേഖലകളിലും പ്രാവീണ്യമുള്ള ചോപ്ര ഇന്ത്യയിലെ പല ഭാഷകളിലുമുള്ള മാസികകളില്‍ നിരന്തരം എഴുതി കൊണ്ടിരുന്നു. കൊച്ചിയിലെ ബിനാലെ സന്ദര്‍ശിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തിരുന്നു.

എസ്.എഫ്.ഐയുടെ ഹിന്ദി മാസിക, പാര്‍ട്ടിയുടെ ഹിന്ദി വാരികയായ ലോക് ലഹര്‍, കിസാന്‍ സഭയുടെ മാസിക അങ്ങനെ ഏതെങ്കിലും ഒന്ന് അദ്ദേഹത്തിന്റെ കൈയില്‍ എപ്പോഴുമുണ്ടാകുമെന്ന് പല നേതാക്കളും ഓര്‍മിക്കുന്നു.

ഈ മാസികകള്‍ അദ്ദേഹം വെറുതെ കൊണ്ട് നടന്നതായിരുന്നില്ലെന്നും, ഏത് പരിപാടിയുണ്ടെങ്കിലും മിക്കവാറും ഘട്ടങ്ങളില്‍ ഓട്ടോയില്‍ സഞ്ചരിക്കുന്ന സുനീത് ചോപ്ര മാസികകള്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കൈമാറുമെന്നും ഓര്‍മിക്കുകയാണ് എസ്.എഫ്.ഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം നിതീഷ് നാരായണന്‍.

 മരണത്തിന്റെ അവസാനനിമിഷം വരെ കര്‍ഷകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയാണ് അദ്ദേഹം ഈ ലോകം വിട്ട് പോയിരിക്കുന്നത്.

1941 ഡിസംബര്‍ 24ന് ലാഹോറിലാണ് സുനീത് ചോപ്ര ജനിച്ചത്. പങ്കാളി സുമിത്ര ചോപ്ര സി.പി.ഐ.എം രാജസ്ഥാന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗമാണ്.

content highlight: Farewell to Suneet Chopra, India’s Farmers’ Mentor who fought in the streets of Palestine against Israel and was part of the London labor strikes.