| Saturday, 14th September 2024, 3:56 pm

സീതാറാം യെച്ചൂരിക്ക് അന്തിമോപചാരമര്‍പ്പിച്ച് ഫലസ്തീന്‍, ചൈന, വിയറ്റ്‌നാം പ്രതിനിധികള്‍; മൃതദേഹം വിലാപയാത്രയായി എയിംസിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് യാത്രാമൊഴി. എ.കെ.ജി ഭവനിലെ പൊതുദര്‍ശനത്തിന് ശേഷമുള്ള വിലാപയാത്ര ആരംഭിച്ചു. വിലാപ യാത്രയില്‍ മുതിര്‍ന്ന നേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും അണിനിരന്നിട്ടുണ്ട്.

വിലാപയാത്രക്ക് ശേഷം അദ്ദേഹത്തിന്റെ ഭൗതിക ശരീരം വൈദ്യശാസ്ത്ര പഠനത്തിനായി എയിംസിന് വിട്ടുനല്‍കും.

സി.പി.ഐ.എം ദേശീയ ആസ്ഥാനമായ എ.കെ.ജി ഭവനില്‍ നടന്ന പൊതുദര്‍ശനത്തില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി മാധവ് കുമാര്‍, ഇന്ത്യയിലെ ഫലസ്തീന്‍ അംബാസിഡര്‍ അദ്‌നാന്‍ അബു അല്‍ഹൈജ, വിയറ്റ്‌നാം അംബാസിഡര്‍ ഗുയെന്‍ തന്‍ ഹായ്,

ചൈനീസ് അംബാസഡര്‍ ഷു ഫെയ്‌ഹോങ്, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഹിസ്റ്റോറിയന്‍ റോമില ഥാപ്പര്‍, കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കളും സീതാറാം യെച്ചൂരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പി.ബി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചേര്‍ന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്.

വെള്ളിയാഴ്ച വൈകീട്ട് 3.05നാണ് സീതാറാം യെച്ചൂരി അന്തരിച്ചത്. ആഗസ്ത് 19ന് പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച അദ്ദേഹം ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് 72ാം വയസില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

എ.കെ.ജി ഭവനിൽ നിന്ന് എയിംസിലേക്കുള്ള വിലാപയാത്രയില്‍ ആയിരങ്ങളാണ് അണിനിരന്നിട്ടുള്ളത്. പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, എം.എ. ബേബി, എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള മന്ത്രിമാരും വിലാപയാത്രയില്‍ പങ്കെടുക്കുന്നുണ്ട്.

Content Highlight: farewell comrade the country bids farewell to sitaram yechury

We use cookies to give you the best possible experience. Learn more