വാഷിങ്ടണ്‍: ഇന്ത്യന്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഫരീദ് സക്കറിയ അമേരിക്കയിലെ പ്രശസ്തമായ യേല്‍ സര്‍വകലാശാലയുടെ ഭരണസമിതിയില്‍ നിന്നും രാജിവെച്ചു. യേല്‍ സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയ അദ്ദേഹം കഴിഞ്ഞ
ആറുവര്‍ഷമായി സര്‍വകലാശാലയുമായി സഹകരിച്ച് വരികയായിരുന്നു.[]
എന്നാല്‍ പത്രപ്രവര്‍ത്തനത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാജിവെയ്ക്കുന്നതെന്നാണ് സക്കറിയ പറഞ്ഞത്. പത്രപ്രവര്‍ത്തന ഇതര പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍മാറാനുള്ള അദ്ദേഹത്തിന്റെ നീക്കം അടുത്തിടെ അദ്ദേഹത്തിനെതിരെ ഉണ്ടായ ലേഖന കോപ്പിയടി വിവാദത്തിന് ശേഷം ഏറെ ശ്രദ്ധേയമായിട്ടുണ്ട്.
ടൈം മാഗസിനിലെ അദ്ദേഹത്തിന്റെ പംക്തിയില്‍ ന്യൂയോര്‍ക്കര്‍ മാഗസിനില്‍ പ്രസിദ്ധപ്പെടുത്തിയിരുന്ന മറ്റൊരാളുടെ ലേഖനത്തിലെ ചില ഭാഗങ്ങള്‍ കോപ്പിയടിച്ച് ചേര്‍ത്തുവെന്ന് ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് സി.എന്‍.എന്നും ടൈം വാരികയും അദ്ദേഹത്തെ ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
എന്നാല്‍ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മനപൂര്‍വമല്ലാത്ത തെറ്റാണ് സക്കറിയ ചെയ്തതെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെയുള്ള നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.
പത്രപ്രവര്‍ത്തനത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രണ്ടുവര്‍ഷം മുന്‍പ് ഇന്ത്യ പത്മഭൂഷന്‍ നല്‍കി ആദരിച്ച വ്യക്തിയാണ് മുംബൈ സ്വദേശിയായ സക്കറിയ. ഫോറിന്‍ അഫയേഴ്‌സ് മാഗസിന്റെ മാനേജിങ് എഡിറ്ററായും ന്യൂസ് വീക്ക് ഇന്റര്‍നാഷണലിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുള്ള ഫരീദ് സക്കറിയ 2010ല്‍ ആണ് സി.എന്‍.എന്നില്‍ ചേര്‍ന്നത്.