ദിസ്പുർ: അസമിലെ സ്‌കൂളുകളില്‍ നിന്ന് യേശു ക്രിസ്തുവിന്റെയും മാതാവിന്റെയും ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് ക്രിസ്ത്യന്‍ മിഷണറിമാരോട് ആവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ സംഘടന.
ഹിന്ദു വിദ്യാര്‍ത്ഥികളടക്കം പഠിക്കുന്ന സ്‌കൂളുകളില്‍ നടത്തി വരുന്ന ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകള്‍ ഉടനെ നിര്‍ത്തലാക്കണമെന്നും ഹിന്ദുത്വ സംഘടന ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്‌കൂളുകളില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ജയ് ശ്രീറാം എന്ന വിളിക്കാന്‍ കഴിയുന്നില്ലെന്നും പിന്നെ എന്തിനാണ് മാതാവിന്റെയും ക്രിസ്തുവിന്റെയും ചിത്രങ്ങള്‍ വെച്ച് പ്രകീര്‍ത്തിക്കുന്നതെന്നും കുടുംബ സുരക്ഷാ പരിഷത്ത് പ്രസിഡന്റ് സത്യാ രഞ്ജന്‍ ബോറ പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂള്‍ പരിസരങ്ങളില്‍ സ്ഥാപിച്ച കുരിശുകളും നീക്കം ചെയ്യണമെന്നും രഞ്ജന്‍ ബോറ പറഞ്ഞു.
കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അച്ചന്മാരും കന്യാസ്ത്രീകളും ശിരോവസ്ത്രങ്ങള്‍ ധരിക്കരുതെന്നും ഹിന്ദു സംഘടനാ മുന്നറിയിപ്പ് നല്‍കി. അവര്‍ ധരിക്കേണ്ടത് സാധാരണ വസ്ത്രങ്ങള്‍ ആണെന്നും ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം സുപ്രീം കോടതിയെ സമീപിക്കുമെന്നും സംഘടനാ മേധാവി അറിയിച്ചു.
ആര്‍ട്ടിക്കിള്‍ 28 പ്രകാരം സര്‍ക്കാര്‍ അംഗീകാരമുള്ള സ്‌കൂളുകള്‍ക്ക് മതപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയില്ലെന്നും സമൂഹത്തില്‍ അടിസ്ഥാന വികസനം സാധ്യമാക്കുന്നു എന്ന് പറഞ്ഞുകൊണ്ട് വ്യക്തി സ്വാതന്ത്ര്യം തുടങ്ങിയ അവകാശങ്ങളെ ക്രിസ്ത്യന്‍ മിഷണറിമാര്‍ ലംഘിക്കുകയാണെന്നും തീവ്ര ഹിന്ദുത്വ സംഘടന പറഞ്ഞു.
‘സ്‌കൂളുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ക്രിസ്ത്യന്‍ മിഷണറിമാര്‍ മതസ്ഥാപനങ്ങളാക്കി മാറ്റുകയാണ്. അതിന് ഞങ്ങള്‍ സമ്മതിക്കില്ല. വരുന്ന പത്ത് ദിവസത്തോളം ഞങ്ങള്‍ അവരെ നിരീക്ഷിക്കും. അതുകഴിഞ്ഞിട്ടും ഞങ്ങളുടെ ആവശ്യങ്ങള്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ നടപ്പിലാക്കിയില്ലെങ്കില്‍ ചെയ്യേണ്ടത് ഞങ്ങള്‍ ചെയ്തിരിക്കും,’ എന്ന് സത്യാ രഞ്ജന്‍ ബോറ വാര്‍ത്താ സമ്മേളനത്തില്‍ ഭീഷണി മുഴക്കി.
Content Highlight: Far-right organization threatens Christian missionaries