ബേന്വസ് ഐറിസ്: അര്‍ജന്റീനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തീവ്ര വലതുപക്ഷ സ്വതന്ത്ര്യവാദിയായ യാവിയര്‍ മിലി തെരഞ്ഞെടുക്കപ്പെട്ടു. പരമ്പരാഗതമായ കക്ഷികളെ മാറ്റിനിര്‍ത്തിക്കൊണ്ടാണ് വോട്ടര്‍മാര്‍ മിലിയെ തെരഞ്ഞെടുത്തത്. 56 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മിലി പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചത്.
മിലിയുടെ എതിരാളിയായ സാമ്പത്തിക മന്ത്രി സെര്‍ജിയോ മാസ 44 ശതമാനം വോട്ടാണ് നേടിയത്. തെരഞ്ഞെടുപ്പിലെ യാവിയര്‍ മിലിയുടെ വിജയ അപ്രതീക്ഷിതമായിരുന്നെന്ന് ഫലപ്രഖ്യാപനത്തിന് ശേഷം സെര്‍ജിയോ മാസ പറഞ്ഞു.
വര്‍ഷങ്ങളായി രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നിലവിലെ കക്ഷികള്‍ക്ക് കഴിഞ്ഞില്ലെന്നതാണ് മിലിയെ വിജയത്തിലേക്ക് നയിച്ചതെന്ന് വോട്ടമാര്‍ ചൂണ്ടിക്കാട്ടി.
ഡൊണാള്‍ഡ് ട്രംപിന്റെയും ജയ് ബൊള്‍സനാരോയുടെയും പിന്തുടര്‍ച്ചക്കാരനായി എത്തിയ മിലി രണ്ടു വര്‍ഷം മുമ്പാണ് ‘ലിബാര്‍ട്ടസ് അവന്‍സ’ എന്ന പാര്‍ട്ടിയുടെ അര്‍ജന്റീനയില്‍ സാന്നിധ്യമറിയിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തി ജനപ്രിയനായ അദ്ദേഹത്തിന് ആദ്യ ഘട്ടത്തില്‍ ഏഴ് ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്. പിന്നീട് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വലതുപക്ഷത്തിന്റെയും പിന്തുണ നേടികൊണ്ടാണ് മിലി അധികാരം പിടിച്ചത്.
സെന്‍ട്രല്‍ ബാങ്ക് പിരിച്ചുവിടല്‍, ചെലവ് കുറക്കല്‍, അമേരിക്കന്‍ രാജ്യങ്ങളുടെ പൊതുനാണയമായ ‘പെസോ’ ഒഴിവാക്കല്‍ തുടങ്ങിയവയാണ് അദ്ദേഹം രാജ്യത്ത് മുന്നോട്ട് വെച്ച വാഗ്ദാനങ്ങള്‍.
വലതുപക്ഷത്തിന്റെ പിന്തുണയുണ്ടെങ്കിലും രാഷ്ട്രീയത്തില്‍ പുതുമുഖമായ മിലിക്ക് നിയമനിര്‍മ്മാണത്തില്‍ വളരെ കുറച്ച് അധികാര ശക്തി മാത്രമേ ഉണ്ടാവുകയുള്ളുവെന്ന് ടോര്‍ക്വാറ്റോ ഡി ടെല്ല സര്‍വകലാശാലയിലെ അനലിസ്റ്റ് കാര്‍ലോസ് ഗെര്‍വസോണി പറഞ്ഞു. രാജ്യം ലോക ബാങ്കിന് നല്‍കാനുള്ള 4400 കോടി ഡോളര്‍ ബാധ്യതയും മറ്റു വെല്ലുവിളികളും മിലി എങ്ങനെ നേരിടുമെന്നത് ശ്രദ്ധയാകര്‍ഷിക്കുന്ന കാര്യങ്ങളാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ഈ ഗവണ്‍മെന്റില്‍ പ്രതീക്ഷയുണ്ടെന്നും മാറ്റത്തിനായുള്ള അവസരമാണിതെന്നും മിലിയുടെ പിന്തുണക്കാരനായ ഇമ്മാനുവല്‍ പറഞ്ഞു.
‘ഇത് സങ്കടകരമാണ്. എന്റെ നെഞ്ച് വേദനിക്കുന്നു. കാരണം ഈ രാജ്യം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. ഇവിടെയുള്ള ആളുകള്‍ക്ക് പരസ്പര ധാരണയില്ല. അയല്‍ക്കാരനോട് സ്‌നേഹമില്ല. ഇത് വളരെയധികം വേദനിപ്പിക്കുന്ന ഒന്നാണ്. ഞങ്ങള്‍ എല്ലാവര്‍ക്കുമായി ഒരു രാജ്യം ആഗ്രഹിച്ചു,’ മാസക്ക് പിന്തുണയറിച്ച് ജിയാനീന ഫെര്‍ണാണ്ടസ് പറഞ്ഞു.
ഡിസംബര്‍ 10ന് യാവിയര്‍ മിലി അധികാരമേല്‍ക്കും.
Content Highlight: Far-right leader Javier Milei is the Argentine president