ഡെന്‍മാര്‍ക്കിലെ 'മുഹമ്മദ് കാര്‍ട്ടൂണ്‍ മത്സരം' പിന്‍വലിച്ചു
world
ഡെന്‍മാര്‍ക്കിലെ 'മുഹമ്മദ് കാര്‍ട്ടൂണ്‍ മത്സരം' പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st August 2018, 8:55 am

കോപന്‍ഹേഗന്‍: ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ നടത്താനിരുന്ന വിവാദ പ്രവാചക കാര്‍ട്ടൂണ്‍ മത്സരം ഒഴിവാക്കുന്നുവെന്ന് ഡെന്‍മാര്‍ക്കിലെ തീവ്ര വലതുപക്ഷ എം.പിയായ ഗീര്‍റ്റ് വില്‍ഡേഴ്‌സ്.

നെതര്‍ലാന്‍ഡിന്റെയും ജനങ്ങളുടെയും സുരക്ഷ പരിഗണിച്ചാണ് മത്സരം നടത്താതിരിക്കുന്നതെന്നും എന്നാല്‍ ഇസ്‌ലാമിനെതിരായ തന്റെ വ്യക്തിപരമായ പ്രചാരണം തുടരുമെന്നും ഗീര്‍റ്റ് വില്‍ഡേഴ്‌സ് പറഞ്ഞു.

ഡെന്‍മാര്‍ക്കിലെ മുസ്‌ലിം-കുടിയേറ്റ വിരുദ്ധ മുന്നണിയുടെ നേതാവാണ് വില്‍ഡേഴ്‌സ്. ഇയാളുടെ മുസ്‌ലിം വിരുദ്ധ ഫ്രീഡം പാര്‍ട്ടി ഡെന്‍മാര്‍ക്കിലെ പൊതുതെരഞ്ഞെടുപ്പില്‍ രണ്ടാമത്തെ വലിയ കക്ഷിയായിരുന്നു.

“ഇസ്‌ലാമിന്റെ അസഹിഷ്ണുത ഇതിലൂടെ വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്” ഗീര്‍റ്റ് പറഞ്ഞു.

മത്സരം നടത്തുന്നതിനെതിരെ പാകിസ്ഥാനിലടക്കം മതസംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധമുണ്ടായിരുന്നു. പാകിസ്ഥാനില്‍ റാലി നടത്തിയ തെഹ്‌രീക്കെ ലബ്ബൈക്ക് എന്ന സംഘടന സര്‍ക്കാരിനോടും മറ്റു മുസ്‌ലിം രാഷ്ട്രങ്ങളോടും ഡെന്‍മാര്‍ക്കുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അഫ്ഗാനിസ്ഥാനില്‍ തുടരുന്ന ഡച്ച് സൈന്യത്തെ ആക്രമിക്കണമെന്ന് താലിബാനും അഫ്ഗാന്‍ സൈനികരോട് ആവശ്യപ്പെട്ടിരുന്നു.

മത്സരത്തിന്റെ പേരില്‍ ഗീര്‍റ്റ് വില്‍ഡേഴ്‌സിനെതിരെ വധഭീഷണി മുഴക്കിയ 26 കാരനെ ഈയാഴ്ച ഹേഗില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ പാക് പൗരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

അതേ സമയം ഗീര്‍റ്റ് വില്‍ഡേഴ്‌സിന്റെ വിവാദ കാര്‍ട്ടൂണ്‍ മത്സരവുമായി ബന്ധമില്ലെന്ന് ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടിയായ ഫ്രീഡം പാര്‍ട്ടിയുടെ നേതാവായ വില്‍ഡേഴ്‌സ് സര്‍ക്കാരിന്റെ ഭാഗമല്ലെന്ന് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മാര്‍ക്ക് റുട്ട് പറഞ്ഞിരുന്നു.

“ഇസ്‌ലാമിനെ കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കലല്ല അയാളുടെ ലക്ഷ്യം മറിച്ച് പ്രകോപനമുണ്ടാക്കലാണ്” മാര്‍ക്ക് റുട്ട് പറഞ്ഞിരുന്നു.

2005ല്‍ ഡാനിഷ് പത്രമായ ജില്ലന്റ്‌സ് പോസ്റ്റന്‍ പ്രവാചക കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് വിവാദമുണ്ടാക്കിയിരുന്നു. ഇതേ തുടര്‍ന്ന് പത്രത്തിന്റെ എഡിറ്ററെയും കാര്‍ട്ടൂണിസ്റ്റ് കുര്‍ട്ട് വെസ്റ്റര്‍ഗാര്‍ഡിനെയും കൊല്ലണമെന്ന് തീവ്രവാദിസംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു.

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 2015ല്‍ പ്രവാചക കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ മുസ്‌ലിം തീവ്രവാദികള്‍ ഷാര്‍ലി ഹെബ്ദോ എന്ന മാഗസിന്റെ ഓഫീസ് ആക്രമിക്കുകയും 12 പേരെ കൊല്ലുകയും ചെയ്തിരുന്നു.