കഴിഞ്ഞ ദിവസമാണ് അനുരാഗ് ബസു സംവിധാനം ചെയ്ത ലുഡോ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്. പങ്കജ് ത്രിപാഠി, അഭിഷേക് ബച്ചന്‍, രാജ് കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, സാനിയ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, രോഹിത് സുരേഷ് എന്നിവര്‍ക്കൊപ്പം മലയാളത്തിന്റെ പ്രിയ താരം പേര്‍ളി മാണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.
‘ജഗ്ഗാ ജാസൂസി’ എന്ന ചിത്രത്തിന് ശേഷം അനുരാഗ് ബസുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ പേര്‍ളി മാണി എങ്ങിനെയാണ് ലുഡോയില്‍ എത്തിയതെന്ന് വിശദീകരിക്കുകയാണ് അനുരാഗ് ബസു.
യഥാര്‍ത്ഥത്തില്‍ മലയാളത്തിലെ മറ്റൊരു നായികയെ ആയിരുന്നു തന്റെ ചിത്രത്തില്‍ കാസ്റ്റ് ചെയ്തിരുന്നതെന്നും എന്നാല്‍ പേര്‍ളിയുമായുള്ള ആ നടിയുടെ അഭിമുഖം കാണുന്നതിനിടെ തന്റെ കഥാപാത്രത്തിന് യോജിച്ചത് പേര്‍ളിയാണെന്ന് തീരുമാനിക്കുകയായിരുന്നെന്നും അനുരാഗ് പറഞ്ഞു.
ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് അനുരാഗ് ഇക്കാര്യം പറഞ്ഞത്. ‘പേര്‍ളിയുടെ കാസ്റ്റിങ് വളരെ രസകരമാണ്. ഞാന്‍ ഇതുവരെ ആ കഥ ആരോടും പറഞ്ഞിട്ടില്ല. മലയാളത്തിലെ ഒരു നടിയെയാണ് ഞാന്‍ കഥാപാത്രമാക്കാന്‍ തീരുമാനിച്ചിരുന്നത്. അങ്ങനെ ആ നടിയുടെ ഒരു ലൈവ് ഇന്റര്‍വ്യൂ ഞാന്‍ കണ്ടു. ആ ഇന്റര്‍വ്യൂവിലെ അവതാരികയായിരുന്നു പേര്‍ളി. അതുകണ്ടപ്പോള്‍ പേളിയാണ് മികച്ചതെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ചിത്രത്തിലേക്ക് എത്തുന്നത്’. – എന്നായിരുന്നു അനുരാഗ് ബസു പറഞ്ഞത്.
പേര്‍ളി തന്നെയാണ് അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ചിത്രത്തില്‍ ഷീജ തോമസ് എന്ന മലയാളി നഴ്സിനെയാണ് പേര്‍ളി അവതരിപ്പിച്ചിരിക്കുന്നത്.