ന്യൂദല്‍ഹി: ബീഹാര്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. മുന്‍മന്ത്രി മഞ്ജുവര്‍മയ്‌ക്കെതിരെ ബീഹാര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത ജാമ്യമില്ലാ കേസില്‍ ഇതുവരെ മന്ത്രിയെ കണ്ടെത്താനായില്ലെന്ന സര്‍ക്കാര്‍ മറുപടിയെ്‌ക്കെതിരെയായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം.
എന്തുകൊണ്ടാണ് മന്ത്രിയെ കണ്ടെത്താനാവാത്തതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി കോടതിയെ ബോധിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
“”ഒന്നാന്തരമായിരിക്കുന്നു. ബീഹാര്‍ സര്‍ക്കാരിന് ഇതുവരെ അവരുടെ മുന്‍മന്ത്രിയെ കണ്ടെത്താനായിട്ടില്ല. എന്തുകൊണ്ടാണ് ഇത് എന്ന് വിശദീകരിച്ചേ തീരു. മന്ത്രി എവിടെയെന്ന് ആര്‍ക്കും അറിയാത്തത് എന്തുകൊണ്ടാണ്? ബി.ജെ.പി സര്‍ക്കാരിന്റെ നടപടി അസാധാരണമാണ്- കോടതി പറഞ്ഞു.
നവംബര്‍ ഒന്നിനാണ് മുന്‍മന്ത്രി മഞ്ജു വര്‍മയ്‌ക്കെതിരെ ബീഹാര്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീം കോടതി വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്.
അനുമതിയില്ലാതെ ആയുധം കൈവശം വെച്ചതിന്റെ പേരിലായിരുന്നു ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ചെയ്തത്. ആഗസ്റ്റില്‍ മഞ്ജുള വര്‍മയുടെ വീട് പൊലീസ് റെയ്ഡ് ചെയ്തിരുന്നു. മുസാഫര്‍പൂരിലെ ഷെല്‍ട്ടര്‍ ഹോം ബാലത്സംഗവുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ് നടത്തിയത്. 50 തോക്കിന്‍ തിരകളായിരുന്നു റെയ്ഡില്‍ ഇവരുടെ വസതിയില്‍ നിന്നും പൊലീസ് കണ്ടെത്തിയത്.
ബീഹാറിലെ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന മഞ്ജുള വര്‍മ ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മന്ത്രി സ്ഥാനം രാജിവെച്ചത്. മഞ്ജുള വര്‍മയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മ നിരവധി തവണ മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം സന്ദര്‍ശിച്ചിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിന് പിന്നാലെ മന്ത്രിയ്‌ക്കെതിരെ വലിയ ജനരോഷം ഉയര്‍ന്നിരുന്നു. കേസില്‍ അറസ്റ്റിലായ പ്രധാന പ്രതി ബ്രജേഷ് ശര്‍മയുടെ അടുത്ത അനുയായി കൂടിയായിരുന്നു വര്‍മ.
40 ഓളം പെണ്‍കുട്ടികളായിരുന്നു മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോമില്‍ ക്രൂരബലാത്സംഗത്തിന് ഇരയായത്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് സോഷ്യല്‍ വെല്‍ഫെയര്‍ ഡിപാര്‍ട്‌മെന്റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലായിരുന്നു കുട്ടികള്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ട വിവരം വ്യക്തമാക്കിയിരുന്നത്.