|

കൂനിന്മേല്‍ കുരു, അതിന്മേല്‍ ഒരു പരു; ലോകകപ്പിലെ ഇന്ത്യന്‍ നിരക്ക് അടുത്ത തിരിച്ചടി

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – സൗത്ത് ആഫ്രിക്ക പരമ്പരയില്‍ പല താരങ്ങള്‍ക്കും വിശ്രമം അനുവദിച്ചായിരുന്നു ഇന്ത്യ കളത്തിലിറങ്ങിയത്. വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്കായിരുന്നു ഇന്ത്യ വിശ്രമം അനുവദിച്ചത്.

എന്നാല്‍ അര്‍ഷ്ദീപ് സിങ്ങിന് വിശ്രമം അനുവദിക്കുകയായിരുന്നില്ല, മറിച്ച് പുറം വേദന കാരണം അദ്ദേഹത്തെ ടീമില്‍ നിന്നും മാറ്റി നിര്‍ത്തുകയായിരുന്നു എന്നാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞത്.

അര്‍ഷ്ദീപിന്റെ കാര്യത്തില്‍ പേടിക്കാനില്ലെന്നും ലോകകപ്പിനുള്ള മുന്‍കരുതലെന്നോണമാണ് താരത്തെ മൂന്നാം ടി-20യില്‍ പുറത്തിരുത്തിയതെന്നുമായിരുന്നു രോഹിത് ശര്‍മ വ്യക്തമാക്കിയത്.

പേടിക്കാനില്ല എന്ന് രോഹിത് പറയുമ്പോഴും അര്‍ഷ്ദീപിന്റെ കാര്യത്തില്‍ ആരാധകര്‍ക്ക് പേടിയുണ്ട്. ജസ്പ്രീത് ബുംറക്കും ഇത്തരത്തില്‍ ചെറിയ പുറം വേദനയുണ്ടെന്നും താരം അസമില്‍ വെച്ച് നടന്ന രണ്ടാം ടി-20യില്‍ കളിക്കുമെന്നുമായിരുന്നു ആദ്യം പറഞ്ഞിരുന്നത്.

എന്നാല്‍, താരത്തിന് ആറ് മാസത്തോളം വിശ്രമം വേണ്ടി വരുമെന്നതിനാല്‍ ലോകകപ്പില്‍ നിന്നും ഒഴിവാക്കലായിരുന്നു പിന്നീട് ഉണ്ടായത്. സമാനമായ സാഹചര്യം അര്‍ഷ്ദീപിനും ഉണ്ടാകുമോ എന്നതാണ് ആരാധകരുടെ ആശങ്ക.

ഇന്ത്യന്‍ നിരയില്‍ തരക്കേടില്ലാത്ത രീതിയില്‍ പന്തെറിയുന്ന പേസര്‍മാരില്‍ ഒരാളാണ് അര്‍ഷ്ദീപ് സിങ്. എന്നാല്‍ സ്ഥിരതയോടെ പന്തെറിയാന്‍ കഴിയുന്നില്ല എന്നത് താരത്തിന്റെ ഒരു പോരായ്മയാണ്.

ഇന്ത്യ – സൗത്ത് ആഫ്രിക്ക പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ വിജയം അനായാസമാക്കിയതില്‍ വലിയ പങ്ക് അര്‍ഷ്ദീപിന് തന്നെയായിരുന്നു. മത്സരത്തില്‍ മൂന്ന് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ഇന്ത്യയുടെ അടുത്ത സഹീര്‍ ഖാന്‍ എന്നുപോലും പലരും താരത്തെ വിശേഷിപ്പിച്ചിരുന്നു.

രണ്ടാം മത്സരത്തില്‍ താരം അത്ര മികച്ച പ്രകടനമായിരുന്നില്ല പുറത്തെടുത്തത്. നാല് ഓവറില്‍ 62 റണ്‍സാണ് വഴങ്ങിയത്. എന്നിരുന്നാലും കളി തിരിക്കാനുള്ള അര്‍ഷ്ദീപിന്റെ മികവ് എന്നും ഇന്ത്യക്ക് ആശ്വാസമായിരുന്നു.

ബുംറ പരിക്കേറ്റ് പുറത്തായതിന് പിന്നാലെ മറ്റൊരു താരവും പുറത്താവുന്നത് വലിയ തിരിച്ചടിയാവുമെന്നതിനാല്‍ അര്‍ഷ്ദീപിന് വേണ്ടി പ്രാര്‍ത്ഥനയിലാണ് ഇന്ത്യന്‍ ആരാധകര്‍.

Content Highlight: Fans worried about Arshdeep Singh’s back pain

Video Stories