| Friday, 22nd April 2022, 4:48 pm

കാലങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം അവരും വിസിലടിച്ചു, ധോണിയുടെ ഫിനിഷിംഗിന് പിന്നാലെ വിസിലടിയുമായി ആരാധകര്‍; വീഡിയോ പങ്കുവെച്ച് സൂപ്പര്‍ കിംഗ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

‘ചെന്നൈ സൂപ്പര്‍ കിംഗ്‌സുക്ക് പെരിയ വിസില്‍ അടീങ്കേ… നമ്മ തല ധോണിക്ക് പെരിയ വിസില്‍ അടീങ്കേ…’ എന്നു തുടങ്ങുന്ന ‘വിസില്‍ പോടു’ ഐ.പി.എല്ലിലെ എക്കാലത്തേയും മികച്ച പ്രോമോ വീഡിയോ ആയിരുന്നു. 2010ലായിരുന്നു ഈ വീഡിയോ പുറത്തിറങ്ങിയത്.

തമിഴ്‌നാടിന്റെ സ്വന്തം കുത്തുപാട്ടിന്റെ രീതിയിലായിരുന്നു വീഡിയോ ഒരുക്കിയിരുന്നത്. എന്നാല്‍ ഇത് ഇത്രത്തോളം ക്ലിക്കാവുമെന്ന് ചെന്നൈ മാനേജ്‌മെന്റ് ഒരിക്കല്‍പോലും കരുതിക്കാണില്ല.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഓരോ വിജയത്തിലും കിരീട നേട്ടത്തിലും വിസില്‍ പോടു കൂടെ തന്നെ ഉണ്ടായിരുന്നു. അതോടൊപ്പം തന്നെ ഐ.പി.എല്‍ ട്രോളുകള്‍ ട്രെന്റിംഗായതോടെ ഇടയ്‌ക്കൊക്കെ വിസില്‍ പോടു ചെന്നൈയ്ക്ക് പണിയും കൊടുക്കാറുണ്ട്.

ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ ഇത്തരത്തില്‍ ഒരിക്കല്‍ പോലും ആരാധകര്‍ക്ക് വിസില്‍ പോടു പാടാനോ വിസിലടിക്കാനോ സാധിച്ചിരുന്നില്ല. മറ്റു ടീമുകളുടെ ആരാധകരെല്ലാം തന്നെ വിസില്‍ വിഴുങ്ങികളെന്ന് വിളിച്ച് കളിയാക്കുമ്പോഴെല്ലാം തന്നെ അവര്‍ക്കവരുടെ ടീമിനെ വിശ്വാസമായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന മുംബൈ – ചെന്നൈ മത്സരത്തില്‍ ആവേശകരമായ വിജയം നേടിയതോടെ ചെന്നൈ ആരാധകരും സടകുടഞ്ഞെഴുന്നേറ്റിരിക്കുകയാണ്. ചെന്നൈ തെരുവുകളിലും ഫ്‌ളാറ്റുകളിലുമിരുന്ന് വിസിലടിച്ചാണ് ആരാധകര്‍ ചെന്നൈയുടെ വിജയം ആഘോഷിച്ചത്.

ഇതിന്റെ വീഡിയോ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലായിരുന്നു മുംബൈയെ അട്ടിമറിച്ച് അവിശ്വസിനീയമായ വിജയം സി.എസ്.കെ സ്വന്തമാക്കിയത്. മുംബൈ ഉയര്‍ത്തിയ 156 റണ്‍സ് എന്ന വിജയലക്ഷ്യം 3 വിക്കറ്റ് ശേഷിക്കെ ചെന്നൈ മറികടക്കുകയായിരുന്നു.

അവസാന ഓവറില്‍ 17 റണ്‍സായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. ഉനദ്കട് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ നിലയുറപ്പിച്ച പ്രിട്ടോറിയസിനെ നഷ്ടമായപ്പോള്‍ ചെന്നൈ ആരാധകര്‍ ഒന്നു ഞെട്ടിയിരുന്നു.

എന്നാല്‍ തൊട്ടടുത്ത പന്തില്‍ സിംഗിള്‍ നല്‍കി ബ്രാവോ ധോണിക്ക് സ്‌ട്രൈക്ക് കൈമാറി. പിന്നെ കണ്ടത് തലയുടെ വിളയാട്ടം.

ഏഴ് മത്സരത്തില്‍ നിന്നും രണ്ട് ജയവുമായി പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ചെന്നൈ.

Content Highlight: Fans whistles after unbelievable win of Chennai Super Kings against Mumbai Indians

We use cookies to give you the best possible experience. Learn more