'ദേ ഇങ്ങേര് പിന്നെയും, അപ്പോള്‍ ഇന്ത്യക്ക് ഈ ലോകകപ്പും ഗോവിന്ദാ'; നെഞ്ചിടിച്ച് ആരാധകര്‍
icc world cup
'ദേ ഇങ്ങേര് പിന്നെയും, അപ്പോള്‍ ഇന്ത്യക്ക് ഈ ലോകകപ്പും ഗോവിന്ദാ'; നെഞ്ചിടിച്ച് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 26th September 2023, 11:52 am

ലോക ക്രിക്കറ്റ് മാമാങ്കത്തിന് ഇനി വിരലിലെണ്ണാവുന്ന ദിനങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. 2011ന് ശേഷം ഇന്ത്യ വേദിയാകുന്ന ലോകകപ്പിനെ ഇരുകയ്യും നീട്ടി വരവേല്‍ക്കാനാണ് ആരാധകര്‍ ഒരുങ്ങുന്നത്. 2013ന് ശേഷം ഒറ്റ ഐ.സി.സി കിരീടം പോലും നേടാന്‍ സാധിച്ചട്ടില്ല എന്ന അപമാന ഭാരം സ്വന്തം മണ്ണില്‍ ഇറക്കിവെക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

ലോകകപ്പ് നടക്കുന്നത് ഇന്ത്യയിലായത് ഹോം ടീമിന് ഏറെ ഗുണം ചെയ്യും. ഹോം ക്രൗഡിന്റെ പിന്തുണ തന്നെയാണ് ഇതില്‍ പ്രധാനം. ഇതിന് പുറമെ 2011 മുതലിങ്ങോട്ട് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങളാണ് കിരീടമണിഞ്ഞിട്ടുള്ളതെന്ന വസ്തുതയും ആരാധകരില്‍ പ്രതീക്ഷയേറ്റുന്നുണ്ട്.

2015ല്‍ ഓസ്‌ട്രേലിയയും 2019ല്‍ ഇംഗ്ലണ്ടും കപ്പുയര്‍ത്തിയപ്പോള്‍ ഇരുവരും തന്നെയായിരുന്നു ഹോസ്റ്റ് നേഷന്‍. ഇത് വീണ്ടും ആവര്‍ത്തിച്ചാല്‍ ഇന്ത്യ കപ്പുയര്‍ത്തുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസം ഐ.സി.സി ലോകകപ്പിനുള്ള അമ്പയര്‍മാരുടെ പട്ടിക പുറത്തിറക്കിയതോടെ ആരാധകരുടെ നെഞ്ചിടിച്ചുതുടങ്ങിയിട്ടുണ്ട്. ഐ.സി.സി ഇവന്റുകളില്‍ ഇന്ത്യയുടെ ‘കണ്ടക ശനി’ എന്ന് ആരാധകര്‍ വിളിക്കുന്ന റിച്ചാര്‍ഡ് കെറ്റില്‍ബെറോ അമ്പയര്‍മാരുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട് എന്നതുതന്നെയാണ് ഇതിന് കാരണവും.

ഇതോടെ ‘ഇത്തവണത്തെ ലോകകപ്പും കയ്യില്‍ നിന്നും പോയി’, ‘കെറ്റില്‍ബെറോ ഇന്ത്യയുടെ മത്സരം നിയന്ത്രിക്കാതിരിക്കാന്‍ വല്ല വഴിയുമുണ്ടോ’ തുടങ്ങിയ പ്രതികരണങ്ങളാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

2014ന് ശേഷം കെറ്റില്‍ബെറോ നിയന്ത്രിച്ച ഒറ്റ നോക്ക് ഔട്ട് മത്സരത്തില്‍ പോലും ഇന്ത്യക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് ആശങ്കക്കുള്ള പ്രധാന കാരണം. 2014 ഐ.സി.സി ടി-20 വേള്‍ഡ് കപ്പിന്റെ ഫൈനല്‍ മുതല്‍ 2023 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വരെ ഇന്ത്യ പരാജയപ്പെട്ടപ്പോഴെല്ലാം തന്നെ കളി നിയന്ത്രിക്കാന്‍ കെറ്റില്‍ബെറോയും ഉണ്ടായിരുന്നു.

2014 ടി-20 ലോകകപ്പ് ഫൈനലില്‍ മലിംഗയുടെ ശ്രീലങ്കയോട് തോറ്റ് കയ്യകലത്ത് നിന്ന് കിരീടം നഷ്ടമാകുമ്പോള്‍ നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലെ വിക്കറ്റിന് പിന്നില്‍ നിന്നിരുന്നത് കെറ്റില്‍ബെറോ ആയിരുന്നു.

കിരീടം നിലനിര്‍ത്താനുറച്ച് കളത്തിലിറങ്ങിയ 2015 ഏകദിന ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരത്തിലും സ്വന്തം മണ്ണില്‍ വെച്ച് നടന്ന 2016ലെ ടി-20 ലോകകപ്പിന്റെ സെമിയിലും ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ കെറ്റില്‍ബെറോ ആയിരുന്നു അമ്പയര്‍.

പാകിസ്ഥാനോട് പടുകൂറ്റന്‍ പരാജയം നേരിട്ട് 2017 ചാമ്പ്യന്‍സ് ട്രോഫി അടിയറവെച്ചപ്പോഴും കെറ്റില്‍ബെറോ തന്നെയായിരുന്നു കളി നിയന്ത്രിച്ചത്.

2019 ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനോട് 18 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങുമ്പോള്‍ കെറ്റില്‍ബെറോ തന്നെയായിരുന്നു ഓണ്‍ഫീല്‍ഡ് അമ്പയര്‍മാരില്‍ ഒരാള്‍. അന്ന് ധോണി റണ്‍ ഔട്ടാകുമ്പോഴുള്ള കെറ്റില്‍ബെറോയുടെ മുഖഭാവം ഒരു ക്രിക്കറ്റ് ആരാധകനും മറക്കാനിടയില്ല.

ന്യൂസിലാന്‍ഡിനെതിരെ ആദ്യ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പരാജയപ്പെടുമ്പോഴും കെറ്റില്‍ബെറോ കളി നിയന്ത്രിച്ചിരുന്നു. ഇത്തവണ ഗ്രൗണ്ടില്‍ ഇറങ്ങിയല്ല, തേര്‍ഡ് അമ്പയറായിട്ടായിരുന്നു കെറ്റില്‍ബെറോ മത്സരം നിയന്ത്രിച്ചത്. ആരാധകര്‍ പ്രതീക്ഷിച്ചതുതന്നെ അന്നും സംഭവിച്ചു. വിജയം ഇന്ത്യക്കൊപ്പം നിന്നില്ല.

2023 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും തേര്‍ഡ് അമ്പയറുടെ റോളിലായിരുന്നു കെറ്റില്‍ബെറോ മത്സരം നിയന്ത്രിച്ചത്. ആരാധകര്‍ പേടിച്ചതുപോലെ ആ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു.

ലോകകപ്പില്‍ കെറ്റില്‍ബെറോ ഇന്ത്യയുടെ മത്സരം നിയന്ത്രിക്കരുതേ എന്ന പ്രാര്‍ത്ഥന മാത്രമാണ് ഇപ്പോള്‍ പല ഇന്ത്യന്‍ ആരാധകര്‍ക്കുമുള്ളത്.

2023 ഐ.സി.സി ഏകദിന ലോകകപ്പിലെ അമ്പയര്‍മാര്‍

ക്രിസ് ബ്രൗണ്‍

കുമാര്‍ ധര്‍മസേന

ക്രിസ്റ്റഫര്‍ ഗഫാനി

മൈക്കല്‍ ഗഫ്

റിച്ചാര്‍ഡ് ഇല്ലിങ്‌വെര്‍ത്

റിച്ചാര്‍ഡ് കെറ്റില്‍ബെറോ

നിതിന്‍ മോനോന്‍

അഹ്‌സന്‍ റാസ

പോള്‍ റെയ്ഫല്‍

ഷറഫുദുള്ള ഇബ്ന്‍ ഷാഹിദ്

റോഡ്‌നി ടക്കര്‍

അലക്‌സ് വാര്‍ഫ്

ജോയല്‍ വില്‍സണ്‍

പോള്‍ വില്‍സണ്‍

മാര്‍നസ് എറാസ്മസ്

ജെഫ് ക്രോ

ആന്‍ഡി പൈക്രോഫ്റ്റ്

റിച്ചി റിച്ചാര്‍ഡ്‌സണ്‍

ജവഗല്‍ ശ്രീനാഥ്

 

Content Highlight: Fans were worried after Richard Kettleborough was included in the umpires of the World Cup