സഞ്ജുവിനെ നാണംകെടുത്താന്‍ ഒരുങ്ങി അവനെത്തുന്നു, തോറ്റുകൊടുക്കാതിരിക്കാന്‍ സഞ്ജുവും
IPL
സഞ്ജുവിനെ നാണംകെടുത്താന്‍ ഒരുങ്ങി അവനെത്തുന്നു, തോറ്റുകൊടുക്കാതിരിക്കാന്‍ സഞ്ജുവും
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 22nd April 2023, 3:13 pm

 

ഐ.പി.എല്‍ 2023ല്‍ മികച്ച ഫോമിലാണ് രാജസ്ഥാന്‍ റോയല്‍സ് മുന്നേറുന്നത്. കളിച്ച ആറ് മത്സരത്തില്‍ നാലിലും വിജയിച്ച് എട്ട് പോയിന്റോടെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്താണ് സഞ്ജുവിന്റെ രാജസ്ഥാന്‍.

വിരാട് കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരം. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ അവരുടെ തട്ടകത്തിലെത്തി തോല്‍പിച്ചാണ് ആര്‍.സി.ബി വിജയവഴിയിലേക്ക് മടങ്ങിയെത്താന്‍ ഒരുങ്ങുന്നത്. സഞ്ജുവും രാജസ്ഥാനുമാണ് അവരുടെ മുമ്പിലെ അടുത്ത കടമ്പ. ഐ.പി.എല്‍ 2023ലെ 32ാം മത്സരത്തില്‍ സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ചാണ് റോയല്‍ ചലഞ്ചേഴ്‌സ് റോയല്‍സിന് ചലഞ്ച് നല്‍കാന്‍ ഒരുങ്ങുന്നത്.

 

 

ഈ മത്സരത്തില്‍ പല താരങ്ങളും തമ്മിലുള്ള പോരാട്ടത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്, അതില്‍ പ്രധാനം രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണും റോയല്‍ ചലഞ്ചേഴ്‌സിന്റെ മാജിക്കല്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്കയും തമ്മിലുള്ള പോരാട്ടം തന്നെയാണ്.

ഹസരങ്കയുടെ ബണ്ണിയായ സഞ്ജുവിന് അടുത്ത മത്സരത്തില്‍ ‘ഹസരങ്ക ശാപം’ മറികടക്കാന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഈ സീസണില്‍ ഉയര്‍ച്ച താഴ്ചകളുമായി മുന്നോട്ട് പോകുന്ന സഞ്ജുവിന് തൊട്ടടുത്ത മത്സരത്തില്‍ ഹസരങ്കയെ മറികടന്നുകൊണ്ട് സ്‌കോര്‍ ചെയ്‌തേ മതിയാകൂ.

ആറ് തവണയാണ് ഹസരങ്ക സഞ്ജുവിനെ ടി-20 ഫോര്‍മാറ്റില്‍ ഹസരങ്ക പുറത്താക്കിയത്. കഴിഞ്ഞ സീസണില്‍ മൂന്ന് തവണ രാജസ്ഥാനും ബെംഗളൂരുവും കൊരുത്തപ്പോള്‍ മൂന്ന് തവണയും ഹസരങ്കയുടെ കൈകൊണ്ട് ഒടുങ്ങാനായിരുന്നു സഞ്ജുവിന്റെ വിധി.

ഏപ്രില്‍ 22 നാണ് കഴിഞ്ഞ സീസണില്‍ രാജസ്ഥാനും ബെംഗളൂരുവും ആദ്യമായി ഏറ്റുമുട്ടിയത്. ദിനേഷ് കാര്‍ത്തിക്കിന്റെ വെടിക്കെട്ടില്‍ അഞ്ച് പന്തും നാല് വിക്കറ്റും ബാക്കി നില്‍ക്കെ ആര്‍.സി.ബി വിജയം പിടിച്ചെടുത്തപ്പോള്‍ സഞ്ജു പാടെ നിരാശനാക്കിയിരുന്നു.

എട്ട് പന്തില്‍ നിന്നും എട്ട് റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്. ഹസരങ്കയുടെ പന്തില്‍ റിട്ടേണ്‍ ക്യാച്ചായാണ് സഞ്ജു പുറത്തായത്.

ഏപ്രില്‍ 26ന് റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സും വീണ്ടുമേറ്റുമുട്ടിയപ്പോള്‍ ഇത്തവണ വിജയം രാജസ്ഥാനൊപ്പമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് രാജസ്ഥാന്‍ 144 റണ്‍സ് നേടിയിരുന്നു. 145 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ആര്‍.സി.ബി 19.3 ഓവറില്‍ 115ന് അവസാനിച്ചു.

21 പന്തില്‍ നിന്നും 27 റണ്‍സായിരുന്നു മത്സരത്തില്‍ സഞ്ജുവിന്റെ സമ്പാദ്യം. എന്നാല്‍ ഹസരങ്ക ഇവിടെയും സഞ്ജുവിനെ വിട്ടില്ല. താരത്തിന്റെ കുത്തിത്തിരിപ്പില്‍ ക്ലീന്‍ ബൗള്‍ഡായാണ് രാജസ്ഥാന്‍ നായകന്‍ മടങ്ങിയത്.

 

ഇതിന് ശേഷം പ്ലേ ഓഫ് മത്സരത്തിലാണ് രാജസ്ഥാനും ബെംഗളൂരുവും പരസ്പരം ഏറ്റുമുട്ടിയത്. ജോസ് ബട്‌ലറിന്റെ സെഞ്ച്വറിയുടെ കരുത്തില്‍ ആര്‍.സിബിയെ തകര്‍ത്ത് രാജസ്ഥാന്‍ ഫൈനലിലേക്ക് കുതിച്ച മത്സരത്തിലും സഞ്ജുവിന്റെ ഘാതകനായത് ഹസരങ്ക തന്നെയായിരുന്നു. 21 പന്തില്‍ നിന്നും 23 റണ്‍സ് നേടി നില്‍ക്കവെയാണ് സഞ്ജു പുറത്തായത്. മത്സരത്തില്‍ ഹസരങ്ക വീഴ്ത്തിയ ഏക വിക്കറ്റും സഞ്ജുവിന്റേത് മാത്രമായിരുന്നു.

സംഭവബഹുലമായ ഐ.പി.എല്‍ 2022ന് ശേഷം പുതിയ സീസണില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടുകയാണ്. ഈ മത്സരത്തിലും സഞ്ജുവിനെ പുറത്താക്കാനൊരുങ്ങി ഹസരങ്കയും ഹസരങ്കയോട് തോല്‍ക്കാതിരിക്കാന്‍ സഞ്ജുവും ഒരുങ്ങുമ്പോള്‍ മത്സരം തീ പാറുമെന്നുറപ്പാണ്.

 

Content Highlight: Fans were waiting for the clash between Sanju Samson and Hasaranga