| Wednesday, 9th November 2022, 6:25 pm

രോഹിത്തേ കണ്ടില്ലേ... ഇതുപൊലൊന്നാണ് ഇനി ഇന്ത്യക്ക് വേണ്ടത്

സ്പോര്‍ട്സ് ഡെസ്‌ക്

മോശം ഫോമില്‍ ഉഴറി നില്‍ക്കുമ്പോഴും നിര്‍ണായക നിമിഷത്തില്‍ കത്തിക്കയറി പാക് നായകന്‍ ബാബര്‍ അസം. ന്യൂസിലാന്‍ഡിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് ബാബര്‍ തിളങ്ങിയത്.

ടൂര്‍ണമെന്റില്‍ ഉടനീളം സമ്പൂര്‍ണ പരാജയമായ ബാബര്‍ അസം ലോകകപ്പില്‍ ആദ്യമായി തിളങ്ങിയ മത്സരം കൂടിയായിരുന്നു ഇത്. ഫോം ഔട്ടിന്റെ പേരില്‍ നിരന്തര വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ബാബറിന് തന്റെ വിമര്‍ശകര്‍ക്ക് നല്‍കാനുള്ള മറുപടി കൂടായിയായിരുന്നു ഈ ഇന്നിങ്‌സ്.

ബാബറിന്റെ ഈ ലോകകപ്പിലെ ആദ്യ അര്‍ധ സെഞ്ച്വറി കൂടിയാണ് സിഡ്‌നിയില്‍ ന്യൂസിലാന്‍ഡിനെതിരെ പിറന്നത്. 42 പന്തില്‍ നിന്നും 53 റണ്‍സാണ് ബാബര്‍ നേടിയത്.

തന്റെ ആക്രമണോത്സുക ബാറ്റിങ് ശൈലി പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കിലും താരം ഫോമിലേക്കെത്തിയത് ടീമിന് ഏറ്റവും നിര്‍ണായകമായ ഘട്ടത്തിലാണ് എന്നതാണ് താരത്തിന്റെ ഇന്നിങ്‌സിന്റെ മധുരമേറ്റുന്നത്. ഏഴ് ബൗണ്ടറിയടക്കം 126.19 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം റണ്‍സ് നേടിയത്.

ബാബറിന്റെ മികച്ച ഇന്നിങ്‌സിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ഫോമിലേക്ക് മടങ്ങിയെത്തണമെന്ന ആരാധകരുടെ ആവശ്യവും ശക്തമാവുകയാണ്.

ലോകകപ്പില്‍ ഒരു അര്‍ധ സെഞ്ച്വറി നേടിയതല്ലാതെ രോഹിത്തിന് കാര്യമായി റണ്ണെടുക്കാന്‍ സാധിച്ചിരുന്നില്ല.

നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ മാത്രമാണ് രോഹിത് തിളങ്ങിയത്. അവര്‍ക്കെതിരെ സെഞ്ച്വറി നേടി ഫോമിലേക്ക് തിരിച്ചുവന്നു എന്ന് തോന്നിച്ചെങ്കിലും വീണ്ടും മോശം ഫോമിലേക്ക് വഴുതി വീഴുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ രോഹിത് ഫോമിലായാല്‍ ഇന്ത്യക്കും ആരാധകര്‍ക്കും അത് നല്‍കുന്ന ആവേശം ചില്ലറയായിരിക്കില്ല.

അതേസമയം, ആദ്യ സെമിയില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 152 റണ്‍സായിരുന്നു നേടിയത്. സൂപ്പര്‍ താരം ഡാരില്‍ മിച്ചലിന്റെ ഇന്നിങ്സായിരുന്നു ന്യൂസിലാന്‍ഡിന് തുണയായത്.

35 പന്തില്‍ നിന്നും പുറത്താവാതെ 53 റണ്‍സാണ് മിച്ചല്‍ സ്വന്തമാക്കിയത്. എന്നാല്‍ ഫോര്‍മാറ്റ് മറന്ന കളിയായിരുന്നു ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ പുറത്തെടുത്തത്. 42 പന്തില്‍ നിന്നും 46 റണ്‍സാണ് കെയ്ന്‍ വില്യംസണ്‍ നേടിയത്.

നാല് ഓവറില്‍ 24 റണ്‍സിന് രണ്ട് വിക്കറ്റ് നേടിയ ഷഹീന്‍ അഫ്രിദിയാണ് പാകിസ്ഥാനായി തിളങ്ങിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ ഓപ്പണര്‍മാരുടെ കരുത്തില്‍ അനായാസം ലക്ഷ്യം ഭേദിക്കുകയായിരുന്നു. ബാബറിനൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച സഹ ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍ 43 പന്തില്‍ നിന്നും 43 പന്തില്‍ നിന്നും 57 റണ്‍സും സ്വന്തമാക്കി. മൂന്നാമനായി കളത്തിലിറങ്ങിയ മുഹമ്മദ് ഹാരിസ് 26 പന്തില്‍ നിന്നും 30 നേടി പാക് വിജയം സുനിശ്ചിതമാക്കി.

നവംബര്‍ പത്തിനാണ് രണ്ടാം സെമി ഫൈനല്‍ മത്സരത്തിന് ഇന്ത്യയിറങ്ങുന്നത്. അഡ്‌ലെയ്ഡില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടാണ് എതിരാളികള്‍.

Content Highlight: Fans want Rohit Sharma to come back in form before Semi Final

We use cookies to give you the best possible experience. Learn more