| Tuesday, 3rd January 2023, 2:42 pm

സഞ്ജു ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ മലയാളികളേക്കാള്‍ ആഗ്രഹിക്കുന്ന മറ്റൊരാള്‍ ലങ്കന്‍ ടീമിലുണ്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കയുടെ പര്യടനത്തോടെ ഇന്ത്യ 2023 ക്യാമ്പെയ്ന്‍ ആരംഭിക്കുകയാണ്. മൂന്ന് ടി-20യും അത്രതന്നെ ഏകദിനങ്ങളും അടങ്ങിയ പരമ്പരക്കായാണ് ശ്രീലങ്ക ഇന്ത്യയിലെത്തിയിരിക്കുന്നത്. പര്യടനത്തിലെ ടി-20 പരമ്പരയാണ് ആദ്യം നടക്കുന്നത്.

മലയാളി താരവും രാജസ്ഥാന്‍ റോയല്‍സിന്റെ നായകനുമായ സഞ്ജു സാംസണും ഇന്ത്യ-ശ്രീലങ്ക പരമ്പരയുടെ ഭാഗമാകുന്നുണ്ട്. ടി-20 പരമ്പരക്കുള്ള സ്‌ക്വാഡിലാണ് സഞ്ജു ഇടം നേടിയിരിക്കുന്നത്.

സഞ്ജു ഇന്ത്യക്കായി ഇറങ്ങുമോ എന്നറിയാനാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. എന്നാല്‍ അതിനേക്കാളേറെ സഞ്ജു കളിക്കാന്‍ ആഗ്രഹിക്കുന്ന മറ്റൊരാള്‍ ലങ്കന്‍ ടീമിനൊപ്പമുണ്ട്.

സ്റ്റാര്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്കയാണ് സഞ്ജുവിനായി കാത്തിരിക്കുന്നത്. അത് സഞ്ജുവിനോടുള്ള സ്‌നേഹം കൊണ്ടല്ല, താരത്തെ പുറത്താക്കാന്‍ വേണ്ടിയാണ്.

വാനിന്ദു ഹസരങ്കയുടെ ബണ്ണിയാണ് സഞ്ജു സാംസണ്‍. ക്രിക്കറ്റില്‍ ഒരു ബാറ്ററെ ഒരേ ബൗളര്‍ തന്നെ ആവര്‍ത്തിച്ച് ഔട്ടാക്കുകയാണെങ്കില്‍ ആ ബാറ്റര്‍ ആ ബൗളറുടെ ബണ്ണി എന്നാണ് അറിയപ്പെടുക. ഐ.പി.എല്ലില്‍ സഞ്ജുവിനെ സ്ഥിരമായി പുറത്താക്കുന്ന താരമാണ് ഹസരങ്ക.

ഐ.പി.എല്ലിന്റെ കഴിഞ്ഞ സീസണിലും അതിന് മുമ്പുള്ള സീസണിലുമെല്ലാം തന്നെ സഞ്ജുവിനെ പുറത്താക്കിയത് ഹസരങ്കയുടെ സ്പിന്‍ കെണി തന്നെയായിരുന്നു. ഇരുവരുമേറ്റുമുട്ടുമ്പോള്‍ സഞ്ജു പുറത്താവരുതേ എന്നതിനേക്കാളുപരി ഹസരങ്കയുടെ കൈകൊണ്ട് പുറത്താവരുതേ എന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന.

ഹസരങ്കയെ പോലെ തന്നെ സഞ്ജുവിന്റെ പേടി സ്വപ്‌നമായിരുന്നു വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍. കഴിഞ്ഞ മാസം കൊച്ചിയില്‍ വെച്ച് നടന്ന മിനി ലേലത്തില്‍ ഹോള്‍ഡറെ ടീമിലെത്തിച്ചുകൊണ്ടായിരുന്നു രാജസ്ഥാന്‍ റോയല്‍സ് തിളങ്ങിയത്. ഇതിന് പിന്നാലെ സഞ്ജുവിനെതിരെ ട്രോളുകളും ഉയര്‍ന്നിരുന്നു.

സഞ്ജുവിനെ പലകുറി പുറത്താക്കിയ ഹോള്‍ഡറെ തന്നെ ടീമിലെത്തിച്ചതിന് പിന്നില്‍ സഞ്ജുവിന്റെ ബുദ്ധിയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളുയരുന്നത്. ഒരുപക്ഷേ ഹസരങ്ക ലേലത്തില്‍ ഉണ്ടായിരുന്നെങ്കില്‍ താരത്തെ എന്ത് വിലകൊടുത്തും രാജസ്ഥാന്‍ സ്വന്തമാക്കിയേനെ എന്നും ട്രോളുകള്‍ ഉയരുന്നുണ്ട്.

അതേസമയം, മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തിലേക്കാണ് ആരാധകര്‍ കണ്ണുനട്ടിരിക്കുന്നത്. വിജയത്തോടെ 2023 ആരംഭിക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഇന്ത്യ ടി-20 സ്‌ക്വാഡ്

ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, യൂസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്, ശിവം മാവി, മുകേഷ് കുമാര്‍.

Content Highlight: Fans waiting to see Sanju Samson vs Wanindu Hasranga faceoff in India-Sri Lanka series

Latest Stories

We use cookies to give you the best possible experience. Learn more