ശ്രീലങ്കയുടെ പര്യടനത്തോടെ ഇന്ത്യ 2023 ക്യാമ്പെയ്ന്‍ ആരംഭിക്കുകയാണ്. മൂന്ന് ടി-20യും അത്രതന്നെ ഏകദിനങ്ങളും അടങ്ങിയ പരമ്പരക്കായാണ് ശ്രീലങ്ക ഇന്ത്യയിലെത്തിയിരിക്കുന്നത്. പര്യടനത്തിലെ ടി-20 പരമ്പരയാണ് ആദ്യം നടക്കുന്നത്.
മലയാളി താരവും രാജസ്ഥാന്‍ റോയല്‍സിന്റെ നായകനുമായ സഞ്ജു സാംസണും ഇന്ത്യ-ശ്രീലങ്ക പരമ്പരയുടെ ഭാഗമാകുന്നുണ്ട്. ടി-20 പരമ്പരക്കുള്ള സ്‌ക്വാഡിലാണ് സഞ്ജു ഇടം നേടിയിരിക്കുന്നത്.
വാനിന്ദു ഹസരങ്കയുടെ ബണ്ണിയാണ് സഞ്ജു സാംസണ്‍. ക്രിക്കറ്റില്‍ ഒരു ബാറ്ററെ ഒരേ ബൗളര്‍ തന്നെ ആവര്‍ത്തിച്ച് ഔട്ടാക്കുകയാണെങ്കില്‍ ആ ബാറ്റര്‍ ആ ബൗളറുടെ ബണ്ണി എന്നാണ് അറിയപ്പെടുക. ഐ.പി.എല്ലില്‍ സഞ്ജുവിനെ സ്ഥിരമായി പുറത്താക്കുന്ന താരമാണ് ഹസരങ്ക.
ഐ.പി.എല്ലിന്റെ കഴിഞ്ഞ സീസണിലും അതിന് മുമ്പുള്ള സീസണിലുമെല്ലാം തന്നെ സഞ്ജുവിനെ പുറത്താക്കിയത് ഹസരങ്കയുടെ സ്പിന്‍ കെണി തന്നെയായിരുന്നു. ഇരുവരുമേറ്റുമുട്ടുമ്പോള്‍ സഞ്ജു പുറത്താവരുതേ എന്നതിനേക്കാളുപരി ഹസരങ്കയുടെ കൈകൊണ്ട് പുറത്താവരുതേ എന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന.
ഹസരങ്കയെ പോലെ തന്നെ സഞ്ജുവിന്റെ പേടി സ്വപ്‌നമായിരുന്നു വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍. കഴിഞ്ഞ മാസം കൊച്ചിയില്‍ വെച്ച് നടന്ന മിനി ലേലത്തില്‍ ഹോള്‍ഡറെ ടീമിലെത്തിച്ചുകൊണ്ടായിരുന്നു രാജസ്ഥാന്‍ റോയല്‍സ് തിളങ്ങിയത്. ഇതിന് പിന്നാലെ സഞ്ജുവിനെതിരെ ട്രോളുകളും ഉയര്‍ന്നിരുന്നു.
സഞ്ജുവിനെ പലകുറി പുറത്താക്കിയ ഹോള്‍ഡറെ തന്നെ ടീമിലെത്തിച്ചതിന് പിന്നില്‍ സഞ്ജുവിന്റെ ബുദ്ധിയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളുയരുന്നത്. ഒരുപക്ഷേ ഹസരങ്ക ലേലത്തില്‍ ഉണ്ടായിരുന്നെങ്കില്‍ താരത്തെ എന്ത് വിലകൊടുത്തും രാജസ്ഥാന്‍ സ്വന്തമാക്കിയേനെ എന്നും ട്രോളുകള്‍ ഉയരുന്നുണ്ട്.
അതേസമയം, മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തിലേക്കാണ് ആരാധകര്‍ കണ്ണുനട്ടിരിക്കുന്നത്. വിജയത്തോടെ 2023 ആരംഭിക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.